അഭയക്കേസും വീഡിയോ ടേപ്പ് ‘കട്ടിംഗും’
കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ മലയാളപത്രങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന ഒരു വാര്‍ത്തയായിരുന്നു അഭയക്കേസില്‍ പ്രതികളെന്നു സംശയിക്കുന്നവരെ നാര്‍ക്കോ പരിശോധനയ്ക്കു വിധേയരാക്കിയതിന്റെ തെളിവായി കോടതിയില്‍ ഹാജരാക്കിയ വീഡിയോ ടേപ്പില്‍ (അതോ സി.ഡി യോ) യില്‍ വളരെയധികം എഡിറ്റിംഗ് നടത്തിയിരുന്നതായി ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധനയില്‍ തെളിഞ്ഞു എന്നത്. ചില പ്രമുഖ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെ റിപ്പോര്‍ട്ടിംഗ് വായിച്ചപ്പോള്‍ ഒറിജിനല്‍ വീഡിയോടേപ്പില്‍ പലസ്ഥലങ്ങളിലും ‘മുറിക്കലും’ ‘ഒട്ടിക്കലും’ നടന്നു എന്നമട്ടിലായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുവായിച്ച സാമാന്യ ജനങ്ങളില്‍ പലരും, പണ്ട് സിനിമാ തിയേറ്ററുകളില്‍ കണ്ടിട്ടുള്ളതുപോലെ ഫിലിമിന്റെ കഷണങ്ങള്‍ മുറിക്കുകയും ഒട്ടിച്ചു ചേര്‍ക്കുകയും ചെയ്യുന്ന രീതിയില്‍ ഈ ടേപ്പുകളും മുറിക്കുകയും ഒട്ടിക്കുകയും ചെയ്ത ശേഷം മറ്റൊരു കോപ്പി എടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു എന്ന രീതിയില്‍ വാര്‍ത്ത മനസ്സിലാക്കുകയും ചെയ്തു.
ഈ പത്രവാര്‍ത്ത എഴുതിയ പത്രലേഖകരില്‍ പലര്‍ക്കും ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗ് എപ്രകാരമാണ് ചെയ്യുന്നതെന്നും, അതില്‍ നിന്ന് ഒരു ഡി.വി.ഡി ഉണ്ടാക്കുന്നതെങ്ങനെയെന്നും അറിയാമോ എന്ന് ആ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ എനിക്ക് സംശയം തോന്നി. ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗ് എങ്ങനെയാണു ചെയ്യുന്നതെന്ന് ചുരുക്കമായി വിവരിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഇത്രയും ആമുഖമായി അവതരിപ്പിച്ചതൊഴികെ അഭയക്കേസുമായി ഈ ലേഖനത്തിനു മറ്റു ബന്ധമൊന്നുമില്ല.
വീഡിയോ ടേപ്പുകളുടെ ചരിത്രം:
ഫിലിമുകളില്‍ ചലച്ചിത്രങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്ന വിദ്യ ശാസ്ത്രലോകത്തിനു കരഗതമായത് 1940 കളില്‍ ആയിരുന്നുവെങ്കിലും വീഡിയോ ടേപ്പുകളില്‍ ചിത്രസിഗ്നലുകളെ ആലേഖനം ചെയ്യുന്ന ടെക്നോളജി 1956 വരെ ലഭ്യമായിരുന്നില്ല. 1956 ല്‍ യു.എസ്.