Saturday, June 27, 2009

അഭയക്കേസും വീഡിയോ ടേപ്പ് ‘കട്ടിംഗും’

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ മലയാളപത്രങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന ഒരു വാര്‍ത്തയായിരുന്നു അഭയക്കേസില്‍ പ്രതികളെന്നു സംശയിക്കുന്നവരെ നാര്‍ക്കോ പരിശോധനയ്ക്കു വിധേയരാക്കിയതിന്റെ തെളിവായി കോടതിയില്‍ ഹാജരാക്കിയ വീഡിയോ ടേപ്പില്‍ (അതോ സി.ഡി യോ) യില്‍ വളരെയധികം എഡിറ്റിംഗ് നടത്തിയിരുന്നതായി ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധനയില്‍ തെളിഞ്ഞു എന്നത്. ചില പ്രമുഖ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെ റിപ്പോര്‍ട്ടിംഗ് വായിച്ചപ്പോള്‍ ഒറിജിനല്‍ വീഡിയോടേപ്പില്‍ പലസ്ഥലങ്ങളിലും ‘മുറിക്കലും’ ‘ഒട്ടിക്കലും’ നടന്നു എന്നമട്ടിലായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുവായിച്ച സാമാന്യ ജനങ്ങളില്‍ പലരും, പണ്ട് സിനിമാ തിയേറ്ററുകളില്‍ കണ്ടിട്ടുള്ളതുപോലെ ഫിലിമിന്റെ കഷണങ്ങള്‍ മുറിക്കുകയും ഒട്ടിച്ചു ചേര്‍ക്കുകയും ചെയ്യുന്ന രീതിയില്‍ ഈ ടേപ്പുകളും മുറിക്കുകയും ഒട്ടിക്കുകയും ചെയ്ത ശേഷം മറ്റൊരു കോപ്പി എടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു എന്ന രീതിയില്‍ വാര്‍ത്ത മനസ്സിലാക്കുകയും ചെയ്തു.

ഈ പത്രവാര്‍ത്ത എഴുതിയ പത്രലേഖകരില്‍ പലര്‍ക്കും ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗ് എപ്രകാരമാണ് ചെയ്യുന്നതെന്നും, അതില്‍ നിന്ന് ഒരു ഡി.വി.ഡി ഉണ്ടാക്കുന്നതെങ്ങനെയെന്നും അറിയാമോ എന്ന് ആ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ എനിക്ക് സംശയം തോന്നി. ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗ് എങ്ങനെയാണു ചെയ്യുന്നതെന്ന് ചുരുക്കമായി വിവരിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഇത്രയും ആമുഖമായി അവതരിപ്പിച്ചതൊഴികെ അഭയക്കേസുമായി ഈ ലേഖനത്തിനു മറ്റു ബന്ധമൊന്നുമില്ല.


വീഡിയോ ടേപ്പുകളുടെ ചരിത്രം:


ഫിലിമുകളില്‍ ചലച്ചിത്രങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്ന വിദ്യ ശാസ്ത്രലോകത്തിനു കരഗതമായത് 1940 കളില്‍ ആയിരുന്നുവെങ്കിലും വീഡിയോ ടേപ്പുകളില്‍ ചിത്രസിഗ്നലുകളെ ആലേഖനം ചെയ്യുന്ന ടെക്നോളജി 1956 വരെ ലഭ്യമായിരുന്നില്ല. 1956 ല്‍ യു.എസ്.എ യിലെ ആം‌പെക്സ് പുറത്തിറക്കിയ Quadruplex വീഡിയോ റിക്കോര്‍ഡര്‍ ആണ് ലോകത്തിലെ ആദ്യത്തെ പ്രൊഫഷനല്‍ വീഡിയോ റിക്കോര്‍ഡിംഗ് / പ്ലേ ബാക്ക് ഉപകരണം. അഞ്ചു സെന്റീമീറ്റര്‍ വീതിയുണ്ടായിരുന്ന ആദ്യ വീഡിയോടേപ്പ്, സിനിമാ ഫിലിം റീലുപോലെ ഒരു റീലില്‍ ചുറ്റിവച്ച് അതിന്റെ പ്ലേയര്‍ വഴി പ്ലേബായ്ക്ക് ചെയ്യുന്ന രീതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. 1958 ല്‍ ക്വാഡ് ഇതേ ടെക്നോളജിയില്‍ കളര്‍ വീഡിയോ റിക്കോര്‍ഡിംഗിനുള്ള സംവിധാനം കൊണ്ടുവന്നു. തുടര്‍ന്ന് ഇരുപതുകൊല്ലത്തോളം ക്വാഡ് ബ്രോഡ്‌കാസ്റ്റിംഗ് രംഗത്തെ റിക്കോര്‍ഡിംഗ് സ്റ്റാന്‍‌ഡേര്‍ഡായി തുടര്‍ന്നു. ഈ ടെക്നോളജിക്ക് പലവിധ പോരായ്മകള്‍ ഉണ്ടായിരുന്നു. ഈ രീതിയില്‍ ചിത്രങ്ങളെ സ്റ്റില്‍ ആയി നിര്‍ത്തുനോ,ഫ്രെയിമുകള്‍ സേര്‍ച്ച് ചെയ്യുവാനോ സാധിക്കുമായിരുന്നില്ല. ഒരിക്കല്‍ റിക്കോര്‍ഡ് ചെയ്ത വീഡിയോടേപ്പ്, അതേ മെഷീനില്‍, അതേ ഹെഡുകള്‍ ഉപയോഗിച്ചു പ്ലേ ബായ്ക്ക് ചെയ്യുമ്പോള്‍ മാത്രമേ ഏറ്റവും നല്ല ചിത്രങ്ങള്‍ ലഭിച്ചിരുന്നുള്ളൂ. വീഡിയോ ടേപ്പിന്റെ വളരെ ഉയര്‍ന്ന വിലയായിരുന്നു മറ്റൊരു പ്രധാന പോരായ്മ. അതിനാല്‍ തന്നെ,ദൌര്‍ഭാഗ്യവശാല്‍, പല ബ്രോഡ് കാസ്റ്റിംഗ് കമ്പനികളും ഒരിക്കല്‍ റിക്കോര്‍ഡ് ചെയ്ത പ്രോഗ്രാമുകള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനു പകരം, ഒരിക്കല്‍ റിക്കോര്‍ഡ് ചെയ്ത ടേപ്പുകള്‍ വീണ്ടും വീണ്ടും റിക്കോര്‍ഡിനായി ഉപയോഗിച്ചുവന്നു. അതിനാല്‍ അന്നത്തെ കാലത്തെ പല വിഡിയോ റിക്കോര്‍ഡിംഗുകളും ഇന്ന് ലഭ്യമല്ല.

1976 ആയപ്പോഴേക്കും ഒരിഞ്ച് വിതിയുള്ള 1" ടൈപ് സി (Type C) വീഡിയോ ടേപ്പുകള്‍ നിലവില്‍ വന്നു. ഇവയും റീലില്‍ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്. ഫ്രെയിം സേര്‍ച്ച്, സ്റ്റില്‍ പിക്ചര്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ ടേപ്പുകളില്‍ സാധ്യമായിരുന്നു. അതുപോലെ ഇവയുടെ പ്ലേബായ്ക്ക് മെഷീനുകളുടെ മെയിന്റനന്‍സ് ക്വാഡിനോളം ചെലവേറിയതുമായിരുന്നില്ല.

1969 ല്‍ സോണി യാണ് ആദ്യമായി കാസെറ്റ് രൂപത്തില്‍ വീഡിയോ ടേപ്പുകള്‍ പുറത്തിറക്കിയത്. മുക്കാല്‍ ഇഞ്ച് വീതിയുണ്ടായിരുന്ന അവ Composite U-matic tape എന്നറിയപ്പെട്ടു. 1982 ല്‍ സോണി ഇതിന്റെ പരിഷ്കരിച്ച പുതിയ പതിപ്പായ Component video betacam family ല്‍ പെട്ട 1/2 ഇഞ്ച് വീതിയിലുള്ള വീഡിയോ ടേപ്പുകള്‍ മാര്‍ക്കറ്റില്‍ എത്തിച്ചു. ഇന്നും പ്രൊഫഷനല്‍ ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് ഈ ടേപ്പുകളും അവ ഉപയോഗിക്കുന്ന ക്യാമറകളും സജീവമാണ്.

ഹോം വീഡിയോ:

1975 ല്‍ സോണി തങ്ങളുടെ ബീറ്റാമാക്സ് ടെക്നോളജിയും, ജെ.വി.സി തങ്ങളുടെ VHS ടെക്നോളജിയും മാര്‍ക്കറ്റില്‍ എത്തിച്ചു. അതോടെ വീഡിയോ കാസറ്റ് ഫോര്‍മാറ്റ് രംഗത്ത് ഈ കമ്പനികള്‍ തമ്മില്‍ ഒരു ശീതയുദ്ധംതന്നെ ആരംഭിച്ചു. ഒപ്പം പാനാസോണിക് കമ്പനിയും. ഈ യുദ്ധത്തില്‍ പക്ഷേ വിജയിച്ചത് ജെ.വി.സിയുടെ Video Home System അഥവാ VHS എന്നറിയപ്പെട്ട ടെക്നോളജി ആയിരുന്നു. ഇതിന്റെ വരവോടെ സിനിമ, ടി വി പ്രോഗ്രാമുകള്‍ എന്നിവ യഥേഷ്ടം റിക്കോര്‍ഡ് ചെയ്യുവാനും ഇതു പ്ലേ ബായ്ക്ക് ചെയ്യുവാനുള്ള Video Cassette Player / Recorder (VCP / VCR) സര്‍വ്വ സാധാരണ തീരുകയും ചെയ്തു. ആളുകള്‍ സിനിമാ തിയേറ്ററുകളില്‍ പോകുന്നതു വല്ലപ്പോഴുമായി! ഇതോടൊപ്പം തന്നെ വീഡിയോ റിക്കോര്‍ഡിംഗ് ചെയ്യുവാനുള്ള ക്യാമറകളും കണ്‍സ്യൂമര്‍ മോഡലുകളായി അവതരിച്ചു.എന്നാല്‍ ബീറ്റാമാക്സിന്റെയും, വി.എച്.എസിന്റെയും ഫുള്‍ സൈസ് വീഡിയോ കാസറ്റുകളായിരുന്നു അവയില്‍ ഉപയോഗിച്ചിരുന്നത്.

1980 കളായപ്പോഴേക്കും, അന്ന് അപൂര്‍വ്വമായിരുന്ന ഹോം വീഡിയോ ക്യാമറ എന്ന സങ്കല്‍പ്പം പതിയെപ്പതിയെ വലിപ്പം കുറഞ്ഞ് ജനങ്ങളുടെ കൈയ്യിലേക്കെത്തുവാന്‍ തുടങ്ങി. ക്യാമറകളുടെ വലിപ്പം കുറയ്ക്കുവാനുള്ള നിര്‍മ്മാതാക്കളുടെ പരിശ്രമങ്ങള്‍ കുറഞ്ഞ വലിപ്പത്തിലുള്ള വിഡിയോ ടേപ്പുകളുടെ നിര്‍മാണത്തിനു വഴിവച്ചു. ആദ്യകാല ജെ.വി.സി പാംകോഡറുകളില്‍ ഉപയോഗിച്ചിരുന്നത് VHS ന്റെ ചെറിയ രൂപത്തിലുള്ള (VHS C Tapes) ടേപ്പുകള്‍ ആയിരുന്നു. അവയുടെ അഡാപ്റ്ററുകള്‍ ഉപയോഗിച്ച് വി.സി.ആറുകളില്‍ പ്ലേബായ്ക്ക് ചെയ്യുന്ന രീതിയായിരുന്നു അവര്‍ കൊണ്ടുവന്നത്.


ഡിജിറ്റല്‍ യുഗം:

1990 കളുടെ ആരംഭമായപ്പോഴേക്കും വീഡിയോ റിക്കോര്‍ഡിംഗില്‍ ഒരു വന്‍ കുതിച്ചുചാട്ടം തന്നെ സമ്മാനിച്ചുകൊണ്ട് ഡിജിറ്റല്‍ വീഡിയോ റിക്കോര്‍ഡിംഗ് നിലവിലെത്തി. അന്നുവരെ ടേപ്പുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന സിഗ്നലുകള്‍ അനലോഗ് രൂപത്തിലുള്ളതായിരുന്നു. അതിനാല്‍ത്തന്നെ കോപ്പി ചെയ്യുമ്പോള്‍ അവയുടെ ക്വാളിറ്റി നഷ്ടപ്പെടുമായിരുന്നു. ഡിജിറ്റല്‍ വിപ്ലവം വന്നതോടുകൂടീ ഈ പോരായ്മകള്‍ പരിഹരിക്കപ്പെട്ടു. കാസറ്റുകളുടെ വലിപ്പം കുറയ്ക്കുന്നതിലുള്ള അന്വേഷണങ്ങള്‍ വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. സോണി അവരുടെ D-2, D-3 തുടങ്ങിയ

വിവിധ DV കാസറ്റുകള്‍: Left to right: DVCAM-L, DVCPRO-M, DVC/MiniDV
കടപ്പാട് : വിക്കിപീഡിയസീരീസുകളിലുള്ള ഡിജിറ്റല്‍ വീഡിയോ കാസറ്റുകള്‍ മാര്‍ക്കറ്റില്‍ എത്തിച്ചു. 1996 ആയപ്പോഴേക്ക് വളരെ ചെറിയ വീഡിയോ ക്യാമറകളും അവയ്ക്ക് അനുയോജ്യമായ MiniDV ടേപ്പുകളും നിലവില്‍ വന്നു. ഇന്നും ഏറ്റവും ഹൈ ക്വാളിറ്റി വീഡിയോ റിക്കോര്‍ഡിംഗ് മിനി ഡി. വി ടേപ്പുകളില്‍ നിന്നാണ് ലഭിക്കുന്നത്. പ്രൊഫ്രഷനല്‍ ഉപയോഗങ്ങള്‍ക്കായി ഇതിന്റെ തന്നെ വലിയ രൂപമായ Full size DV cassette ഉപയോഗിക്കുന്നു.