എ യിലെ ആംപെക്സ് പുറത്തിറക്കിയ Quadruplex വീഡിയോ റിക്കോര്‍ഡര്‍ ആണ് ലോകത്തിലെ ആദ്യത്തെ പ്രൊഫഷനല്‍ വീഡിയോ റിക്കോര്‍ഡിംഗ് / പ്ലേ ബാക്ക് ഉപകരണം. അഞ്ചു സെന്റീമീറ്റര്‍ വീതിയുണ്ടായിരുന്ന ആദ്യ വീഡിയോടേപ്പ്, സിനിമാ ഫിലിം റീലുപോലെ ഒരു റീലില്‍ ചുറ്റിവച്ച് അതിന്റെ പ്ലേയര്‍ വഴി പ്ലേബായ്ക്ക് ചെയ്യുന്ന രീതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. 1958 ല്‍ ക്വാഡ് ഇതേ ടെക്നോളജിയില്‍ കളര്‍ വീഡിയോ റിക്കോര്‍ഡിംഗിനുള്ള സംവിധാനം കൊണ്ടുവന്നു. തുടര്‍ന്ന് ഇരുപതുകൊല്ലത്തോളം ക്വാഡ് ബ്രോഡ്‌കാസ്റ്റിംഗ് രംഗത്തെ റിക്കോര്‍ഡിംഗ് സ്റ്റാന്‍ഡേര്‍ഡായി തുടര്‍ന്നു. ഈ ടെക്നോളജിക്ക് പലവിധ പോരായ്മകള്‍ ഉണ്ടായിരുന്നു. ഈ രീതിയില്‍ ചിത്രങ്ങളെ സ്റ്റില്‍ ആയി നിര്‍ത്തുനോ,ഫ്രെയിമുകള്‍ സേര്‍ച്ച് ചെയ്യുവാനോ സാധിക്കുമായിരുന്നില്ല. ഒരിക്കല്‍ റിക്കോര്‍ഡ് ചെയ്ത വീഡിയോടേപ്പ്, അതേ മെഷീനില്‍, അതേ ഹെഡുകള്‍ ഉപയോഗിച്ചു പ്ലേ ബായ്ക്ക് ചെയ്യുമ്പോള്‍ മാത്രമേ ഏറ്റവും നല്ല ചിത്രങ്ങള്‍ ലഭിച്ചിരുന്നുള്ളൂ. വീഡിയോ ടേപ്പിന്റെ വളരെ ഉയര്‍ന്ന വിലയായിരുന്നു മറ്റൊരു പ്രധാന പോരായ്മ. അതിനാല്‍ തന്നെ,ദൌര്‍ഭാഗ്യവശാല്‍, പല ബ്രോഡ് കാസ്റ്റിംഗ് കമ്പനികളും ഒരിക്കല്‍ റിക്കോര്‍ഡ് ചെയ്ത പ്രോഗ്രാമുകള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനു പകരം, ഒരിക്കല്‍ റിക്കോര്‍ഡ് ചെയ്ത ടേപ്പുകള്‍ വീണ്ടും വീണ്ടും റിക്കോര്‍ഡിനായി ഉപയോഗിച്ചുവന്നു. അതിനാല്‍ അന്നത്തെ കാലത്തെ പല വിഡിയോ റിക്കോര്‍ഡിംഗുകളും ഇന്ന് ലഭ്യമല്ല.
1976 ആയപ്പോഴേക്കും ഒരിഞ്ച് വിതിയുള്ള 1" ടൈപ് സി (Type C) വീഡിയോ ടേപ്പുകള്‍ നിലവില്‍ വന്നു. ഇവയും റീലില്‍ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്. ഫ്രെയിം സേര്‍ച്ച്, സ്റ്റില്‍ പിക്ചര്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ ടേപ്പുകളില്‍ സാധ്യമായിരുന്നു. അതുപോലെ ഇവയുടെ പ്ലേബായ്ക്ക് മെഷീനുകളുടെ മെയിന്റനന്‍സ് ക്വാഡിനോളം ചെലവേറിയതുമായിരുന്നില്ല.
1969 ല്‍ സോണി യാണ് ആദ്യമായി കാസെറ്റ് രൂപത്തില്‍ വീഡിയോ ടേപ്പുകള്‍ പുറത്തിറക്കിയത്. മുക്കാല്‍ ഇഞ്ച് വീതിയുണ്ടായിരുന്ന അവ Composite U-matic tape എന്നറിയപ്പെട്ടു. 1982 ല്‍ സോണി ഇതിന്റെ പരിഷ്കരിച്ച പുതിയ പതിപ്പായ Component video betacam family ല്‍ പെട്ട 1/2 ഇഞ്ച് വീതിയിലുള്ള വീഡിയോ ടേപ്പുകള്‍ മാര്‍ക്കറ്റില്‍ എത്തിച്ചു. ഇന്നും പ്രൊഫഷനല്‍ ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് ഈ ടേപ്പുകളും അവ ഉപയോഗിക്കുന്ന ക്യാമറകളും സജീവമാണ്.
ഹോം വീഡിയോ:
1975 ല്‍ സോണി തങ്ങളുടെ ബീറ്റാമാക്സ് ടെക്നോളജിയും, ജെ.വി.സി തങ്ങളുടെ VHS ടെക്നോളജിയും മാര്‍ക്കറ്റില്‍ എത്തിച്ചു. അതോടെ വീഡിയോ കാസറ്റ് ഫോര്‍മാറ്റ് രംഗത്ത് ഈ കമ്പനികള്‍ തമ്മില്‍ ഒരു ശീതയുദ്ധംതന്നെ ആരംഭിച്ചു. ഒപ്പം പാനാസോണിക് കമ്പനിയും. ഈ യുദ്ധത്തില്‍ പക്ഷേ വിജയിച്ചത് ജെ.വി.സിയുടെ Video Home System അഥവാ VHS എന്നറിയപ്പെട്ട ടെക്നോളജി ആയിരുന്നു. ഇതിന്റെ വരവോടെ സിനിമ, ടി വി പ്രോഗ്രാമുകള്‍ എന്നിവ യഥേഷ്ടം റിക്കോര്‍ഡ് ചെയ്യുവാനും ഇതു പ്ലേ ബായ്ക്ക് ചെയ്യുവാനുള്ള Video Cassette Player / Recorder (VCP / VCR) സര്‍വ്വ സാധാരണ തീരുകയും ചെയ്തു. ആളുകള്‍ സിനിമാ തിയേറ്ററുകളില്‍ പോകുന്നതു വല്ലപ്പോഴുമായി! ഇതോടൊപ്പം തന്നെ വീഡിയോ റിക്കോര്‍ഡിംഗ് ചെയ്യുവാനുള്ള ക്യാമറകളും കണ്‍സ്യൂമര്‍ മോഡലുകളായി അവതരിച്ചു.എന്നാല്‍ ബീറ്റാമാക്സിന്റെയും, വി.എച്.എസിന്റെയും ഫുള്‍ സൈസ് വീഡിയോ കാസറ്റുകളായിരുന്നു അവയില്‍ ഉപയോഗിച്ചിരുന്നത്.
1980 കളായപ്പോഴേക്കും, അന്ന് അപൂര്‍വ്വമായിരുന്ന ഹോം വീഡിയോ ക്യാമറ എന്ന സങ്കല്‍പ്പം പതിയെപ്പതിയെ വലിപ്പം കുറഞ്ഞ് ജനങ്ങളുടെ കൈയ്യിലേക്കെത്തുവാന്‍ തുടങ്ങി. ക്യാമറകളുടെ വലിപ്പം കുറയ്ക്കുവാനുള്ള നിര്‍മ്മാതാക്കളുടെ പരിശ്രമങ്ങള്‍ കുറഞ്ഞ വലിപ്പത്തിലുള്ള വിഡിയോ ടേപ്പുകളുടെ നിര്‍മാണത്തിനു വഴിവച്ചു. ആദ്യകാല ജെ.വി.സി പാംകോഡറുകളില്‍ ഉപയോഗിച്ചിരുന്നത് VHS ന്റെ ചെറിയ രൂപത്തിലുള്ള (VHS C Tapes) ടേപ്പുകള്‍ ആയിരുന്നു. അവയുടെ അഡാപ്റ്ററുകള്‍ ഉപയോഗിച്ച് വി.സി.ആറുകളില്‍ പ്ലേബായ്ക്ക് ചെയ്യുന്ന രീതിയായിരുന്നു അവര്‍ കൊണ്ടുവന്നത്.