അതിനുശേഷം ഹൈഡെഫനിഷന്‍ വീഡിയോ (HDTV) യുഗം വന്നു. സോണിയുടെ HDCam ഫോര്‍മാറ്റുകളും Panasonic DVCPRO HD ഫോര്‍മാറ്റുകളും ഈ രൂപത്തിലുള്ള ഹൈ റെസലൂഷന്‍ വീഡിയോചിത്രങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന ഫോര്‍മാറ്റുകളാണ്. കാസറ്റുകള്‍ക്കു പകരം, ക്യാമറകളില്‍ തന്നെയുള്ള ഹാര്‍ഡ് ഡിസ്കുകളില്‍ ഡിജിറ്റല്‍ ഡേറ്റ ആലേഖനം ചെയ്യുന്ന രീതിയിലുള്ള ക്യാമറകളും ഇന്ന് സര്‍വ്വ സാധാരണമാണല്ലോ.


വീഡിയോ ഫോര്‍മാറ്റുകള്‍:

പലര്‍ക്കും വളരെ തെറ്റിദ്ധാരണയുള്ള ഒരു മേഖലയാണ് വീഡിയോ ഫോര്‍മാറ്റുകള്‍. ടേപ്പുകളില്‍ റിക്കോര്‍ഡ് ചെയ്യുന്ന രീതി ‘പഴഞ്ചനാണെന്നും’ ഡിവിഡി, മറ്റു ഡിസ്കുകള്‍ തുടങ്ങിയ മീഡിയങ്ങളാണ് ഹൈ റെസലൂഷന്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യുന്നതെന്നുമാണ് ആ തെറ്റിദ്ധാരണ. ഇതു ശരിയല്ല. എഡിറ്റിംഗ് സാധ്യമായ രീതിയില്‍ ഹൈ റെസലൂഷന്‍ ഡിജിറ്റല്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യുവാന്‍ സാധിക്കുന്ന മീഡിയം ഇപ്പോഴും ടേപ്പുകളാണ്.

ഫോർമാറ്റുകൾ എന്താണെന്ന് ലളിതമായി പറയാം. ഡിജിറ്റല്‍ ഡേറ്റ സ്റ്റോര്‍ ചെയ്യുന്നതിന് കുറേ ‘സ്ഥലം’ വേണം എന്നറിയാമല്ലോ. ഉദാഹരണത്തിന് ഒരു ഓഡിയോ സി.ഡിയിലെ ഒരു ഗാനം ഏകദേശം 50 മുതല്‍ 70 വരെ മെഗാബൈറ്റ് സൈസ് ഉള്ളതാണ്. ഇതേ ഗാനത്തെ MP3 ഫോര്‍മാറ്റിലേക്ക് മാറ്റുമ്പോള്‍ അതിലെ ഡേറ്റ Compress ചെയ്യപ്പെടുന്നു. അതായത് അത്ര പ്രാധാന്യമില്ലാത്ത കുറേ ഡേറ്റകള്‍ ഒഴിവാക്കിക്കൊണ്ട് (യഥാര്‍ത്ഥത്തില്‍ ക്വാളിറ്റിയില്‍ അല്പം കുറവു വരുത്തിക്കൊണ്ട്) കുറച്ചുകൂടീ ഒതുങ്ങിയ ഒരു സ്ഥലത്ത് ഇരിക്കത്തക്കവിധം ആ ഡേറ്റയെ മാറ്റിയെടുക്കുന്നു. അതുകൊണ്ടാണ് Mp3 format ല്‍ ഉള്ള ഒരു ഗാനം രണ്ടോ മൂന്നോ മെഗാബൈറ്റില്‍ ഒതുക്കി നിര്‍ത്തുവാന്‍ സാധിക്കുന്നത്.


ഇതുപോലെ ഡിജിറ്റല്‍ വീഡിയോ ഡേറ്റയേയും നമുക്ക് സൌകര്യാര്‍ത്ഥം വിവിധ എൻ‌കോഡിംഗ് ഫോര്‍മാറ്റുകളിലേക്ക് മാറ്റുവാൻ സാധിക്കും. ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് പ്ലേ ബായ്ക്ക് ചെയ്യപ്പെടുന്ന ഒരു സിനിമ അതേ ഫോര്‍മാറ്റില്‍ ഇന്റര്‍നെറ്റ് വഴി ടെലിക്കാസ്റ്റ് ചെയ്യുവാന്‍ ഒരുങ്ങിയാല്‍ എത്ര ബുദ്ധിമുട്ടായിരിക്കും എന്നാലോചിച്ചു നോക്കൂ. അതുപോലെ ഒരു മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്യുന്ന വീഡിയോ അതിലും ചെറിയ ഫോര്‍മാറ്റില്‍ ഉള്ളതാവണം. പ്രധാനമായും രണ്ടുവിധത്തിലുള്ള ഫോർമാറ്റുകൾ ഉണ്ട്. അവ ഏതൊക്കെ എന്ന് ഇനി പറയുന്നു.


1. എൻ‌കോഡിംഗ് ഫോർമാറ്റുകൾ:

ആദ്യത്തേത് വീഡിയോ എൻ‌കോഡിംഗ് ഫോർമാറ്റുകളാണ് (Video encoding formats) . ഉദാഹരണങ്ങൾ:

 • Uncompressed (Raw)
 • Intel Indeo
 • Microsoft Video
 • Radius Cinepack
 • Quicktime
 • MJPEG
 • MPEG2
 • MPEG 4
 • DIVX

ഒരു ചലച്ചിത്രം എന്നത് അനേകം നിശ്ചലചിത്രങ്ങളുടെ ശ്രേണി ആണെന്നറിയാമല്ലോ. ഉദാഹരണത്തിന് നമ്മുടെ കണ്ണിനുമുമ്പിൽ കൂടി ഒരു സെക്കന്റിൽ 25 ചിത്രങ്ങളോളം (ഫ്രെയിമുകൾ) എന്ന കണക്കിൽ, ഒരു ചലിക്കുന്ന വസ്തുവിന്റെ ചിത്രം എടുത്തത് ഒരു ശ്രേണിയായി കടത്തിവിടുകയാണെങ്കിൽ, ഇപ്പോൾ കാണുന്ന ചിത്രവും ഒരു ചലിക്കുന്ന തുടർച്ചിത്രമായിട്ടാവും നമുക്ക് തോന്നുക. ഇതാണ് മൂവി ഫിലിം, വീഡിയോ രംഗങ്ങളിലെല്ലാം ഉപയോഗിക്കുന്ന അടിസ്ഥാന പ്രമാണം.

നൂറുകണക്കിനു വീഡിയോ ഫ്രെയിമുകൾ ചേർന്നതാണ് ഓരോ വീ‍ഡിയോ ചിത്രവും. ഓരോ വീഡിയോ ഫ്രെയിമും ആ ഫയലിനുള്ളിൽ എങ്ങനെ, ഏതുവലിപ്പത്തിൽ, എത്ര മാത്രം ഏതു രീതിയിൽ കമ്പ്രസ്സ് ചെയ്ത്, ശേഖരിച്ചിരിക്കുന്നു എന്നു് നിശ്ചയിക്കുന്നത് അതിന്റെ കോഡിങ്ങ്/ഡീകോഡിങ്ങ് രീതിയാണു്. ഉദാഹരണത്തിനു് RAW വീഡിയോ ഫോർമാറ്റിൽ ഓരോ ഫ്രെയിമും ഓരോ BMP ചിത്രമായി ഒരു സെക്കൻഡിനു് 25 ചിത്രം വെച്ച് ശേഖരിക്കുന്നു. ഇതു് ഭീമമായ ഒരു ഫയലിനു വഴിവെയ്ക്കും. MJPEG എന്ന രീതിയിൽ ഓരോ ചിത്രവും BMP എന്നതിനുപകരം JPEG ആയി കമ്പ്രെസ്സ് ചെയ്യുന്നു. നേരത്തെ ഉണ്ടായിരുന്ന ഫയൽ ഇതുമൂലം (സെറ്റു ചെയ്തുവെച്ചിരിക്കുന്ന കം‌പ്രഷൻ/ക്വാളിറ്റി അനുസരിച്ച്) 50% മുതൽ 20% വരെയാക്കി കുറയ്ക്കാൻ പറ്റും. MPEG Layer 4 (MP4) എന്ന രീതി അനുസരിച്ചാണെങ്കിൽ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഫ്രെയിമുകൾക്കു പകരം പരസ്പരബന്ധമുള്ള ഒരു കൂട്ടം ഫ്രെയിമുകൾക്കു് പൊതുവായുള്ള വിവരങ്ങൾ (ഉദാഹരണത്തിനു് നടന്നുപോകുന്ന ഒരാൾക്കു പിന്നിൽ ഏറേക്കുറേ നിഴ്ചലമായി നിൽക്കുന്ന അകലെയുള്ള ഒരു പർവ്വതനിര) ഒരുമിച്ച് ചുരുക്കി ശേഖരിച്ചുവെയ്ക്കുന്നു. അത്യന്തം ബുദ്ധിപൂർവ്വമായ കമ്പ്യൂട്ടർ അൽഗോരിതമുകൾ ഉപയോഗിച്ച് ഇങ്ങനെ കമ്പ്രസ്സ് ചെയ്യുമ്പോൾ വീഡിയോവിന്റെ ഗുണം ഗണ്യമായി കുറയാതെ തന്നെ ഫയൽ വലിപ്പം വളരെ ചെറുതാക്കാൻ കഴിയും.


2. കണ്ടൈനർ ഫോർമാറ്റുകൾ:

മുകളിൽ പറഞ്ഞ രീതിയിൽ എൻ‌കോഡ് ചെയ്ത വീഡിയോ ചിത്രങ്ങളുടെ ഡേറ്റയെ ഒന്നായി സൂക്ഷിക്കുവാനായി Container or Wrapper file ഫോർമാറ്റുകൾ എന്ന രണ്ടാമതൊരു വിഭാഗം ഫയൽ ഫോർമാറ്റുകൾ ഉണ്ട്. ഉദാഹരണങ്ങൾ:

 • AVI
 • DAT
 • RM
 • FLA
 • SWF
AVI എന്നതു് ഒരു ഫയൽ കണ്ടെയിനർ ആണെന്നു പറഞ്ഞുവല്ലോ. അതിനുള്ളിൽ എങ്ങനെയാണു് വീഡിയോ സൂക്ഷിച്ചുവെച്ചിരിക്കുന്നത് എന്നു തീരുമാനിക്കുന്നത് എൻ‌കോഡർ, ഡീകോഡർ പ്രോഗ്രാമുകളാണു്.ഇവ വഹിക്കുന്ന വീഡിയോ എൻ‌കോഡിംഗ് രീതികൾക്കനുസരിച്ച് ഇവയുടെ ഫയൽ സൈസും ചിത്രത്തിന്റെ ക്വാളിറ്റിയും മാറാം.


ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗ്:

അനലോഗ് സിഗ്നലുകളെ അപേക്ഷിച്ച് ഡിജിറ്റല്‍ ഡേറ്റയ്ക്കുള്ള ഏറ്റവും വലിയ പ്രത്യേകത, അവയെ ‘കമ്പ്യൂട്ടര്‍ ഭാഷയിലുള്ള’ ഗണിത സംഖ്യകളായി കൈകാര്യം ചെയ്യുന്നു എന്നതാണല്ലോ. അതുകൊണ്ടു തന്നെ കോപ്പി, പേസ്റ്റ്, ഡിലീറ്റ്, ഇന്‍‌സേര്‍ട്ട് തുടങ്ങിയ അടിസ്ഥാന എഡിറ്റിംഗ് ടൂളുകളെല്ലാം ഈ ഡേറ്റയ്ക്കും ബാധകമാണ്. അതുകൊണ്ടുതന്നെ അവയുടെ എഡിറ്റിംഗ് വളരെ എളുപ്പത്തില്‍ ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ് (ടേപ്പ് മുറിച്ചല്ല!). നാം ഇന്നുകാണുന്ന വീഡിയോ ചിത്രങ്ങളില്‍ കാണുന്ന എല്ലാ ഡിജിറ്റല്‍ എഫക്റ്റുകളും, ചിത്രസംയോജനവും ഇപ്രകാരം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്. ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗിനായി വിവിധ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ്. അതിലൊന്നാണ് അഡോബിന്റെ അഡോബ് പ്രീമിയര്‍ എന്ന സോഫ്റ്റ്‌വെയര്‍. അതിന്റെ യൂസര്‍ ഇന്റര്‍ഫേസ് ഇവിടെ ഒന്നു കാണിക്കാം.ഈ ചിത്രത്തില്‍ കാണുന്ന വീഡിയോ എഡിറ്റിംഗ് പ്രോജക്റ്റില്‍ MiniDV ടേപ്പില്‍ റിക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ ചിത്രത്തെ എഡിറ്റ് ചെയ്യുന്നതെങ്ങനെ എന്നാണു കാണിച്ചിരിക്കുന്നത്. എഡിറ്റിംഗിന്റെ ആദ്യപടി ടേപ്പില്‍ രേഖപ്പെടുത്തപ്പെട്ട ഡിജിറ്റല്‍ വീഡിയോ ഡേറ്റയെ കമ്പ്യൂട്ടറിലേക്ക് Capture ചെയ്യുക എന്നതാണ്. ഇതിനായി USB കേബിളുകളോ, ഫയര്‍‌വയര്‍ കേബിളുകളോ ഉപയോഗിക്കാം. ക്യാപ്ച്ചര്‍ ചെയ്യുക എന്നാല്‍ കമ്പ്യൂട്ടറില്‍ എഡിറ്റു ചെയ്യാവുന്ന ഒരു ഫോര്‍മാറ്റിലേക്ക് വീഡിയോ ചിത്രത്തെ മാറ്റി ഹാര്‍ഡ് ഡിസ്കിലേക്ക് കോപ്പി ചെയ്യുക എന്നര്‍ത്ഥം. ഇവിടെ avi ഫോര്‍മാറ്റിലേക്കാണ് ഡിജിറ്റല്‍ വീഡിയോ മാറ്റിയിരിക്കുന്നത്. 60 മിനിറ്റ് നീളുന്ന ഒരു MinDV ടേപ്പ് പൂര്‍ണ്ണമായും ക്യാപചര്‍ ചെയ്തുകഴിയുമ്പോള്‍ ഏകദേശം 300 മെഗാബൈറ്റോളം ഉണ്ടാവും. ആ ഡേറ്റയെ, അഡോബ് പ്രീമിയര്‍ സോഫ്റ്റ്‌വെയറിലേക്ക് തുറന്നു വച്ചിരിക്കുന്നു. തുറക്കുമ്പോള്‍ തന്നെ ടേപ്പിലുണ്ടായിരിന്ന വീഡിയോ ഡേറ്റയും (ചിത്രം), ഓഡിയോ ഡേറ്റയും (ശബ്ദം) രണ്ടു വ്യത്യസ്ത ട്രാക്കുകളായി വേര്‍പിരിഞ്ഞാണ് ഈ സോഫ്റ്റ്‌വെയര്‍ ഇന്റര്‍‌ഫെയ്സില്‍ എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ചുവപ്പ്, പച്ച നിറങ്ങളിലായി രണ്ടു ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിക്കൂ. ഇതാണ് വീഡിയോ, ഓഡിയോ ഡേറ്റകള്‍. ചുവപ്പ് വീഡിയോ ഡേറ്റയും, പച്ച ഓഡിയോ ഡേറ്റയുമാണ്. ഇവയുടെ ഇടതുവശത്തുകാണുന്നതുപോലെ Video 1, Video 2, Video 3 എന്നിങ്ങനെ വീഡിയോ ട്രാക്കുകളും Audio 1, Audio 2, Audio 3 ഓഡിയോ ട്രാക്കുകളും ഒന്നിനു മീതേ ഒന്നായി ‘പാളികളായി’ (layer) ചേര്‍ക്കാവുന്നതാണ്. ഈ രണ്ടുവിധത്തിലുള്ള ട്രാക്കുകളുടെയും പ്രധാനപ്പെട്ട ഒരു ഭാഗമാണ് അവയുടെ ടൈം ലൈന്‍. ഒരു സെക്കന്റിന്റെ നൂറിലൊന്ന് അംശംവരെ കൃത്യമായി, ഇവയില്‍ രേഖപ്പെടുത്തപ്പെട്ട ഡേറ്റയെ സമയവുമായി ബന്ധിപ്പിച്ചിരിക്കുന്നു. സെക്കന്റിന്റെ ഒരംശംവരെ കിറുകൃത്യമായി ഡേറ്റകള്‍ എഡിറ്റു ചെയ്യുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഗുണം.