ഡിജിറ്റല്‍ യുഗം:
1990 കളുടെ ആരംഭമായപ്പോഴേക്കും വീഡിയോ റിക്കോര്‍ഡിംഗില്‍ ഒരു വന്‍ കുതിച്ചുചാട്ടം തന്നെ സമ്മാനിച്ചുകൊണ്ട് ഡിജിറ്റല്‍ വീഡിയോ റിക്കോര്‍ഡിംഗ് നിലവിലെത്തി. അന്നുവരെ ടേപ്പുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന സിഗ്നലുകള്‍ അനലോഗ് രൂപത്തിലുള്ളതായിരുന്നു. അതിനാല്‍ത്തന്നെ കോപ്പി ചെയ്യുമ്പോള്‍ അവയുടെ ക്വാളിറ്റി നഷ്ടപ്പെടുമായിരുന്നു. ഡിജിറ്റല്‍ വിപ്ലവം വന്നതോടുകൂടീ ഈ പോരായ്മകള്‍ പരിഹരിക്കപ്പെട്ടു. കാസറ്റുകളുടെ വലിപ്പം കുറയ്ക്കുന്നതിലുള്ള അന്വേഷണങ്ങള്‍ വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. സോണി അവരുടെ D-2, D-3 തുടങ്ങിയ
വിവിധ DV കാസറ്റുകള്‍: Left to right: DVCAM-L, DVCPRO-M, DVC/MiniDV
കടപ്പാട് : വിക്കിപീഡിയ
സീരീസുകളിലുള്ള ഡിജിറ്റല്‍ വീഡിയോ കാസറ്റുകള്‍ മാര്‍ക്കറ്റില്‍ എത്തിച്ചു. 1996 ആയപ്പോഴേക്ക് വളരെ ചെറിയ വീഡിയോ ക്യാമറകളും അവയ്ക്ക് അനുയോജ്യമായ MiniDV ടേപ്പുകളും നിലവില്‍ വന്നു. ഇന്നും ഏറ്റവും ഹൈ ക്വാളിറ്റി വീഡിയോ റിക്കോര്‍ഡിംഗ് മിനി ഡി. വി ടേപ്പുകളില്‍ നിന്നാണ് ലഭിക്കുന്നത്. പ്രൊഫ്രഷനല്‍ ഉപയോഗങ്ങള്‍ക്കായി ഇതിന്റെ തന്നെ വലിയ രൂപമായ Full size DV cassette ഉപയോഗിക്കുന്നു.
അതിനുശേഷം ഹൈഡെഫനിഷന്‍ വീഡിയോ (HDTV) യുഗം വന്നു. സോണിയുടെ HDCam ഫോര്‍മാറ്റുകളും Panasonic DVCPRO HD ഫോര്‍മാറ്റുകളും ഈ രൂപത്തിലുള്ള ഹൈ റെസലൂഷന്‍ വീഡിയോചിത്രങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന ഫോര്‍മാറ്റുകളാണ്. കാസറ്റുകള്‍ക്കു പകരം, ക്യാമറകളില്‍ തന്നെയുള്ള ഹാര്‍ഡ് ഡിസ്കുകളില്‍ ഡിജിറ്റല്‍ ഡേറ്റ ആലേഖനം ചെയ്യുന്ന രീതിയിലുള്ള ക്യാമറകളും ഇന്ന് സര്‍വ്വ സാധാരണമാണല്ലോ.
വീഡിയോ ഫോര്‍മാറ്റുകള്‍:
പലര്‍ക്കും വളരെ തെറ്റിദ്ധാരണയുള്ള ഒരു മേഖലയാണ് വീഡിയോ ഫോര്‍മാറ്റുകള്‍. ടേപ്പുകളില്‍ റിക്കോര്‍ഡ് ചെയ്യുന്ന രീതി ‘പഴഞ്ചനാണെന്നും’ ഡിവിഡി, മറ്റു ഡിസ്കുകള്‍ തുടങ്ങിയ മീഡിയങ്ങളാണ് ഹൈ റെസലൂഷന്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യുന്നതെന്നുമാണ് ആ തെറ്റിദ്ധാരണ. ഇതു ശരിയല്ല. എഡിറ്റിംഗ് സാധ്യമായ രീതിയില്‍ ഹൈ റെസലൂഷന്‍ ഡിജിറ്റല്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യുവാന്‍ സാധിക്കുന്ന മീഡിയം ഇപ്പോഴും ടേപ്പുകളാണ്.