ഇപ്രകാരം ഡേറ്റകളെ ട്രാക്കുകളായി ചേര്‍ത്തതിനു ശേഷം ഏതു ട്രാക്കില്‍ നിന്നും നമുക്ക് വേണ്ടാത്ത ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്തിട്ട് ഡിലീറ്റ് ചെയ്യുവാനും മറ്റൊരു ട്രാക്കില്‍ നിന്നുള്ള ഭാഗങ്ങള്‍ ഒരു ഡേറ്റയ്ക്കിടയിലേക്ക് തിരുകുവാനും സാധിക്കും. ചിത്രത്തില്‍ വീഡിയോ ഡേറ്റയുടെ ഒരു ഭാഗം മുറിച്ചു മാറ്റിയിരിക്കുന്നതു ശ്രദ്ധിക്കൂ. അതിനു പകരമായി മറ്റൊരു കഷണം അതിന്റെ തൊട്ടുമുകളിലെ വീഡിയോ ട്രാക്കില്‍ വച്ചിട്ടുമുണ്ട്. അതുപോലെ വ്യത്യസ്തങ്ങളായ ട്രാന്‍സിഷന്‍ ഇഫക്റ്റുകള്‍, ഓഡിയോ ട്രാക്ക് മാറ്റിക്കൊണ്ട് മറ്റൊരു മ്യൂസി ട്രാക്ക് അവിടെ ഇടുവാനും ഒക്കെ വളരെ അനായാസം സാധിക്കുന്നതാണ്.

ഇങ്ങനെ ഒരു വീഡിയോ ചിത്രത്തിന്റെ പൂര്‍ണ്ണമായ എഡിറ്റിംഗ് കഴിഞ്ഞതിനുശേഷം, ലെയറുകളെ എല്ലാം കൂടി സംയോജിപ്പിച്ചുകൊണ്ട് ഒരൊറ്റ വീഡിയോ ഫയലാക്കി മാറ്റുന്നു. ഇതിനു റെന്ററിംഗ് എന്നാണ് പറയുന്നത്. കമ്പ്യൂട്ടറിന്റെ വേഗതയനുസരിച്ച് കുറച്ച് സമയം എടുക്കുന്ന ഒരു പ്രോസസിംഗ് ആണിത്. അപ്രകാരം റെന്റര്‍ ചെയ്തുകിട്ടിയ പുതിയ ഫയല്‍ നമുക്ക് മറ്റൊരു ടേപ്പിലേക്കോ, ഡിവിഡീ ഫോര്‍മാറ്റി മാറ്റിക്കൊണ്ട് ഡിസ്കിലേക്കോ മാറ്റാവുന്നതാണ്. ഡി.വി.ഡി ഫോര്‍മാറ്റ് avi ഫോര്‍മാറ്റിനെ അപേക്ഷിച്ച് കുറേക്കൂടി കമ്പ്രസ് ചെയ്ത ഫോര്‍മാറ്റ് ആണ്. ഇപ്രകാരം എഡിറ്റ് ചെയ്തെടുക്കുന്ന ചിത്രങ്ങളാണ് നാം ഇന്നു കാണുന്ന വീഡിയോ പ്രോഗ്രാമുകളെല്ലാം തന്നെ. ടേപ്പുകള്‍ മുറിച്ച് ഒട്ടിച്ചു ചേര്‍ത്തല്ല ഡിജിറ്റല്‍ ടേപ്പുകള്‍ എഡിറ്റ് ചെയ്യുന്നതെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.


വീഡിയോ ടേപ്പുകള്‍ : വിക്കിപീഡിയ പേജ്

62 comments:

അപ്പു June 27, 2009 at 8:04 PM  

ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗിനെപ്പറ്റി ഒരല്‍പ്പം.

ViswaPrabha | വിശ്വപ്രഭ June 27, 2009 at 10:41 PM  

അപ്പൂ,
ഇതും ഒരു സീരീസ് ആക്കിക്കൂടേ?
നോൺ ലീനിയർ എഡിറ്റിങ്ങിനെക്കുറിച്ചും വിവിധ ആവശ്യങ്ങൾക്കു് സൌകര്യപ്രദമായ ഫോർമാറ്റുകളെക്കുറിച്ചും (DivX, XVid, SVCD,MJPEG etc.)അപ്പുവിന്റെ ലളിതമായ ഭാഷാരീതിയിൽ ഓരോരോ ലേഖനങ്ങൾ ആവാം.
:)

ഹരീഷ് തൊടുപുഴ June 28, 2009 at 7:06 AM  

അപ്പുവേട്ടാ,

ഉപയോഗപ്രദമായ ഈ ലേഖനം ഒട്ടനവധി വിഷയങ്ങള്‍ മനസ്സിലാക്കിത്തരുവന്‍ ഉപകരിച്ചു.

എന്റെ ഹാന്‍ഡികാം സോണിയുടെതാണ്(Digital8). (ഹൈ പിക്സെല്‍ റേറ്റ് ഉള്ളതൊന്നുമല്ല. എങ്കിലും മതിയായ വെളിച്ചത്തില്‍ നല്ല റെസ്പോണ്‍സ് തരുന്നുമുണ്ട്. Model No: DCR-TRV285E)
എന്റെ സംശയം ഇതാണ്.
ഹാന്‍ഡികാമില്‍ നിന്നും USB കേബിള്‍ വഴി ഡാറ്റാ റിസീവ് ചെയ്യുമ്പോള്‍ വ്യക്തമായ ഒരു ക്ലാരിറ്റി കിട്ടുമോ??
അഡൊബ് പ്രീമിയര്‍ എന്ന സോഫ്റ്റ്വേയര്‍ ആട്ടോമാറ്റിക്കായി സോണിയുടെ ഡ്രൈവെര്‍ സോഫ്റ്റ്വേയര്‍ എടുത്തുകൊള്ളുമോ??
അതായത് സോണിയുടെ സോഫ്റ്റ്വേയര്‍സ് ഇന്‍സ്റ്റാള്‍ചെയ്താല്‍ മാത്രമേ നിലവില്‍ സിസ്റ്റെം ഹാന്‍ഡികാമിനെ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്നുള്ളൂ. സോണിയുടെ തന്നെ ഒരു കാപ്ചുറിങ്ങ് ടൂള്‍ ഉണ്ട്. അതിലൂടെ കിട്ടുന്ന ചിത്രങ്ങള്‍ക്ക് യാതൊരുവിധ ക്ലാരിറ്റിയും ഇല്ല. മറ്റൊന്ന് വീഡിയോഫോര്‍മാറ്റ് സെലെക്ട് ചെയ്യാനുള്ള ഓപ്ഷനും ഇല്ല. അതിനാല്‍ ഒട്ടേറെ സ്ഥാലം നഷ്ടപ്പെടുകയും ചെയ്യുന്നു. പിന്നീടുള്ളത്, ഒരു വീഡിയോഫയല്‍ നമ്മള്‍ ഈ ടൂള്‍ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്താലും, ആ ഫയല്‍ കിടക്കുന്ന സ്ഥാനം എവിടെയെന്നുള്ളത് കണ്ടുപിടിക്കാനോ, മറ്റൊരു കാര്യങ്ങള്‍ക്കോ സാധിക്കുന്നുമില്ല.

നല്ലൊരു വീഡിയോകാര്‍ഡ് (അധികം വിലമുടക്കാനാവില്ല) വാങ്ങിയാല്‍, AV cord ഉപയോഗിച്ച് ഡാറ്റകളെ സിസ്റ്റെത്തിലെത്തിച്ച്,
പ്രസ്തുത സോഫ്റ്റ്വേയര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാനാവില്ലേ??
അതു വഴി നമുക്കു തന്നെ ഡി.വി.ഡി ഉണ്ടാക്കാനുമാവില്ലേ??
എല്ലാം വിശദമായി പറഞ്ഞുതരൂ..

5 മിനുട്ട് വീതമുള്ള ഡോക്കുമെന്ററികള്‍ നിര്‍മിക്കണം എന്നത് എന്റെ വലിയ ഒരു ആഗ്രഹമാണ്. എന്റെ സിസ്റ്റെത്തിലാണെങ്കിലേ ഇതൊക്കെ നടക്കുകയും ഉള്ളൂ..
എന്റെ പരിമിതികള്‍ മനസ്സിലാക്കി ഒന്നു പഠിച്ച് എത്ര രൂപാ ഞാന്‍ മുടക്കേണ്ടിവരുമെന്നും, എനിക്ക് നല്ലൊരു മാര്‍ഗ്ഗനിര്‍ദ്ദേശവും തരൂ..
പെട്ടന്ന്..

അപ്പു June 28, 2009 at 7:23 AM  

ഹരീഷേ,

വീഡിയോ ചിത്രത്തിന്റെ ക്ലാരിറ്റിയും ഡിജിറ്റൽ ഡേറ്റ ട്രാൻസ്ഫറും തമ്മിൽ ബന്ധമൊന്നുമില്ല. ഹരീഷിന്റെ കൈയ്യിലുള്ള സോണി ക്യാമറ ഡിജിറ്റൽ 8 കാസറ്റ് ഉപയോഗിക്കുന്നതാണ്. അത് സോണിയുടെ തന്നെ സ്വന്തമായ ഒരു ഡിവി ഫോർമാറ്റ് ആണ് അതിൽ ഉപയോഗിക്കുന്നത്, മിനി ഡിവി ഫോർമാറ്റ് അല്ല. ഇത് ശരിക്കും, മിനി ഡിവി നിലവിൽ വരുന്നതിനു മുമ്പുള്ള കാസറ്റ് ടെക്നൊളജിയും, ഡിജിറ്റൽ ക്യാമറ ടെക്നോളജിയും ആണ്. ഈ ക്യാമറ ഡേലൈറ്റിൽ നല്ല ചിത്രം തരുന്നുണ്ടെങ്കിലും, മങ്ങിയവെളിച്ചത്തിൽ ചിത്രങ്ങൾ വല്ലാതെ ഇരുണ്ടുപോകുന്നുണ്ട് എന്നതായിരിക്കുമല്ലോ ഹരീഷ് നേരിടുന്ന പ്രശ്നം. അക്കാലത്തെ (എന്നുവച്ചാൽ ഒരു നാലു വർഷം മുമ്പ്) ഡിജിറ്റൽ ക്യാമറകളെല്ലാം തന്നെ light hungry മോഡലുകളായിരുന്നു. അതായത് നല്ല പ്രകാശമുണ്ടെങ്കിലേ നല്ല ചിത്രവും ലഭിക്കൂ എന്ന രീതി. ഇന്ന് ആ സ്ഥിതി അല്പമൊക്കെ മാറിയിട്ടുണ്ട്. 0 Lux മോഡലുകളും, 3CCD മോഡലുകളും വന്നു.ചില അഡ്വാൻസ് കൺസ്യൂമർ മോഡലുകളിൽ മാനുവലായി ഷട്ടർ സ്പിഡ് നിയന്ത്രിക്കുവാനും ആവും. ഇവയിലൊന്നും വെളിച്ചത്തിന്റെ കുറവ് വലുതായി അനുഭവപ്പെടുന്നില്ല. ചിത്രത്തിന്റെ ക്ലാരിറ്റിയെപ്പറ്റിയാണ് ഇത്രയും പറഞ്ഞത്.


ഏതു ക്യാമറ ആയാലും അതിനെ കമ്പ്യുട്ടർ റെക്കഗനൈസ് ചെയ്യണമെങ്കിൽ അതിന്റെ ഡ്രൈവർ വിന്റോസ് ൽ ചേർത്തിരിക്കണം. സോണിയുടെ ഡിജിറ്റൽ 8 ടെക്നോളജി അഡോബ് പ്രീമിയർ നേരിട്ട് ക്യാപചർ ചെയ്യുമെന്നു തോന്നുന്നില്ല. സോണിയുടെ തന്നെ സോഫ്‌റ്റ്വെയർ ഉപയോഗിച്ച് ചിത്രങ്ങൾ avi ഫോർമാറ്റിൽ (അങ്ങനെ സാധിക്കുമെങ്കിൽ) ക്യാപചർ ചെയ്തിട്ട് ആ ഫയലിനെ അഡോബ് പ്രീമിയർ ഉപയൊഗിച്ച് എഡിറ്റ് ചെയ്യാമല്ലോ. ഹരീഷ് ഉദ്ദേശിക്കുന്നതുപോലെ AV കേബിൾ ഉപയോഗിച്ച് ഡേറ്റ ട്രാൻസ്ഫർ ചെയ്യുന്നത് അനലോഗിനെ ഡിജിറ്റൽ ആയി കൺ‌വേർട്ട് ചെയ്യുന്ന രീതിയാണ്. അതിനു കുറേ പൈസ മുടക്കേണ്ടിവരും. അതിലും നല്ല വഴി നിലവിലുള്ള ക്യാമറതരുന്ന ഡേറ്റയെ സോണിയുടെ സോഫ്റ്റ്വെയർ ഉപയോഗിച്ചുകൊണ്ട് യു.എസ്.ബി സ്ട്രീമിംഗ് വഴി കമ്പ്യൂട്ടറിൽ എത്തിക്കുകയാണ്. ഹരീഷ് ഉദ്ദേശിക്കുന്ന രീതിയിലുള്ള ഡോക്കുമെന്ററികൾക്ക് നല്ലത് മിനി ഡിവി ഫോർമാറ്റിൽ ഉള്ള, മാനുവലായി ലൈറ്റ് നിയന്ത്രിക്കാൻ സാധിക്കുന്ന അത്രയധികം വിലയില്ലാത്ത ഒരു കാംകോഡർ ആയിരിക്കുമെന്നു തോന്നുന്നു.

ViswaPrabha | വിശ്വപ്രഭ June 28, 2009 at 9:14 AM  

TRV285E യ്ക്കു് ഫയർവയർ ഔട്ട്പുട്ട് കാണും. കമ്പ്യൂട്ടറിൽ ഒരു ഫയർവയർ കാർഡും ഒരു ഫയർവയർ കേബിളും ഉപയോഗിച്ചാൽ ഡിജിറ്റലായിത്തന്നെ വീഡിയോ സ്റ്റ്രീം ചെയ്തെടുക്കാം.

USB 1.1 സ്റ്റ്രീമിങ്ങ് ഉണ്ടോ എന്നു് ഉറപ്പില്ല. ഫ്രെയിമുകൾ സെർച്ച് ചെയ്ത് ആവശ്യമുള്ള സ്റ്റില്ലുകൾ മാത്രം ക്യാപ്ച്ചർ ചെയ്യാം എന്നാണോർമ്മ.

shams June 28, 2009 at 10:27 AM  

അപ്പൂ..
വളരെ നല്ല വിവരണങ്ങള്‍
നന്ദി.

അനില്‍@ബ്ലോഗ് June 28, 2009 at 10:29 AM  

ലേഖനത്തിനു നന്ദി.
ഞാനത്യാവശ്യം വെട്ടലും മുറിക്കലുമൊക്കെ നടത്തിയാണ് അതൊക്കെ പഠിച്ചത്.(പഠിക്കാന്‍ വേണ്ടി മാത്രം). ഹരീഷിനും അതാണ് നന്നാവുക എന്നു തോന്നുന്നു.
:)
ഓ.ടോ.
വീഡിയോ എഡിറ്റിംങ് ടൂളുകള്‍ ക്രാക്ക് ചെയ്യാന്‍ കേറി ഇടക്കിടെ പണി കിട്ടാറുമുണ്ട്.

Helper | സഹായി June 28, 2009 at 10:33 AM  

അപ്പൂവേട്ടാ,

വിശ്വപ്രഭ പറഞ്ഞത്‌ ശരിയാണ്‌, പുതിയ ക്യാമറയാണെങ്കിൽ, അതിൽ ഫയർവയർ ഉണ്ടെങ്കിൽ, എറ്റവും നല്ലത്‌ ഫയർ വയർ വഴി ഡൗൺലോഡ്‌ ചെയ്യുന്നതാണ്‌. USB Steam വഴി 30-50% ഡാറ്റ നഷ്ടമാവുന്നു എന്നാണ്‌ കണക്ക്‌. Firewire വഴി 10% മാത്രമേ നഷ്ടമാവുകയുള്ളൂ. അതായത്‌ ചിത്രത്തിന്റെ ക്ലാരിറ്റി കൂടും. firewire കാർഡിന്‌ വില തീരെയില്ല, ഇവിടെ 40 റിയാലിന്‌ വിദ്വാനെ കിട്ടും.

i link എന്നത്‌, ഇന്ന് Firewire റിന്റെ മറ്റോരു പേരാണ്‌. രണ്ടും രണ്ട്‌ കമ്പനിയുടെ പേരിലാണെങ്കിലും.

പിന്നെ, ഹാരിഷേട്ടന്റെ വിഷയം.
ഈ ക്യമറ, എട്ടന്‌ പറ്റില്ല എന്ന് പറയുന്നില്ല. എങ്കിലും ഡിജിറ്റൽ ക്യാമറകൾക്ക്‌ വിലകുറയുന്ന ഈ സമയത്ത്‌, ഒരു നല്ല HDD ക്യാമറ സംഘടിപ്പിക്കുവാൻ ശ്രമിക്കുക (എന്നോട്‌ ചോദിക്കരുത്‌).
അതാവുമ്പോൾ, സെർച്ചിങ്ങ്‌, ബിൽഡ്‌ ഇൻ ഏഡിറ്റിങ്ങ്‌ എന്നിവ പെട്ടെന്ന് നടക്കും. മാത്രമല്ല. ഒരു ഷോട്ട്‌ എടുത്താൽ, അത്‌ ഒരു ഫയലായി കാണാം. അത്‌ മുഴുവൻ നമ്മുക്ക്‌, ഡിലീറ്റ്‌ ചെയ്യാം. വളരെ പെട്ടെന്ന് തന്നെ.

എല്ലാ ക്യാമറകളും ഇന്ന് വിഡിയോ എഡിറ്റിങ്ങ്‌ പ്രോഗ്രമുകളുമായി കണക്‌റ്റ്‌ ചെയ്യുവാൻ സാധിക്കും. അതിന്‌ മറ്റോരു മാർഗ്ഗം ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്‌, നേരിട്ട്‌, എഡിറ്ററിലേക്ക്‌ തന്നെ കപ്‌റ്റ്യൂർ ചെയ്യുന്നതാണ്‌.

പ്രഭേച്ചി, ഇത്‌ USB 2.00 തന്നെയാണെന്ന് തോന്നുന്നു.

മൊത്തം ചിലവെത്ര?. എട്ടാ, കമ്പ്യൂട്ടർ ഇല്ലാതെ, ക്യാമറ മാത്രം, Cheap and Best ഒരു 20. പക്ഷെ, ക്ലാറിറ്റിക്ക്‌ മുൻതൂക്കം കൊടുക്കുന്നെങ്കിൽ, അപ്പുവേട്ടൻ പറഞ്ഞപോലെ mini DV ഫോർമേറ്റാണ്‌ നല്ലത്‌.

Helper | സഹായി June 28, 2009 at 10:33 AM  
This comment has been removed by the author.
Helper | സഹായി June 28, 2009 at 10:36 AM  

ഹരിഷേട്ടാ, ഞാൻ പറയാൻ മറന്നു. TVR-285E മോഡലിന്‌ i.link port/firewire port ഉണ്ട്‌.

അപ്പു June 28, 2009 at 10:38 AM  

സഹായീ.. വളരെ നന്ദി വിവരങ്ങൾക്ക്.
എന്റെ കൈയ്യിലുള്ള ക്യാമറ പാനാസോണിക്കിന്റെ NVGS 500 3CCD MiniDV camera ആണ്. മാനുവലായും ഓട്ടോമാറ്റിക്കായും ഓപ്പറേറ്റ് ചെയ്യുവാൻ സാധിക്കും. നല്ല ക്യാമറയാണ്. ഇതിൽ ഫയർവയർ, യു.എസ്.ബി രണ്ടും ഉപയോഗിച്ച് ഡേറ്റ ട്രാൻസ്ഫർ ചെയ്യാം. (പക്ഷേ ഈ യു.എസ്.ബി ട്രാൻസ്ഫർ സ്ട്രീമിംഗ് ആണോ എന്നെനിക്കറിയില്ല, ക്വാളിറ്റി രണ്ടും ഒരുപോലെ തോന്നിയിട്ടുണ്ട്).

ഓടോ. വിശ്വപ്രഭ ചേച്ചിയല്ല ചേട്ടനാണു കേട്ടോ :-)

Helper | സഹായി June 28, 2009 at 11:01 AM  

അപ്പൂവേട്ടാ,

എറ്റവും പുതിയ വിഡിയോ എഡിറ്റർ ഉപയോഗിച്ച്‌, ഇന്ന്, മുറിച്ച്‌ മാറ്റലും, കൂട്ടിചേർക്കലും മാത്രമല്ല, ഒരു ഫ്രയിമിന്റെ ബാഗ്രണ്ട്‌ മൊത്തം മാറ്റാം. നമ്മുടെ ഡ്രസിന്റെ കളർ മാറ്റാം. തലയെടുത്ത്‌ കൈയിൽ പിടിക്കാം. (ഇതോക്കെ ഞാൻ കൂറെ കണ്ടതാ എന്ന് ഇനസെന്റായി അപ്പുവേട്ടൻ പറയുന്നു) പക്ഷെ, ഇത്‌ ഇന്ന്, സാധരണകാരന്‌, വിത്തിൻ എ മോസ്‌ ക്ലിക്ക്‌ ചെയ്യാൻ പറ്റും. അത്രക്ക്‌ സോഫിസ്റ്റികേറ്റഡായ പ്രോഗ്രമുകൾ പോലും ഇന്ന് യുസർ ഫ്രണ്ടിലിയായി, സാധരണ കമ്പ്യൂട്ടറിൽ ഉപയോഗിക്കുവാൻ കഴിയുന്നു

ക്ലാരിറ്റിയുടെ കാര്യത്തിൽ, ഒരു LCD മോണിറ്ററിൽ ഇത്‌ രണ്ടും തമ്മിൽ വിത്യാസം കാണില്ല. CRT മോണിറ്ററിൽ അപ്പുവേട്ടനെപോലെയുള്ളവർക്ക്‌ പെട്ടെന്ന് തന്നെ വിത്യാസം കണ്ട്‌പിടിക്കാം. ഇനിയും, ഇങ്ങനെ വിത്യാസം തോന്നുന്നില്ലെങ്കിൽ, രണ്ട്‌ ഫോർമേറ്റും ഒരു TVയിൽ കണ്ട്‌നോക്കൂ.

qw-er-ty

എട്ടനാണെന്നറിയാം, എങ്കിലും ബൂലോകം മുഴുവൻ പ്രഭേച്ചിയെന്നാണ്‌ വിശ്വേട്ടനെ വിളിക്കുന്നത്‌, ഞാനും അങ്ങനെ വിളിച്ചത്‌ ഒരു വെയ്റ്റിരിക്കട്ടെ എന്ന് കരുതി മാത്രം.

അപ്പു June 28, 2009 at 11:09 AM  

സഹായീ,

വീഡിയോ എഡിറ്റിംഗിൽ അഡോബ് പ്രീമിയർ അല്ലാതെ മറ്റൊരു പ്രോഗ്രാമും ഞാൻ ഉപയോഗിച്ചിട്ടില്ല, അവയെപ്പറ്റി എനിക്ക് അറിവും ഇല്ല. ഏതൊക്കെയാണ് അവ എന്ന് ഒന്നു പറഞ്ഞിരുന്നെങ്കിൽ ഒരു കോപ്പി സംഘടിപ്പിച്ച് ഇതൊക്കെ പരീക്ഷിക്കാമായിരുന്നു! ഒരു മൌസ് ക്ലിക്കിൽ സാധിക്കുന്ന കാര്യങ്ങൾ കേട്ട് ശരിക്കും ത്രില്ലടിച്ചു ! യു.എസ്.ബി. ഡേറ്റ ട്രാൻസ്ഫറിനേക്കാൾ നല്ലത് ഫയർ വയർ ആണെന്ന് അറിയാം. അതുകൊണ്ടുതന്നെ എന്റെ കമ്പ്യൂട്ടറിൽ ഫയർവയർ കാർഡും പിടിപ്പിച്ചിട്ടുണ്ട്. താങ്കൾ സൂചിപ്പിച്ചതുപോലെ എൽ.സി.ഡി മോനിറ്റർ ആയതിനാലാവും വ്യത്യാസം ശ്രദ്ധിക്കാതെ പോയത്. ഇനി ഫയർവയർ മാത്രമേ ഉപയോഗിക്കുന്നുള്ളൂ :-) വിവരങ്ങൾ ഷെയർ ചെയ്തതിനു നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു !

കുതിരവട്ടന്‍ :: kuthiravattan June 28, 2009 at 11:50 AM  

"സര്‍വ്വ സാധാരണമായി ഇന്ന് ഉപയോഗിക്കുന്ന ഡിജിറ്റല്‍ വീഡിയോ ഫോര്‍മാറ്റുകളില്‍ ചിലത് താഴെക്കൊടുക്കുന്നു. അവയുടെ ഫയല്‍ എക്സ്റ്റന്‍ഷനുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്."

ഫയലുക‌‌ള്‍‌‌‌‌ കണ്ടെയ്നറുകളാണ്‍‌‌. വീഡിയോ ഫോര്‍‌‌മാറ്റ് വേറെയാണ്‍. ഉദാഹരണമായി ഒരു .avi അല്ലെങ്ങ്കില്‍‌‌ .mpeg ഫയലിനുള്ളിലെ വീഡിയോ ഡാറ്റ MPEG യോ WMV യോ MP4 ഓ DIVX ഓ ഒക്കെ ആകാം‌‌.

അപ്പു June 28, 2009 at 11:54 AM  

കുതിരവട്ടൻ, എനിക്കറിയാൻ വയ്യാഞ്ഞ ഒരു പുതിയ വിവരം. വളരെ നന്ദി. ഒന്നുകൂടി ഒന്നു വിശദീകരിക്കാമോ?

കുതിരവട്ടന്‍ :: kuthiravattan June 28, 2009 at 11:58 AM  

"ഡി.വി.ഡി ഫോര്‍മാറ്റ് avi ഫോര്‍മാറ്റിനെ അപേക്ഷിച്ച് കുറേക്കൂടി കമ്പ്രസ് ചെയ്ത ഫോര്‍മാറ്റ് ആണ്. "

ഇത് തെറ്റാണ്‍‌‌‌‌. ഫയലിന്റെ സൈസ് അതുപയോഗിക്കുന്ന വീഡിയോ ഫോര്മാറ്റിനെ അനുസരിച്ചിരിക്കും‌‌‌‌. ഉദാഹരണമായി എം.പി4 ഉപയോഗിക്കുന്ന എവിഐ ഫയലിന്റെ സൈസ് വളരെ ചെറുതായിരിക്കും‌‌‌‌.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage June 28, 2009 at 12:02 PM  

അപ്പു ജീ
വളരെ നന്ദി ഈ പോസ്റ്റിന്‌
എനിക്കറിയാനുണ്ടായിരുന്ന ഒരു കാര്യം പടങ്ങളുടെ തെളിച്ചം കോണ്ട്രാസ്റ്റ്‌ ഇവ ഈ വിഡിയോ എഡിറ്ററില്‍ കൂടി വ്യത്യാസം വരുത്തുവാന്‍ സാധിക്കുമോ എന്നായിരുന്നു. അതു കൂടി പറയുമോ?