ഫോർമാറ്റുകൾ എന്താണെന്ന് ലളിതമായി പറയാം. ഡിജിറ്റല്‍ ഡേറ്റ സ്റ്റോര്‍ ചെയ്യുന്നതിന് കുറേ ‘സ്ഥലം’ വേണം എന്നറിയാമല്ലോ. ഉദാഹരണത്തിന് ഒരു ഓഡിയോ സി.ഡിയിലെ ഒരു ഗാനം ഏകദേശം 50 മുതല്‍ 70 വരെ മെഗാബൈറ്റ് സൈസ് ഉള്ളതാണ്. ഇതേ ഗാനത്തെ MP3 ഫോര്‍മാറ്റിലേക്ക് മാറ്റുമ്പോള്‍ അതിലെ ഡേറ്റ Compress ചെയ്യപ്പെടുന്നു. അതായത് അത്ര പ്രാധാന്യമില്ലാത്ത കുറേ ഡേറ്റകള്‍ ഒഴിവാക്കിക്കൊണ്ട് (യഥാര്‍ത്ഥത്തില്‍ ക്വാളിറ്റിയില്‍ അല്പം കുറവു വരുത്തിക്കൊണ്ട്) കുറച്ചുകൂടീ ഒതുങ്ങിയ ഒരു സ്ഥലത്ത് ഇരിക്കത്തക്കവിധം ആ ഡേറ്റയെ മാറ്റിയെടുക്കുന്നു. അതുകൊണ്ടാണ് Mp3 format ല്‍ ഉള്ള ഒരു ഗാനം രണ്ടോ മൂന്നോ മെഗാബൈറ്റില്‍ ഒതുക്കി നിര്‍ത്തുവാന്‍ സാധിക്കുന്നത്.
ഇതുപോലെ ഡിജിറ്റല്‍ വീഡിയോ ഡേറ്റയേയും നമുക്ക് സൌകര്യാര്‍ത്ഥം വിവിധ എൻകോഡിംഗ് ഫോര്‍മാറ്റുകളിലേക്ക് മാറ്റുവാൻ സാധിക്കും. ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് പ്ലേ ബായ്ക്ക് ചെയ്യപ്പെടുന്ന ഒരു സിനിമ അതേ ഫോര്‍മാറ്റില്‍ ഇന്റര്‍നെറ്റ് വഴി ടെലിക്കാസ്റ്റ് ചെയ്യുവാന്‍ ഒരുങ്ങിയാല്‍ എത്ര ബുദ്ധിമുട്ടായിരിക്കും എന്നാലോചിച്ചു നോക്കൂ. അതുപോലെ ഒരു മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്യുന്ന വീഡിയോ അതിലും ചെറിയ ഫോര്‍മാറ്റില്‍ ഉള്ളതാവണം. പ്രധാനമായും രണ്ടുവിധത്തിലുള്ള ഫോർമാറ്റുകൾ ഉണ്ട്. അവ ഏതൊക്കെ എന്ന് ഇനി പറയുന്നു.
1. എൻകോഡിംഗ് ഫോർമാറ്റുകൾ:
ആദ്യത്തേത് വീഡിയോ എൻകോഡിംഗ് ഫോർമാറ്റുകളാണ് (Video encoding formats) . ഉദാഹരണങ്ങൾ:
- Uncompressed (Raw)
- Intel Indeo
- Microsoft Video
- Radius Cinepack
- Quicktime
- MJPEG
- MPEG2
- MPEG 4
- DIVX
ഒരു ചലച്ചിത്രം എന്നത് അനേകം നിശ്ചലചിത്രങ്ങളുടെ ശ്രേണി ആണെന്നറിയാമല്ലോ. ഉദാഹരണത്തിന് നമ്മുടെ കണ്ണിനുമുമ്പിൽ കൂടി ഒരു സെക്കന്റിൽ 25 ചിത്രങ്ങളോളം (ഫ്രെയിമുകൾ) എന്ന കണക്കിൽ, ഒരു ചലിക്കുന്ന വസ്തുവിന്റെ ചിത്രം എടുത്തത് ഒരു ശ്രേണിയായി കടത്തിവിടുകയാണെങ്കിൽ, ഇപ്പോൾ കാണുന്ന ചിത്രവും ഒരു ചലിക്കുന്ന തുടർച്ചിത്രമായിട്ടാവും നമുക്ക് തോന്നുക. ഇതാണ് മൂവി ഫിലിം, വീഡിയോ രംഗങ്ങളിലെല്ലാം ഉപയോഗിക്കുന്ന അടിസ്ഥാന പ്രമാണം.
നൂറുകണക്കിനു വീഡിയോ ഫ്രെയിമുകൾ ചേർന്നതാണ് ഓരോ വീഡിയോ ചിത്രവും. ഓരോ വീഡിയോ ഫ്രെയിമും ആ ഫയലിനുള്ളിൽ എങ്ങനെ, ഏതുവലിപ്പത്തിൽ, എത്ര മാത്രം ഏതു രീതിയിൽ കമ്പ്രസ്സ് ചെയ്ത്, ശേഖരിച്ചിരിക്കുന്നു എന്നു് നിശ്ചയിക്കുന്നത് അതിന്റെ കോഡിങ്ങ്/ഡീകോഡിങ്ങ് രീതിയാണു്. ഉദാഹരണത്തിനു് RAW വീഡിയോ ഫോർമാറ്റിൽ ഓരോ ഫ്രെയിമും ഓരോ BMP ചിത്രമായി ഒരു സെക്കൻഡിനു് 25 ചിത്രം വെച്ച് ശേഖരിക്കുന്നു. ഇതു് ഭീമമായ ഒരു ഫയലിനു വഴിവെയ്ക്കും. MJPEG എന്ന രീതിയിൽ ഓരോ ചിത്രവും BMP എന്നതിനുപകരം JPEG ആയി കമ്പ്രെസ്സ് ചെയ്യുന്നു. നേരത്തെ ഉണ്ടായിരുന്ന ഫയൽ ഇതുമൂലം (സെറ്റു ചെയ്തുവെച്ചിരിക്കുന്ന കംപ്രഷൻ/ക്വാളിറ്റി അനുസരിച്ച്) 50% മുതൽ 20% വരെയാക്കി കുറയ്ക്കാൻ പറ്റും. MPEG Layer 4 (MP4) എന്ന രീതി അനുസരിച്ചാണെങ്കിൽ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഫ്രെയിമുകൾക്കു പകരം പരസ്പരബന്ധമുള്ള ഒരു കൂട്ടം ഫ്രെയിമുകൾക്കു് പൊതുവായുള്ള വിവരങ്ങൾ (ഉദാഹരണത്തിനു് നടന്നുപോകുന്ന ഒരാൾക്കു പിന്നിൽ ഏറേക്കുറേ നിഴ്ചലമായി നിൽക്കുന്ന അകലെയുള്ള ഒരു പർവ്വതനിര) ഒരുമിച്ച് ചുരുക്കി ശേഖരിച്ചുവെയ്ക്കുന്നു. അത്യന്തം ബുദ്ധിപൂർവ്വമായ കമ്പ്യൂട്ടർ അൽഗോരിതമുകൾ ഉപയോഗിച്ച് ഇങ്ങനെ കമ്പ്രസ്സ് ചെയ്യുമ്പോൾ വീഡിയോവിന്റെ ഗുണം ഗണ്യമായി കുറയാതെ തന്നെ ഫയൽ വലിപ്പം വളരെ ചെറുതാക്കാൻ കഴിയും.
2. കണ്ടൈനർ ഫോർമാറ്റുകൾ:
മുകളിൽ പറഞ്ഞ രീതിയിൽ എൻകോഡ് ചെയ്ത വീഡിയോ ചിത്രങ്ങളുടെ ഡേറ്റയെ ഒന്നായി സൂക്ഷിക്കുവാനായി Container or Wrapper file ഫോർമാറ്റുകൾ എന്ന രണ്ടാമതൊരു വിഭാഗം ഫയൽ ഫോർമാറ്റുകൾ ഉണ്ട്. ഉദാഹരണങ്ങൾ:
- AVI
- DAT
- RM
- FLA
- SWF
ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗ്:
അനലോഗ് സിഗ്നലുകളെ അപേക്ഷിച്ച് ഡിജിറ്റല്‍ ഡേറ്റയ്ക്കുള്ള ഏറ്റവും വലിയ പ്രത്യേകത, അവയെ ‘കമ്പ്യൂട്ടര്‍ ഭാഷയിലുള്ള’ ഗണിത സംഖ്യകളായി കൈകാര്യം ചെയ്യുന്നു എന്നതാണല്ലോ. അതുകൊണ്ടു തന്നെ കോപ്പി, പേസ്റ്റ്, ഡിലീറ്റ്, ഇന്‍സേര്‍ട്ട് തുടങ്ങിയ അടിസ്ഥാന എഡിറ്റിംഗ് ടൂളുകളെല്ലാം ഈ ഡേറ്റയ്ക്കും ബാധകമാണ്. അതുകൊണ്ടുതന്നെ അവയുടെ എഡിറ്റിംഗ് വളരെ എളുപ്പത്തില്‍ ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ് (ടേപ്പ് മുറിച്ചല്ല!). നാം ഇന്നുകാണുന്ന വീഡിയോ ചിത്രങ്ങളില്‍ കാണുന്ന എല്ലാ ഡിജിറ്റല്‍ എഫക്റ്റുകളും, ചിത്രസംയോജനവും ഇപ്രകാരം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്. ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗിനായി വിവിധ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ്. അതിലൊന്നാണ് അഡോബിന്റെ അഡോബ് പ്രീമിയര്‍ എന്ന സോഫ്റ്റ്‌വെയര്‍. അതിന്റെ യൂസര്‍ ഇന്റര്‍ഫേസ് ഇവിടെ ഒന്നു കാണിക്കാം.