അപ്പു June 28, 2009 at 12:04 PM  

ഓക്കെ. അതിനർത്ഥം കുതിരവട്ടൻ ആദ്യകമന്റിൽ സൂചിപ്പിച്ച ഫയൽ കണ്ടെന്റിന് അനുസരിച്ചായിരിക്കുൻ എന്നതാണ് അല്ലേ? അങ്ങനെയാണെങ്കിൽ, മിനി ഡിവി ടേപ്പിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് ക്യാപ്ചർ ചെയ്യുന്ന avi ഫയൽ ഏതു ഫോർമാറ്റിലാണുള്ളത്? എന്തുകൊണ്ടാണ് അത് ഒരു വലിയ ഫയൽ ആയി മാറുന്നത്? അതിന്റെ റെസലൂഷൻ കൂടുതൽ ആയതുകൊണ്ടാണോ (ഡി.വി.ഡി യെ അപേക്ഷിച്ച്?)

അപ്പു June 28, 2009 at 12:06 PM  

ഇന്ത്യാഹെറിറ്റേജ്, വീഡിയോ ചിത്രങ്ങളുടെ ബ്രൈറ്റ്‌നെസ് കോണ്ട്രാസ്റ്റ് എന്നിവ അഡ്ജസ്റ്റ് ചെയ്യുവാൻ അഡോബ് പ്രീമിയറിൽ സൌകര്യമുണ്ട്. കളർ ടോണുകളും അഡ്ജ്സ്റ്റ് ചെയ്യാം. പക്ഷേ ചിത്രത്തിന്റെ മൊത്തത്തിലുള്ള “ക്ലാരിറ്റി” ഒറിജിനൽ റിക്കോർഡിംഗ് ക്വാളിറ്റിയുമായി അഭേദ്യബന്ധത്തിലായിരിക്കുമെന്നു മാത്രം.

കുതിരവട്ടന്‍ :: kuthiravattan June 28, 2009 at 12:18 PM  

എനിക്കറിയാവുന്നത് പറയാം‌‌‌‌ :-)

എം‌‌പി 3 ഒരു ലോസ്സി കോഡക്കാണ്‍‌‌‌‌. അതു പോലെ വീഡിയോയ്ക്കും കോഡക്കുകളുണ്ട്. സാധാരണയായി ഉപയോഗിക്കുന്നത് mpeg1, mpeg2, mpeg4, DIVX 1-3, H263, H264, WMV1, WMV2, Theora എന്നീ കോഡക്കുകളാണ്‍‌‌‌‌‌‌. ഒരു എവിഐ ഫയലിലെ കണ്ടന്റ് ഇതിലെ ഏതു ഫോര്‍‌‌മാറ്റില്‍‌‌‌‌ വേണമെങ്കിലും ആകാം‌‌‌‌.

വിക്കിയില്‍‌‌ നിന്നും - the audio/visual data contained in the "movi" chunk can be encoded or decoded by software called a codec, which is an abbreviation for (en)coder/decoder. Upon creation of the file, the codec translates between raw data and the (compressed) data format used inside the chunk. An AVI file may carry audio/visual data inside the chunks in virtually any compression scheme, including Full Frame (Uncompressed), Intel Real Time (Indeo), Cinepak, Motion JPEG, Editable MPEG, VDOWave, ClearVideo / RealVideo, QPEG, and MPEG-4 Video.

Helper | സഹായി June 28, 2009 at 12:19 PM  

കുതിരവട്ടന്‍,

// ഫയലുക‌‌ള്‍‌‌‌‌ കണ്ടെയ്നറുകളാണ്‍‌‌. വീഡിയോ ഫോര്‍‌‌മാറ്റ് വേറെയാണ്‍. ഉദാഹരണമായി ഒരു .avi അല്ലെങ്ങ്കില്‍‌‌ .mpeg ഫയലിനുള്ളിലെ വീഡിയോ ഡാറ്റ MPEG യോ WMV യോ MP4 ഓ DIVX ഓ ഒക്കെ ആകാം‌‌. //

No, the Video Data is in Single format, then you want to convert it in different format. Am i right?
MPEG File is containg the video in MOEG1 or MPEG2 format, it is not in AVI format. eventhough you can convert it AVI.

Helper | സഹായി June 28, 2009 at 12:30 PM  

അപ്പൂവേട്ടാ, കുതിരവട്ടൻ,

ഒരു മിനി ഡിവിയിലുള്ള ഫയൽ AVI ഫോർമേറ്റിൽ നിന്നും, കമ്പ്യൂട്ടർ വഴി, DVD/CD ഫയലാക്കുമ്പോൾ അതിന്റെ ഫോർമേറ്റ്‌ മാറുന്നു. ഫോർമേറ്റ്‌ കമ്പ്രസ്‌ ചെയ്ത്‌ ആ ഫയലിനെ ചെറുതാക്കുന്നു.

Container format എന്നാൽ വിവിധതരം ഡാറ്റ ഒരു ഫയലിൽ സ്വീകരിക്കുന്നു എന്നാണ്‌. ഉദ: Realaudio, TIFF.

ഒരു container file ചാപ്റ്റർ വിവരങ്ങൾ, hyperlinks, Sub titiles എന്നിവ ശേഖരിച്ച്‌ വെക്കുന്നു. മാത്രമല്ല, കുതിരവട്ടൻ ചേട്ടന്‌ തെറ്റിയത്‌ Container file വിവിധതരം കോഡക്കുകളും ശേഖരിക്കുന്നു. അത്‌കൊണ്ടാണ്‌ Container file വിവിധതരം പ്ലയറുകളിൽ ഉപയോഗിക്കുവാൻ കഴിയുന്നത്‌.

ഹരീഷ് തൊടുപുഴ June 28, 2009 at 12:45 PM  

എന്റമ്മോ!!!

ഒരു കല്യാണനിശ്ചയത്തിന്റെ സദ്യയും ഉണ്ട് വന്നപ്പോഴേക്കും, ഇവിടെ നടക്കുന്ന സദ്യ കണ്ട് വയറും നിറഞ്ഞു, ത്രില്ലിലുമായി...
:)

@ സഹായി;
എന്റെ കാമിലും അപ്പോള്‍ ആ സംഭവം (i-LINK)ഉണ്ട്. ഹോ!! ഇപ്പഴാ ഒരു സമാധാനമായത്!!!
ഇനി പറഞ്ഞുതരൂ..
ഫയര്‍വയര്‍ കാര്‍ഡിനേപറ്റി വിശദമായി..
ഒരു മൌസ് ക്ലിക്കില്‍ കിട്ടുന്ന സോഫ്റ്റ്വേയറിനേ പറ്റി..
നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണോ??
അതോ പൈസ കൊടുത്തു വാങ്ങണമോ??
ഇവിടെ ഒരാളോട് ആ കാര്‍ഡിന്റെ വില അന്വോഷിച്ചപ്പോള്‍ 17,000/- ആകുമെന്നു പറയുന്നു.
വിദേശത്ത് അതിലും താഴെയാണെങ്കില്‍, അപ്പുവേട്ടാ; അടുത്ത മാസം വരുമ്പോള്‍ എനിക്കും ഒരെണ്ണം വാങ്ങിക്കൊണ്ടു വരാമോ??
ഇവിടെ വരുമ്പോള്‍ പൈസ തരാം. എന്തു വേണെല്‍ ചിലവും ചെയ്യാം.
സഹായി പറഞ്ഞതുവച്ച് അവിടൊക്കെ 5000-6000 മല്ലേ ആകൂ..

SLR നോടു പ്രിയം കൂടിയതിനാല്‍ കാം കൂടുതല്‍ ഉപയോഗിക്കാറില്ല. അതിനെ നോക്കാറു കൂടിയുണ്ടായിരുന്നില്ല!!!
ഇനിയും ഒരെണ്ണം കൂടി വാങ്ങിച്ചാലും അത്രകണ്ട് ഉപയോഗിക്കുകയുമില്ല.
ഇപ്പോള്‍ കൈയ്യിലിരിക്കുന്നത് ഇരുന്നു പോകുകയും ചെയ്യും.
ഇപ്പോള്‍ കൈയ്യിലിരിക്കുന്നതു വച്ച് i-LINK വഴി 10% ഡാറ്റാ ലോസേ ഉള്ളുവെങ്കില്‍...
ആ പരീക്ഷണം കൂടി ഒന്നു ശ്രമിച്ചു നോക്കാം എന്നെനിക്കു തോന്നുന്നു.
വെളിയില്‍ കൊടുത്ത് ഈ ഡാറ്റാസ് ഡി.വി.ഡി യിലേക്കാക്കുമ്പോള്‍ നല്ല പെര്‍ഫോര്‍മന്‍സ് തന്നെ കിട്ടുന്നുമുണ്ട്.

വേഗം വേഗം താ മറുപടികള്‍..

കുതിരവട്ടന്‍ :: kuthiravattan June 28, 2009 at 12:50 PM  

"മാത്രമല്ല, കുതിരവട്ടൻ ചേട്ടന്‌ തെറ്റിയത്‌ Container file വിവിധതരം കോഡക്കുകളും ശേഖരിക്കുന്നു. അത്‌കൊണ്ടാണ്‌ Container file വിവിധതരം പ്ലയറുകളിൽ ഉപയോഗിക്കുവാൻ കഴിയുന്നത്‌."

ഇതൊന്നു മലയാളത്തില്‍‌‌ പറയാമോ? വായിച്ചിട്ട് എനിക്കെന്തോ തെറ്റിയെന്നു മാത്രം മനസ്സിലായി :-)

Helper | സഹായി June 28, 2009 at 12:58 PM  

കുതിരവട്ടൻ,

ചേട്ടന്‌ കാര്യം മനസിലായല്ലോ, ഇനിയും വരുന്നവർക്കായി വീണ്ടും പറയാം.

ഒരു realmedia file അല്ലെങ്കിൽ MPEG4 വിഡിയോ/ആഡിയോ ഫയലിൽ വിവിധതരം ഡാറ്റ സ്റ്റോർ ചെയ്യും. ഉദ: ചാപ്റ്ററിന്റെ വിവരങ്ങൾ, ലിങ്കുകൾ, സബ്‌ ടൈറ്റിലുകൾ എന്നിവ, അതെ വിഡിയോ ഫയലിൽ ശേഖരിച്ചിരിക്കും. ഒരു സിങ്കിൾ ഫയൽ. (ഒരു കൂട്ടം ഫയലുകളെ ഒരു സിങ്കിൾ ഫയലാക്കുന്നു എന്ന് ചുരുക്കം).

മാത്രമല്ല, ഈ ഫയലുകൾ, വിവിധതരം കോഡകുകളുടെ വിവരങ്ങളും ശേഖരിക്കുന്നു. അതാണ്‌ ഇത്തരം ഫയലുകൾ നമുക്ക്‌, ഏത്‌ പ്ലയർ ഉപയോഗിച്ചും തുറക്കുവാൻ കഴിയുന്നത്‌.

കുതിരവട്ടന്‍ :: kuthiravattan June 28, 2009 at 1:04 PM  

എനിക്കെന്തോ തെറ്റി എന്നു പറഞ്ഞു എന്നു മനസ്സിലായി. എന്താണ്‍‌‌‌‌ തെറ്റിയെന്ന് പറഞ്ഞത് എന്നു മനസ്സിലായില്ല.

Helper | സഹായി June 28, 2009 at 1:18 PM  

ഹാരിഷേട്ടാ,

i.link port / Firewire port-ന്‌ അത്രയും കാശ്‌കൊടുക്കല്ലെ. VGA കാർഡ്‌ പോലെയുള്ള ഒരു PCI കാർഡാണ്‌ ഇവൻ. ഇതിന്‌ വെറും 40 റിയാൽ മാത്രം അതായത്‌ 400-500 രൂപ. (അപ്പുവേട്ട എന്നെ ഓടിച്ചിട്ട്‌ അടിക്കല്ലെ, ഞാൻ മീറ്റിൽവന്ന് ചോദിച്ച്‌ വാങ്ങാം.)

തുടക്കകാർക്കായി എറ്റവും നല്ല വിഡിയോ എഡിറ്റിങ്ങ്‌ സോഫ്റ്റ്‌വെയർ ദാ ഇങ്ങനെ:-

1. Ulead VideoStudio 2. Pinnacle Studio Plus 3. Adobe Premiere Elements 4. Roxio VideoWave Professional

ഇതിൽ ആരാണ്‌ കേമൻ എന്ന് Ulead ഉം pinnacle ഒം തമ്മിൽ അടിനടക്കുന്നുണ്ട്‌. രണ്ടും ആർക്കും പെട്ടെന്ന് പഠിക്കാം.

സൂക്ഷിക്കുക,
Pentium 2-3 കമ്പ്യൂട്ടറിൽ ഇവനെ കയറ്റിവെച്ച്‌, എന്റെ കമ്പ്യൂട്ടർ ഹാങ്ങായി എന്ന് പറഞ്ഞാൽ, അമ്മച്ചിയാണെ ഞാൻ ഈ പരിപാടി....

എറ്റവും പുതിയ കമ്പ്യൂട്ടർ, മെമ്മറിയും, ഡിസ്ക്‌ സ്പേസും, ഒരു അഡീഷണൽ ഗ്രഫിക്‌ കാർഡും ഇതോക്കെ, ഇവരുടെ പുതിയ വേർഷന്‌ വേണം. എങ്കിലും പഠിക്കുവാൻ ഇവിയരുടെ പഴയ വേർഷൻ കിട്ടുന്നുണ്ട്‌.

പ്രോഗ്രാം നെറ്റിൽനിന്നും ഡൗൺ ചെയ്യാം.

(ഇന്ന്, torrent കഴിലുള്ളപ്പോൾ, ആരെങ്കിലും കാശ്‌കൊടുത്ത്‌ ഇത്‌ വാങ്ങുമോ, Vista മൈക്രോസോഫ്റ്റ്‌ അനൗൺസ്‌ ചെയ്യുന്നതിനും മുൻപെ, torrent-ൽ ലഭ്യമായിരുന്നു. എങ്കിലും സൂക്ഷിക്കുക മിക്ക torrent സൈറ്റുകളിൽ നിന്നും വൈറസ്‌ ഫ്രീയായി കിട്ടും, എങ്കിലും സുക്ഷിച്ച്‌, സ്കാൻ ചെയ്ത്‌, ഡൗൺ ചെയ്യാം.