ഈ ചിത്രത്തില്‍ കാണുന്ന വീഡിയോ എഡിറ്റിംഗ് പ്രോജക്റ്റില്‍ MiniDV ടേപ്പില്‍ റിക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ ചിത്രത്തെ എഡിറ്റ് ചെയ്യുന്നതെങ്ങനെ എന്നാണു കാണിച്ചിരിക്കുന്നത്. എഡിറ്റിംഗിന്റെ ആദ്യപടി ടേപ്പില്‍ രേഖപ്പെടുത്തപ്പെട്ട ഡിജിറ്റല്‍ വീഡിയോ ഡേറ്റയെ കമ്പ്യൂട്ടറിലേക്ക് Capture ചെയ്യുക എന്നതാണ്. ഇതിനായി USB കേബിളുകളോ, ഫയര്‍വയര്‍ കേബിളുകളോ ഉപയോഗിക്കാം. ക്യാപ്ച്ചര്‍ ചെയ്യുക എന്നാല്‍ കമ്പ്യൂട്ടറില്‍ എഡിറ്റു ചെയ്യാവുന്ന ഒരു ഫോര്‍മാറ്റിലേക്ക് വീഡിയോ ചിത്രത്തെ മാറ്റി ഹാര്‍ഡ് ഡിസ്കിലേക്ക് കോപ്പി ചെയ്യുക എന്നര്‍ത്ഥം. ഇവിടെ avi ഫോര്‍മാറ്റിലേക്കാണ് ഡിജിറ്റല്‍ വീഡിയോ മാറ്റിയിരിക്കുന്നത്. 60 മിനിറ്റ് നീളുന്ന ഒരു MinDV ടേപ്പ് പൂര്‍ണ്ണമായും ക്യാപചര്‍ ചെയ്തുകഴിയുമ്പോള്‍ ഏകദേശം 300 മെഗാബൈറ്റോളം ഉണ്ടാവും. ആ ഡേറ്റയെ, അഡോബ് പ്രീമിയര്‍ സോഫ്റ്റ്‌വെയറിലേക്ക് തുറന്നു വച്ചിരിക്കുന്നു. തുറക്കുമ്പോള്‍ തന്നെ ടേപ്പിലുണ്ടായിരിന്ന വീഡിയോ ഡേറ്റയും (ചിത്രം), ഓഡിയോ ഡേറ്റയും (ശബ്ദം) രണ്ടു വ്യത്യസ്ത ട്രാക്കുകളായി വേര്‍പിരിഞ്ഞാണ് ഈ സോഫ്റ്റ്‌വെയര്‍ ഇന്റര്‍ഫെയ്സില്‍ എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ ചുവപ്പ്, പച്ച നിറങ്ങളിലായി രണ്ടു ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിക്കൂ. ഇതാണ് വീഡിയോ, ഓഡിയോ ഡേറ്റകള്‍. ചുവപ്പ് വീഡിയോ ഡേറ്റയും, പച്ച ഓഡിയോ ഡേറ്റയുമാണ്. ഇവയുടെ ഇടതുവശത്തുകാണുന്നതുപോലെ Video 1, Video 2, Video 3 എന്നിങ്ങനെ വീഡിയോ ട്രാക്കുകളും Audio 1, Audio 2, Audio 3 ഓഡിയോ ട്രാക്കുകളും ഒന്നിനു മീതേ ഒന്നായി ‘പാളികളായി’ (layer) ചേര്‍ക്കാവുന്നതാണ്. ഈ രണ്ടുവിധത്തിലുള്ള ട്രാക്കുകളുടെയും പ്രധാനപ്പെട്ട ഒരു ഭാഗമാണ് അവയുടെ ടൈം ലൈന്‍. ഒരു സെക്കന്റിന്റെ നൂറിലൊന്ന് അംശംവരെ കൃത്യമായി, ഇവയില്‍ രേഖപ്പെടുത്തപ്പെട്ട ഡേറ്റയെ സമയവുമായി ബന്ധിപ്പിച്ചിരിക്കുന്നു. സെക്കന്റിന്റെ ഒരംശംവരെ കിറുകൃത്യമായി ഡേറ്റകള്‍ എഡിറ്റു ചെയ്യുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഗുണം.
ഇപ്രകാരം ഡേറ്റകളെ ട്രാക്കുകളായി ചേര്‍ത്തതിനു ശേഷം ഏതു ട്രാക്കില്‍ നിന്നും നമുക്ക് വേണ്ടാത്ത ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്തിട്ട് ഡിലീറ്റ് ചെയ്യുവാനും മറ്റൊരു ട്രാക്കില്‍ നിന്നുള്ള ഭാഗങ്ങള്‍ ഒരു ഡേറ്റയ്ക്കിടയിലേക്ക് തിരുകുവാനും സാധിക്കും. ചിത്രത്തില്‍ വീഡിയോ ഡേറ്റയുടെ ഒരു ഭാഗം മുറിച്ചു മാറ്റിയിരിക്കുന്നതു ശ്രദ്ധിക്കൂ. അതിനു പകരമായി മറ്റൊരു കഷണം അതിന്റെ തൊട്ടുമുകളിലെ വീഡിയോ ട്രാക്കില്‍ വച്ചിട്ടുമുണ്ട്. അതുപോലെ വ്യത്യസ്തങ്ങളായ ട്രാന്‍സിഷന്‍ ഇഫക്റ്റുകള്‍, ഓഡിയോ ട്രാക്ക് മാറ്റിക്കൊണ്ട് മറ്റൊരു മ്യൂസി ട്രാക്ക് അവിടെ ഇടുവാനും ഒക്കെ വളരെ അനായാസം സാധിക്കുന്നതാണ്.
ഇങ്ങനെ ഒരു വീഡിയോ ചിത്രത്തിന്റെ പൂര്‍ണ്ണമായ എഡിറ്റിംഗ് കഴിഞ്ഞതിനുശേഷം, ലെയറുകളെ എല്ലാം കൂടി സംയോജിപ്പിച്ചുകൊണ്ട് ഒരൊറ്റ വീഡിയോ ഫയലാക്കി മാറ്റുന്നു. ഇതിനു റെന്ററിംഗ് എന്നാണ് പറയുന്നത്. കമ്പ്യൂട്ടറിന്റെ വേഗതയനുസരിച്ച് കുറച്ച് സമയം എടുക്കുന്ന ഒരു പ്രോസസിംഗ് ആണിത്. അപ്രകാരം റെന്റര്‍ ചെയ്തുകിട്ടിയ പുതിയ ഫയല്‍ നമുക്ക് മറ്റൊരു ടേപ്പിലേക്കോ, ഡിവിഡീ ഫോര്‍മാറ്റി മാറ്റിക്കൊണ്ട് ഡിസ്കിലേക്കോ മാറ്റാവുന്നതാണ്. ഡി.വി.ഡി ഫോര്‍മാറ്റ് avi ഫോര്‍മാറ്റിനെ അപേക്ഷിച്ച് കുറേക്കൂടി കമ്പ്രസ് ചെയ്ത ഫോര്‍മാറ്റ് ആണ്. ഇപ്രകാരം എഡിറ്റ് ചെയ്തെടുക്കുന്ന ചിത്രങ്ങളാണ് നാം ഇന്നു കാണുന്ന വീഡിയോ പ്രോഗ്രാമുകളെല്ലാം തന്നെ. ടേപ്പുകള്‍ മുറിച്ച് ഒട്ടിച്ചു ചേര്‍ത്തല്ല ഡിജിറ്റല്‍ ടേപ്പുകള്‍ എഡിറ്റ് ചെയ്യുന്നതെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.
വീഡിയോ ടേപ്പുകള്‍ : വിക്കിപീഡിയ പേജ്