ചേട്ടന്റെ DVD/CD ഫയലിന്‌ ക്ലാരിറ്റി കൂടുതൽ ലഭിക്കുവാൻ കാരണം, അവർ സാധരണ, കാമിൽ നിന്നും നേരിട്ട്‌ കമ്പ്യൂട്ടറിലേക്ക്‌, കാം കമ്പനിയുടെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച്‌ ഡൗൺ ചെയ്യുന്നത്‌കൊണ്ടാണ്‌. അവർക്ക്‌, മികച്ച എഡിറ്റിങ്ങ്‌ സെറ്റപ്പ്‌ ഉണ്ടാവും, നമുക്ക്‌ അതില്ലല്ലോ.

അപ്പു June 28, 2009 at 1:20 PM  

കുതിരവട്ടൻ തന്ന വിക്കിപീഡിയ ലിങ്കുവഴി പോയി avi ഫയലുകളെപ്പറ്റി കൂടുതൽ വായിച്ചു പഠിച്ചു. നന്ദി കുതിരവട്ടൻ. അപ്പോൾ മനസ്സിലായ കാര്യങ്ങൾ എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് മനസ്സിലാവുന്ന മലയാളത്തിൽ ഇവിടെ എഴുതാം. ഒരു വീഡിയോ ഡേറ്റയുടെ സൈസ് അത് എഴുതിയിരിക്കുന്ന ഫോർമാറ്റിനു അനുസരിച്ച് മാറും. ചില ഫോർമാറ്റുകൾ വീഡിയോ കമ്പ്രസ് ചെയ്ത് ഉണ്ടാക്കുന്നവയാണ്. മറ്റു ചിലവയിൽ അത്രത്തോളം കമ്പ്രസ് ചെയ്യാതെ ഹൈ ക്വാളിറ്റി നിലനിർത്തിയിട്ടുണ്ടാവും. avi, mov, flv തുടങ്ങിയ ഫയൽ എക്സ്റ്റൻഷനുകളിലുള്ള ഫയലുകൾ യഥാർത്തത്ഥിൽ ഒരു Container or wrapper ഫോർമാറ്റ് ആണ്. എന്നുവച്ചാൽ മേൽ‌പ്പറഞ്ഞവയിൽ ഏതെങ്കിലും തരത്തിലുള്ള വീഡിയോ ഫോർമാറ്റുകളിലുള്ള ഡേറ്റയുടെ കഷണങ്ങളെ ഒന്നിച്ചു പൊതിഞ്ഞുകെട്ടി ഒറ്റഫയലായി തരുവാനുള്ള ഒരു പൊതിച്ചിൽ എന്നോമറ്റോ മനസ്സിലാക്കാം. സമൂസയുടെ പുറത്തെ പാളിപ്പോലെ. ഓരോ കെട്ടിന്റെയും വലിപ്പവും ‘ഭാരവും’ അകത്തിരിക്കുന്ന കഷണങ്ങളുടെ നിലവാരത്തിനനുസരിച്ച് മാറും എന്നുമാത്രം. ഈ രീതിയിൽ wrap ചെയ്ത് ലഭിക്കുന്ന ഡേറ്റയാണ് avi ഫയലിൽ ഉള്ളത്. ഇങ്ങനെയല്ലാതെ ഒറ്റ ഫയലായി കിട്ടുന്ന ഡേറ്റയും ഉണ്ട്. ഉദാഹരണം ജെ.പി.ജി (ഇതു വീഡിയോ അല്ല).

അടുത്ത ചോദ്യം കുതിരവട്ടനോട്. പോസ്റ്റിൽ ഇപ്പോഴുള്ള തെറ്റ് ഒഴിവാക്കാൻ എന്തു ചെയ്യണം? “സര്‍വ്വ സാധാരണമായി ഇന്ന് ഉപയോഗിക്കുന്ന ഡിജിറ്റല്‍ വീഡിയോ ഫോര്‍മാറ്റുകളില്‍ ചിലത് താഴെക്കൊടുക്കുന്നു“ ഈ വാചകത്തിൽ “ഡിജിറ്റൽ വീഡിയോ കണ്ടെയ്നർ ഫോർമാറ്റുകൾ” എന്നു ചേർത്തതിനു ശേഷം ലിസ്റ്റിലുള്ള avi, flv, mov എന്നിവ മാത്രം ചേർത്താൽ പ്രശ്നം തീരുമോ?

അപ്പു June 28, 2009 at 1:23 PM  

അതുമല്ല ഹരീഷിനു i-link കണക്ഷനുവേണ്ടിയുള്ള കേബിൾ ഉണ്ടോ? ഞാൻ പണ്ട് ഒരുപാട് അന്വേഷിച്ചിട്ടുണ്ട് ദമാമിൽ, കിട്ടിയിട്ടില്ല :-(

ഹരീഷേ, പുതിയൊരു Mini DV ക്യാമറ വാങ്ങെന്ന്.. അല്ലെങ്കിൽ ഒരു PD 170 തന്നെയായിക്കോട്ടെന്നേ :-)

Helper | സഹായി June 28, 2009 at 1:25 PM  

അയ്യോ ചേട്ട അങ്ങിനെയല്ല.
(എന്നെ കൊല്ല്)
ചേട്ടന്‌ സംശയം വന്നത്‌, Codec / file format വിഷയത്തിലാവാം എന്നാണ്‌ പറഞ്ഞത്‌, തെറ്റിധരിക്കരുത്‌, പ്ലീസ്‌.

ഫയലുകൾ പ്ലേ ചെയ്യാൻ കോഡക്കുകൾ വേണം. ഒരു കോഡക്കിലുള്ള ഫയൽ, മറ്റോരു കോഡകിൽ പ്ലേ ചെയ്യില്ല. അതാണ്‌ ചില DVD/CD നാം കമ്പ്യൂട്ടറിൽ പ്ലേ ചെയ്യുമ്പോൾ, Codec not available എന്ന് കാണുന്നത്‌.

എന്നാൽ, Container file എന്ന വിഭാഗം, വിവിധതരം മോഡകുകളുടെ വിവരങ്ങളും, അവയിൽ പ്ലേ ചെയ്യാനുള്ള വിദ്യയും ശേഖരിക്കുന്നു. എല്ലാം ഒരു ഫയലിൽ.

വിവിധയിനം ഫോർമേറ്റിലുള്ള ഫയലുകൾ KMPLayer എന്ന പ്രോഗ്രാമിലൂടെ നമുക്ക്‌ കാണുവാൻ സാധിക്കും.

തെറ്റിധരിച്ചതിൽ മാപ്പ്‌.
വിശദീകരിക്കുവാൻ സമയകുറവുണ്ടായിരുന്നത്‌ കാരണം, പെട്ടെന്ന് പറഞ്ഞ്‌പോയി. ക്ഷമിക്കുക

കൊട്ടോട്ടിക്കാരന്‍... June 28, 2009 at 1:35 PM  

അഭയക്കേസുകണ്ട് കേറിയതാ....
ഞമ്മള് പിന്ന വരാം...

ViswaPrabha | വിശ്വപ്രഭ June 28, 2009 at 1:36 PM  

ഒരു പോസ്റ്റിലും കമന്റുകളിലും മാത്രമായി ചർച്ച ചെയ്യാവുന്നതോ മനസ്സിലാവുന്നതോ അല്ല വീഡിയോ റെക്കോർഡിങ്ങും എഡിറ്റിങ്ങും ഫോർമാറ്റുകളും. അതുകൊണ്ടാണു് ഇതു് ഒരു സീരീസ് തന്നെയാക്കാം എന്നു നേരത്തെ പറഞ്ഞത്.

ഫോർമാറ്റ് എന്നുദ്ദേശിക്കുന്നതിനു് പല തലങ്ങളുണ്ട്. അവയെക്കുറിച്ച് വിശദമായി പറയാൻ പെട്ടെന്നു് കുത്തിക്കുറിച്ചെഴുതിയ ഒരു കുറിപ്പ് ഇവിടെ ഒരു ഗൂഗിൾ ഡോക്യുമെന്റ് ആയി പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇതു കൂടുതൽ ഭംഗിയാക്കാൻ താൽ‌പ്പര്യമുള്ളവരെ ഡോക്യുമെന്റ് എഡിറ്റർമാരായി ക്ഷണിക്കുന്നു.

അപ്പു June 28, 2009 at 1:38 PM  

വിശ്വേട്ടാ ഇതൊരു സീരീസാക്കാൻ തക്ക ‘ജ്ഞാനം‘ എനിക്കില്ലെന്ന് ഇത്രയും നേരത്തെ എന്റെ കമന്റുകളിൽ നിന്ന് വ്യക്തമായല്ലോ !! കുതിരവട്ടനോ സഹായിയോ ഒക്കെ വിചാരിച്ചിരുന്നെങ്കിൽ അതു നടന്നേനെ.

ViswaPrabha | വിശ്വപ്രഭ June 28, 2009 at 1:43 PM  

ഫയർവയർ / i-link/ IEEE 1394 എന്നത് ഒരു ഡിജിറ്റൽ ട്രാൻസ്മിഷൻ ഫോർമാറ്റ് ആണു്.

ഫയർവയറിലൂടെ കണക്റ്റ് ചെയ്ത ഒരു ക്യാമറയെ വിൻഡോസ് എക്സ്പി കമ്പ്യൂട്ടറിനു് നേരിട്ടു് മനസ്സിലാക്കാൻ / തിരിച്ചറിയാൻ കഴിയും. അതിനുശേഷം മിക്കവാറും എല്ലാ വീഡിയോ സോഫ്റ്റ്വെയറുകളും (യാഹൂ മെസ്സഞ്ജർ/ MSN ലൈവ് തുടങ്ങിയ ചാറ്റ് പ്രോഗ്രാമുകൾക്കടക്കം) ആ ക്യാമറ ഉപയോഗിച്ച് വീഡിയോ ഉപയോഗിക്കാനാവും.
(ക്യാമറയിലെ ടേപ്പിനെ റീവൈൻഡ്, പ്ലേ, പോസ്, ഫാസ്റ്റ് എന്നെല്ലാം കമ്പ്യൂട്ടറിൽനിന്നുതന്നെ നിയന്ത്രിക്കാനും സാധിക്കും!)


ഫയർവയർ കാർഡിനു് പണ്ട് മുടിഞ്ഞ വിലയായിരുന്നു. ഇപ്പോൾ വളരെ കുറഞ്ഞ നിരക്കിൽ ലഭിയ്ക്കും. കേബിളിനും അധികം വിലയില്ല. (രണ്ടു വലിപ്പത്തിലുണ്ട് ഇതിന്റെ കണക്റ്ററുകൾ. ആവശ്യമുള്ളതു് നോക്കി വാങ്ങണം.)

കുതിരവട്ടന്‍ :: kuthiravattan June 28, 2009 at 2:05 PM  

“സര്‍വ്വ സാധാരണമായി ഇന്ന് ഉപയോഗിക്കുന്ന “ഡിജിറ്റൽ വീഡിയോ കണ്ടെയ്നർ ഫോർമാറ്റുകൾ” എന്നു ചേർത്തതിനു ശേഷം ലിസ്റ്റിലുള്ള avi, flv, mov എന്നിവ മാത്രം ചേർത്താൽ പ്രശ്നം തീരുമോ?"

ഡിജിറ്റല്‍‌‌ "വീഡിയോ ഫയല്‍‌‌ ഫോര്‍‌‌മാറ്റുക‌‌ള്‍‌‌‌‌ " എന്നുപയോഗിക്കുന്നതാവും കൂടുതല്‍‌‌ നല്ലത്. സാധാരണ ഉപയോഗിക്കുന്ന കോഡക്കുക‌‌ള്‍‌‌‌‌ എന്നും പറഞ്ഞ് കോഡക്കുകളുടെ ലിസ്റ്റും കൊടുക്കാം‌‌‌‌.

അപ്പു June 28, 2009 at 2:26 PM  

കുതിരവട്ടൻ പറഞ്ഞ കാര്യങ്ങളും, വിശ്വേട്ടൻ തന്ന ഷെയേർഡ് ഫയലിലെ ചിലവിവരങ്ങളും ചേർത്ത് വീഡിയോ ഫോർമാറ്റുകൾ എന്ന ഭാഗം മാറ്റിയെഴുതിയിട്ടുണ്ട്. കുതിരവട്ടൻ, ഒരിക്കൽ കൂടി ആ ഭാഗം വായിച്ചിട്ട് ഇപ്പോൾ ശരിയായോ എന്ന് ഒന്ന് പറയാമോ !!

കുതിരവട്ടൻ, വിശ്വേട്ടൻ, സഹായി.. നന്ദി.

ചാണക്യന്‍ June 28, 2009 at 2:35 PM  

അപ്പുമാഷെ,

നല്ല പോസ്റ്റ്....അറിവുകള്‍ പകര്‍ന്നു തരാനുള്ള താങ്കളുടെ നല്ല മനസ്സിനു നന്ദി....

ഗുപ്തന്‍ June 28, 2009 at 3:30 PM  

റ്റെക്നിക്കലായുള്ള കാര്യങ്ങള്‍ ഇത്ര ലളിതമായി പറയാനുള്ള കഴിവിന് ഒരിക്കല്‍ക്കൂടി അഭിനന്ദനം. വിശ്വേട്ടനും ‘പ്രഭേച്ചിയും‘ ഒക്കെ പറഞ്ഞതുപോലെ ഒരു സീരീസാക്കാമെങ്കില്‍ നന്നായിരിക്കും. കാംകോഡര്‍ റ്റിപ്സ് മുതല്‍ തുടങ്ങണം ;)

അങ്കിള്‍ June 28, 2009 at 7:35 PM  

ഇതു വായിച്ച എന്റെ ഓര്‍മ്മകള്‍ 1980 കളിലേക്ക് പോകുന്നു. ഇന്നത്തെ പോലെ അന്നും വിവാഹങ്ങള്‍ക്ക് വീഡിയോ എടുക്കുന്നത് ഒരു ഒഴിവാക്കാനാകാത്ത ചടങ്ങായി മാറിക്കൊണ്ടിരിക്കുന്ന കാലം. വീഡിയോ ക്യാമറ മാത്രം പോര. വി.സി.ആറും തോളില്‍ തുക്കിയാണ് അവരുടെ വരവ്. ക്യാമറയില്‍ റിക്കാര്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ തോളില്‍ തൂക്കിയിട്ടിരിക്കുന്ന വി.സി.ആറില്‍ റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. അപ്പുവിന്റെ പടത്തില്‍ കാണിച്ചിരിക്കുന്ന വി.എച്ച്.എസ്സ് വീഡിയോ കാസറ്റുകളാണു ഉപയോഗിച്ചിരുന്നത്.

വീഡിയോ എഡിറ്റിംഗ് അന്ന് ഒരു പ്രശ്നം തന്നെയായിരുന്നു. എഡിറ്റിംഗിനു വേണ്ടുന്ന പ്രത്യേക ഉപകരണത്തിനു താങ്ങാനാവാത്ത വില. പ്രൊഫഷണലുകള്‍ മാത്രമേ അതുപയോഗിച്ച് കണ്ടിട്ടുള്ളൂ. സാധാരണ കല്യാണ പടം പിടിത്തക്കാര്‍ അതുകൊണ്ട് ഒരു വി.സി.പി യും മറ്റൊരു വി.സി.ആറും കൊണ്ട് കാര്യം നടത്തിയെടുക്കും. വി.സി.പിയില്‍ പ്ലേ ചെയ്യുമ്പോള്‍ അതുമായി കണക്ട് ചെയ്തിരിക്കുന്ന വി.സി.ആറില്‍ ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രം കോപ്പിചെയ്ത് പുതിയ എഡിറ്റഡ് കോപ്പി ഉണ്ടാക്കും. പക്ഷേ ഒരു പ്രശ്നമുണ്ട്. എഡിറ്റ് ചെയ്തു കിട്ടിയ പുതിയ പതിപ്പിന്റെ ക്വാളിറ്റി കുറവായിരിക്കും. അതു കൊണ്ട് കഴിയുന്നതും ഒരു എഡിറ്റിംഗ് ഒഴിവാക്കത്തക്ക വിധത്തില്‍ വളരെ ശ്രദ്ധിച്ചായിരിക്കും അന്നത്തെ വീഡിയോ ഗ്രാഫര്‍മാര്‍ ജോലി ചെയ്യുന്നത്. ഇന്നു ഡിജിറ്റല്‍ വീഡിയോ വന്നപ്പോള്‍ ആ പ്രശ്നമെല്ലാം തീര്‍ന്നു. പകര്‍പ്പുകളെല്ലാം, ഒറിജിനല്‍ പോലെ നല്ലത്.

തിരുവനന്തപുരത്തുണ്ടായിരുന്ന ഏതാണ്ട് എല്ലാ വീഡിയോഗ്രഫര്‍മാരും കല്യാണത്തിയതിക്ക് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് മുന്നേ ഒരു ബ്ലാങ്ക് വി.എച്ച്.എസ്സ് കാസ്സറ്റും കൂടെ ആ കല്യാണകുറിയും എന്റെ കൈയ്യില്‍ എത്തിക്കും. അന്നൊക്കെ വീഡിയോ ടൈറ്റിലിംഗ് എന്റെ ഹോബിയായിരുന്നു. വിവാഹം റിക്കാര്‍ഡ് ചെയ്തു കഴിഞ്ഞ് കാസറ്റില്‍ എഡിറ്റ് ചെയ്ത് ടൈറ്റിലുകള്‍ ചേര്‍ക്കുന്നത് വലിയ ചെലവുള്ള കാര്യം. അതിനു വേണ്ടി കൂടുതല്‍ ചെലവാക്കാന്‍ ആരും തയ്യാറല്ല. എന്നാല്‍ ബിസിനസ്സ് പിടിക്കാനായി എല്ലാരും വീഡിയോ ടൈറ്റ്ലിംഗ് ഒരു ആഡഡ് അട്രാക്ഷനായി കൂടുതല്‍ ചാര്‍ജ്ജ് ചെയ്യാതെ ചെയ്തു കൊടുക്കണം.അതുകൊണ്ടാണ് എന്റടുത്തു കൊണ്ടു വരുന്നത്. നമ്മുടെ കൈപ്പള്ളീക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ പറയാനുണ്ടായിരിക്കും.

എന്റെ കൈയ്യിലുണ്ടായിരുന്ന ഹോം കമ്പ്യൂട്ടറില്‍ (spectrum +) വി.എച്ച്.എസ് കോമ്പോസിറ്റ് വീഡിയോ ഔട്ട് ഉണ്ടായിരുന്നതിനെ ഞാനും ശരിക്ക് മുതലെടുത്തു. കമ്പ്യൂട്ടറില്‍ കൂടിയുണ്ടാക്കുന്ന ടൈറ്റ്ലുകള്‍ (കല്യാണകുറിയെ ആധാരമാക്കി) നേരെ ബ്ലാങ്ക് വീഡിയോ കാസറ്റിന്റെ തുടക്കത്തിലേക്ക് ഒരു വീ.സി.ആര്‍ വഴി റിക്കാര്‍ഡ് ചെയ്യും. അതിനു തുടര്‍ച്ചയായിട്ടായിരിക്കും കല്യാണപരിപാടികള്‍ പിടിക്കുന്നത്.

അങ്ങനെ കുറച്ചു നാള്‍ ഈ പരിപാടി തുടര്‍ന്നപ്പോള്‍, അതിന്റെ ഗുട്ടന്‍സ് പലര്‍ക്കും പിടികിട്ടി. അവരും spectrum + കമ്പ്യൂട്ടര്‍ വാങ്ങിതുടങ്ങി. എന്നെകൊണ്ടു തന്നെ വീഡിയോ ടൈറ്റ്ലിംഗ് ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ ഉണ്ടാക്കിച്ച് പലരും വീഡിയോ ടൈറ്റ്ലിംഗ് സ്വന്തമായി തുടങ്ങി. അതായത് ഞാന്‍ തന്നെ എന്റെ കുഴി കുഴിച്ചു.

എന്റെ നഷ്ടം നികഴ്ത്താനായിട്ടാണ് 1986 ല്‍ spectrum + കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനായി ഞാനും എന്റെ ഒരു സുഹൃത്തും ചേര്‍ന്നു മലയാള ലിപി ആദ്യമായി ഡവലപ്പ് ചെയ്തെടുത്തത്.[അന്നത്തെ മാതൃഭൂമി പത്രം ഈ മലയാളം ലിപികളെ ഒരു കണ്ടുപിടിത്തമായി ആഘോഷിച്ചതും ഓര്‍മ്മവരുന്നു.] മലയാള ലിപി ഉപയോഗിച്ചുള്ള കല്യാണ വീഡിയോ ടൈറ്റ്ലിംഗ്, നഷ്ടപ്പെട്ട എന്റെ കസ്റ്റമേര്‍സിനെ തിരിയെകൊണ്ടു വന്നു. മൂന്നു നാലു കൊല്ലം കൂടി ഞാന്‍ അതും കൊണ്ട് നടന്നു.

ഔദ്ദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നതു കൊണ്ടും, എന്റെ താല്പര്യം വെറും വീഡിയോ ടൈറ്റ്ലിംഗില്‍ ഒതുക്കേണ്ടതല്ലെന്നു മനസ്സിലാക്കിയതു കൊണ്ടും ഞാനാ പരിപാടി നിര്‍ത്തി. അപ്പോഴേക്കും ഈ വീഡിയോ ടൈറ്റ്ലിംഗുമായി ധാരാളം പേര്‍ വിപണിയില്‍ എത്തിചേര്‍ന്നു എന്നുള്ള കാര്യവും മറക്കുന്നില്ല.

ഇന്നുള്ള ഡിജിറ്റൈസ് ചെയ്യാവുന്നു, എങ്ങനെ വേണമെങ്കിലും എഡിറ്റ് ചെയ്യാവുന്ന, റിക്കാര്‍ഡിംഗിനെപറ്റി അപ്പു എഴുതിയത് വായിച്ചപ്പോല്‍ ഇതെല്ലാം ഓര്‍മ്മ വരുന്നു.

വായനക്കാരെ ബോറടിപ്പിച്ചതിനു ക്ഷമിക്കണം.

അപ്പു June 28, 2009 at 8:13 PM  

അങ്കിള്‍, ഒട്ടും ബോറായില്ല ഈ പഴയ ഓര്‍മ്മകള്‍. 1980 കളിലെ ക്യാമറകളുപയോഗിച്ച് വീഡിയോ റിക്കോര്‍ഡ് ചെയ്യണമായിരുന്നെങ്കില്‍ വീ.സി.ആറും അതോടൊപ്പം തൂക്കിപ്പിടിച്ച് നടക്കേണ്ടിയിരുന്നു എന്നത് ഒരു പുതിയ അറിവായിരുന്നു. ഹയ്യോ, എന്തൊരു മെനക്കേടായിരുന്നിരിക്കും അത് !! അതില്‍ നിന്ന് ഇപ്പോള്‍ കൈപ്പത്തിയില്‍ ഒതുക്കിവയ്ക്കാവുന്ന രീതിയിലേക്ക് വീഡിയോ ക്യാമറ ഒതുങ്ങിയിരിക്കുന്നു എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. മലയാളം ടെക്സ്റ്റ് ആദ്യമായി വീഡിയോ ടൈടിലുകള്‍ ചെയ്യാനുപയോഗിച്ച ഒരാളുടെ ത്രില്‍ ശരിക്കും മനസ്സിലാകുന്നുണ്ട് ഇപ്പോള്‍. നന്ദി അങ്കിള്‍!

suraj::സൂരജ് June 29, 2009 at 4:04 AM  

അപ്പുവേട്ടാ,

പോസ്റ്റിനു നണ്ട്രി. ഫീഡ്സ് ഫുള്‍ ആക്കാമോ. റീഡറില്‍ ഒരു കഷ്ണമേ കിട്ടുന്നുള്ളൂ.

അപ്പു June 29, 2009 at 6:11 AM  

സൂരജ് ഡോക്റ്ററേ, സന്ദർശനത്തിനു നന്ദി. ഈ ബ്ലോഗിന്റെ ഫീഡ് ‘ഷോർട്ട്’ ആയിക്കിടക്കുകയാണെന്ന് എനിക്കറീയില്ലായിരുന്നു! ‘ഫുൾ’ ആക്കിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽ‌പെടുത്തിയതിനു നന്ദി.

ജോ l JOE June 29, 2009 at 9:29 AM  

അപ്പു,
ഹരീഷ് ഇന്നലെ വിളിച്ചു , ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു, പക്ഷെ തിരക്ക് മൂലം സാധിച്ചില്ല്ല.
ഇന്ന് വിശദമായി പോസ്റ്റും ആണ് ബന്ധ കമന്റുകളും വായിച്ചു. എനിക്ക് ചില പുതിയ വിവരങ്ങള്‍ അപ്പുവും അങ്കിളും തന്നു . നന്ദി .
ചര്‍ച്ച, ഒരു സാധാരണക്കാരന് പെട്ടെന്ന് മനസ്സിലാക്കിയെടുക്കുവാന്‍ സാധി ക്കുന്നതിനേക്കാള്‍ കുറച്ചു complicated discussion ആയില്ലേ എന്നൊരു സംശയം.
ആദ്യമേ അഭയക്കെസ്സിനെ ക്കുറിച്ച് തന്നെ പറയാം. ..... ഒരു ക്യാമറ നാം വാങ്ങുകയാണെങ്കില്‍ ഒന്നും അറിയില്ലെങ്കില്‍ ക്കൂടി അതിലെ സമയവും തീയ്യതിയും നാം സെറ്റ് ചെയ്യും. ഒരു വീഡിയോ എഡിറ്റര്‍ ആദ്യമേ നോക്കുന്നത് ഇതായിരിക്കും. കാരണം ഒട്ടു മിക്ക നോണ്‍ ലീനിയര്‍ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളും കാപ്ചര്‍ ചെയ്യുമ്പോള്‍ നാം ഷൂട്ട്‌ ചെയ്ത സീനുകള്‍ ഓടോമാടിക് ആയി കട്ട്‌ ചെയ്തു ബിന്നില്‍ ആക്കുന്നത് ഈ ടൈം സെറ്റിങ്ങില്‍ ആണ്. ഇത് ക്യാമറ വഴി ഡയറക്റ്റ് ഷൂട്ട്‌ ചെയ്യുമ്പോള്‍ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ. ഒരു മിനി ഡി വി ടേപ്പ് ക്യാമറ യുടെ റെക്കോര്‍ഡിംഗ് സംവിധാനം വഴി കോപ്പി ചെയ്‌താല്‍ തീയ്യതിയും സമയവും , സെറ്റ് ചെയ്തിട്ട് ഉണ്ടെങ്കില്‍ ക്കൂടിയും അത് എഡിറ്റിംഗ് സോഫ്റ്റ്‌ വെയറില്‍ തനിയെ കട്ട്‌ ആവുകയില്ല. ഈ ഒറ്റക്കാരണം കൊണ്ട് തന്നെ ഒറിജിനല്‍ ടേപ്പും കോപ്പി ചെയ്തെടുത്ത ടേപ്പും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കും. പിന്നെ എന്ത് കൊണ്ട് അഭയക്കെസ്സില്‍ ഇത്തരമൊരു " തിരിമറി വിചാരണ " നടക്കുന്നു എന്നത് ഒട്ടും മനസ്സിലാവുന്നില്ല.

സാങ്കേതികമായി , ഈ വിഷയത്തെ ക്കുറിച്ച് ഞാന്‍ കൂടുതല്‍ പ്രതിപാദിക്കുന്നില്ല. എങ്കിലും , ആറു കൊല്ലമായി വീഡിയോ എഡിറ്റ്‌ ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഒരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. ഏതാണ്ട് നാനൂറ്റമ്പത് രൂപാ മുതല്‍ വീഡിയോ കാപ്ചറിംഗ് കാര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ് (കേരളത്തില്‍ ) ; സൌകര്യങ്ങള്‍ കണക്കാക്കി അതിന്റെ വില ഒരു ലക്ഷത്തിനു മേലും ഉണ്ട്. എന്നിരുന്നാല്‍ ക്കൂടിയും ഏതാണ്ട് 3500 രൂപയ്ക്ക് മേല്‍ വില വരുന്ന കാര്‍ഡുകള്‍ ആണ് സുരക്ഷിതം എന്ന് സാധാരണയായി ഈ രംഗത്തെ പ്രഗത്ഭര്‍ പറയാറുണ്ട്‌. കുറഞ്ഞ വില ഉള്ള കാര്‍ഡുകളില്‍ ക്കൂടി " കറന്റ് " കമ്പുട്ടറില്‍ നിന്നും ക്യാമറയിലേക്ക് കയറി ഉപകരണം നശിക്കുവാനുള്ള സാധ്യത കൂടുതല്‍ ആണ്. കാരണം ഇതിനുള്ള PROTECTION CIRCUIT കുറഞ്ഞ കാര്‍ഡുകളില്‍ ഇല്ല എന്നത് തന്നെ .

ഏതാണ്ട് നാല് കൊല്ലത്തോളം ആയി പൈറോ യുടെ കാര്‍ഡും അഡോബ് പ്രീമിയര്‍ എഡിറ്റിംഗ് സോഫ്റ്റ്‌ വെയറും ഉപയോഗിക്കുന്നു. പ്രശ്ന രഹിതം .

ജോ l JOE June 29, 2009 at 9:42 AM  
This comment has been removed by the author.
ജോ l JOE June 29, 2009 at 9:44 AM  

കുറച്ചു കൂടി, ഇന്ന് ഏതാണ്ട് എല്ലാ ലാപ്‌ ടോപ്പുകളിലും, ഫയര്‍ വയര്‍ സംവിധാനം ഉണ്ട്. പക്ഷെ 2 BY 2 എന്ന
ഫയര്‍ വയര്‍ കേബിള്‍ ഇതിനുപയോഗിക്കണം. അതായത് ക്യാമറ യുടെ ഡി വി പോര്‍ട്ടും ലാപ്ടോപ്പിന്റെ ഡി വി പോര്‍ട്ടും ഒരേപോലത്തെ ആയിരിക്കും. ഡസ്ക് ടോപ്പുകളില്‍ സാധാരണ 2 by 4 എന്ന് വിളിക്കാവുന്ന നോര്‍മല്‍ ഫയര്‍ വയര്‍ കേബിള്‍ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഒരു വശം ചെറുതും കമ്പുട്ടറില്‍ കണക്റ്റ്‌ ചെയ്യുന്ന വശം ഏതാണ്ട് usb പോര്ട്ടിന്റെ അത്രയും ഉള്ളതും ആയിരിക്കും.
INTEL 965 RYC ഒറിജിനല്‍ മദര്‍ ബോര്‍ഡുകളിലും, inteL GIGABYTE മദര്‍ ബോര്‍ഡുകളിലും ഇപ്പോള്‍ 1394 DV PORT വന്നു തുടങ്ങിയിരിക്കുന്നതിനാല്‍ പ്രത്യേകം ഡി വി കാര്‍ഡിന്റെ ആവശ്യം വരുന്നില്ല.

അപ്പു June 29, 2009 at 9:46 AM  

ജോ, ഈ വിവരങ്ങൾക്ക് വളരെ നന്ദി :-) ഒരു പ്രൊഫഷനൽ എഡിറ്ററായ താങ്കൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു ഈ പോസ്റ്റ് എഴുതുമ്പോൾ. അഭിപ്രായങ്ങൾ പങ്കുവച്ചതിനു നന്ദി.

“ചര്‍ച്ച, ഒരു സാധാരണക്കാരന് പെട്ടെന്ന് മനസ്സിലാക്കിയെടുക്കുവാന്‍ സാധി ക്കുന്നതിനേക്കാള്‍ കുറച്ചു complicated discussion ആയില്ലേ എന്നൊരു സംശയം“ എന്നു സൂചിപ്പിച്ചല്ലോ. ഈ പോസ്റ്റിന് നമ്മുടെ പത്രങ്ങളുടെ സ്റ്റൈലിൽ ഒരു സെൻസേഷനൽ തലക്കെട്ട് കിടക്കട്ടെ എന്നു വിചാരിച്ചതൊഴിച്ചാൽ ചർച്ച അഭയക്കേസിനെപ്പറ്റിയല്ലല്ലോ. അതുകൊണ്ടാണ് ടെക്നിക്കൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചത്. ഡിജിറ്റൽ ഡേറ്റയെപ്പറ്റി ഒരൽ‌പ്പമെങ്കിലും അറീയാവുന്നവർക്ക് ഡിജിറ്റൽ വീഡിയോ എഡിറ്റിംഗിന്റെ ഏറ്റവും ബാലപാഠങ്ങൾ (എൽ.കെ.ജി ക്കും താഴെ! ലെവലിൽ) വിവരിക്കുക മാത്രമായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം. നന്ദി.

Helper | സഹായി June 29, 2009 at 11:06 AM  

അപ്പുവേട്ടാ, ഇത്കൂടി കുട്ടിചേർക്കുക.

MKV (Matroska Video) ഫയൽ എന്നാൽ, container format ലുള്ള എറ്റവും പുതിയ Audio/Video File Extension ആണ്‌.

MKV ഫയൽ പ്ലേ ചെയ്യുവാൻ സാധരണ Direct show യുള്ള Windows Media Player ഉപയോഗിച്ചാൽ മതിയാവും.

നിങ്ങൾക്ക്‌ ഈ ഫയൽ പ്ലേ ചെയ്യുവാൻ കഴിയുന്നില്ല എന്ന് പറഞ്ഞല്ലോ, Direct show അപ്‌ഗ്രേഡ്‌ ചെയ്യുവാൻ ശ്രമിക്കുക.

പ്രശ്നം തീർന്നില്ലെങ്കിൽ, ദാ, ഇവനെ ഇൻസ്റ്റാൾ ചെയ്യൂ.

ഒട്ടുമിക്ക വിഡിയോ/അഡിയോകളും തിരിച്ചും മറിച്ചും കൺവേർട്ട്‌ ചെയ്യുന്നവനാൺ ഇവൻ.

ഇതാ അതിന്റെ ലിങ്ക്

ഇതെന്തിനാ, എനിക്ക്‌ കൺവേർട്ടർ എന്ന് ചിന്തിക്കരുത്‌, ഇതിൽ Matroska Pack Codec ഉണ്ട്‌, അത്‌ ഒട്ടോമാറ്റിക്കായി ഇൻസ്റ്റാൾ ആവും. ഇവൻ ഉണ്ടെങ്കിൽ MKV File-ലിന്റെ യതാർത്ഥ കോഡക്കും ഫിൽറ്ററും കിട്ടും.

എന്തായാലും എറ്റവും പുതിയ ടെക്നോളജി, അതും ലോകത്തെ മുഴുവൻ കീഴടക്കും എന്ന പ്രതീക്ഷിക്കുന്ന ഒരു വിദ്യ, MOV, AVI ഫയലുകൾക്ക്‌ പകരക്കാരനായി ദാ, വരുന്നു MKV

അങ്കിള്‍ June 29, 2009 at 1:46 PM  

അഭയകേസ്സിലെ ഡോക്ടര്‍ മാലിനിക്ക് വീഡിയോ എഡിറ്റിംഗ് ആരങ്കിലും പറഞ്ഞുകൊടുത്തിരിക്കും. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ അതിനുള്ളില്‍ എന്തെല്ലാം പ്രവര്‍ത്തങ്ങള്‍ നടക്കുന്നുവെന്നു അവരറിഞ്ഞുകാണില്ല , അല്ലേ ജോ?

എഡിറ്റ് ചെയ്തു എന്നു മാത്രമല്ല, ഒറിജനലിനു എന്തുമാത്രം സമയം ഉണ്ടായിരുന്നു എന്നും, എത്ര പ്രാവശ്യം മുറിച്ച് മാറ്റിയിട്ടുണ്ടെന്നും മറ്റും പുറത്തറിഞ്ഞല്ലോ. ഇതെല്ലാം സംഭവിച്ചിരിക്കാം അല്ലേ.

എതായാലും ഡോക്ടര്‍ മാലിനി ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. കള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് ജോലി നേടിയതു പോലും!.

സുനിൽ കൃഷ്ണൻ(Sunil Krishnan) June 29, 2009 at 9:48 PM  

അപ്പൂ....

ആദ്യാക്ഷരി,
ഫോട്ടോഗ്രാഫി,
വീഡിയോ എഡിറ്റിംഗ്,
ശാസ്ത്ര കൌതുകം....

ഒന്നേ എനിയ്ക്കു പറയാനുള്ളൂ.....അഭിനന്ദനങ്ങളും പിന്നെ ഒരു വലിയ നമസ്കാരവും....!

Inji Pennu June 30, 2009 at 8:08 AM  

അപ്പൂ
ഒരു വാർത്താശകലത്തിൽ നിന്ന് ഇത്രയും വിവരങ്ങൾ പങ്ക് വെക്കാൻ തോന്നിയ സന്മനസ്സിനു നന്ദി.

അപ്പു June 30, 2009 at 8:30 AM  

ഇഞ്ചീ, നന്ദി. ബൂലോഗത്തിലേക്ക് വീണ്ടും വന്നതിൽ സന്തോഷവും :)

അബ്‌കാരി June 30, 2009 at 3:04 PM  

അപ്പുമാഷേ . ആദ്യം തന്നെ ഒരു വലിയ നന്ദി അറിയിക്കട്ടെ. അറിവ് പകര്‍ന്നു നല്‍കുക എന്നത് തന്നെ വലിയ ഒരു കാര്യം ആണ്.. എന്നാല്‍ ഇത്തരം നൂലാമാലകള്‍ പോലെ ഉള്ള സാങ്കേതികതയെ പറ്റി ലളിതമായി മലയാളത്തില്‍ പറയാന്‍ കഴിയുക എന്നത് എത്ര ബുദ്ധിമുട്ട് ആണെന്ന് ഊഹിക്കാം.
വീഡിയോ എഡിറ്റര്‍ ആയി ഞാന്‍ നാല് വര്ഷം ജോലി ചെയ്തിരുന്നു. അന്നേരം ഒന്നും കോഡെക് എന്താന്നോ ഫയല്‍ ഫോര്‍മാറ്റ്‌ എന്താന്നോ അറിയില്ലായിരുന്നു . canopus, pro one, pinnacle pro one , തുടങ്ങിയ കാര്‍ഡുകളില്‍ വര്‍ക്ക്‌ ചെയ്തിട്ടുണ്ട് .. എല്ലാം RTDV എന്ന വിഭാഗത്തില്‍ പെടുന്ന കാര്‍ഡുകള്‍ ആണ് . ( Real Time Digital Video ) . എഡിറ്റിംഗ് സമയത്ത് തന്നെ നമ്മള്‍ നല്‍കുന്ന വീഡിയോ ഇഫക്ടുകളും ട്രാന്സിഷനുകളും പ്രിവ്യൂ ആയി കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. Rendering ചെയ്യാതെ തന്നെ . അത് കൊണ്ട് തന്നെ RTDV കാര്ടുകള്‍ക്ക് വില കൂടുതലാണ് . പ്രീമിയര്‍ ഉപയോഗിച്ചാണ് എഡിറ്റിംഗ് ചെയ്തിട്ടുള്ളത് .Canopus , Edius എന്ന സോഫ്റ്വേയര്‍ കാര്‍ഡിന്റെ കൂടെ നല്‍കുന്നുണ്ട്. വില മുപ്പതിനായിരം മുതല്‍ മുകളിലോട്ട് ആയിരുന്നു.. ഇത് ഒരു വര്ഷം മുന്‍പ്‌ ഉള്ള അറിവാണ്‌ . ഈ കാര്‍ഡ്‌ ഉപയോഗിച്ച് വസ്ത്രത്തിന്റെ കളര്‍ മാറ്റാനും ചില വീഡിയോകളുടെ ബാക്ക് ഗ്രൌണ്ട് മാറ്റാനും കഴിയും. ഒരു മൌസ്‌ ക്ലിക്ക്‌ കൊണ്ട് .
Canopus ഉപയോഗിച്ച്ക്യാപ്ച്ചര്‍ ചെയ്യുമ്പോള്‍ Canopus DV avi എന്ന ഫോര്‍മാറ്റിലും Matrox ഉപയോഗിച്ച് ചെയ്യുമ്പോള്‍ എന്ന Matrox DV avi ഫോര്‍മാറ്റിലും ആണ് ഫയല്‍ സേവ് ആകുന്നതു .. ഒരു മണിക്കൂര്‍ നേരത്തെ വീഡിയോ ഏകദേശം 13 Gigabyte സൈസ്‌ വരും
നാനൂറു രൂപ മുതല്‍ ഫയര്‍വയര്‍ കാര്‍ഡുകള്‍ കിട്ടും. പക്ഷെ അത് ഉപയോഗിച്ച് വീഡിയോ ക്യാപ്ച്ചര്‍ ചെയ്യാം എന്നല്ലാതെ റിയല്‍ ടൈം പ്രിവ്യൂ കാണാന്‍ കഴിയില്ല. നമ്മള്‍ എന്ത് എഡിറ്റിംഗ് ചെയ്താലും അതിന്‍റെ റിസല്‍റ്റ്‌ "play" ചെയ്തു കാണണമെങ്കില്‍ നീണ്ട നേരത്തെ Rendering എന്ന പരിപാടി കഴിയണം .
എന്റെ പരിമിതമായ അറിവ് ഇവിടെ പങ്കു വെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം . തെറ്റ്‌ ഉണ്ടെങ്കില്‍ ആരെങ്കിലും ചൂണ്ടിക്കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
അങ്കിള്‍ പഴയ പുലി ആണല്ലേ ? കമന്റിലൂടെ അറിവ് പകര്‍ന്നു തന്ന മറ്റു കൂട്ടുകാര്‍ക്കും നന്ദി
അപ്പുമാഷിനു ഒരിക്കല്‍ കൂടി നന്ദി. ഇത് ഒരു സീരീസ്‌ ആക്കാന്‍ പറ്റുമെങ്കില്‍ വളരെ നന്നായിരുന്നു..ഒന്ന് ശ്രമിച്ചു കൂടെ ?

അപ്പു June 30, 2009 at 3:35 PM  

അബ്കാരീ, താങ്കളുടെ അനുഭവസമ്പത്ത് ഇവിടെ പങ്കുവച്ചതിനു നന്ദി അറിയിക്കട്ടെ. അപ്പോൾ Canopus, Matrox ഇവ ക്യാപചർ ചെയ്യുന്ന avi ഫയലിനുള്ളിലെ വീഡിയോ ക്വാളിറ്റി വളരെ വളരെ നല്ലതായിരികുമല്ലോ? അതല്ലേ ഇത്രയും ജി.ബി ഒരുമണിക്കൂർ ക്യാപ്ചറിൽ ലഭിക്കുന്നത്.

മാഷേ, ഇത് സീരിസാക്കി അവതരിപ്പിക്കാൻ നോക്കാം, അറിവുള്ളവരെല്ലാരും കൂടി സംഘടിച്ചാൽ... എന്നെക്കൊണ്ട് മാത്രം പറ്റുകയില്ല. ഒരു ഗ്രൂപ്പ് ബ്ലോഗായി, വീഡിയോ എഡിറ്റിംഗിൽ പരിചയമുള്ള കുറച്ചുപേർ ചേർന്ന് എഴുതിയാൽ എല്ലാവർക്കും പ്രയോജനകരമായിരിക്കും എന്നു തോന്നുന്നു.

വീ കെ July 3, 2009 at 4:45 PM  

അപ്പു മാഷെ,
പോസ്റ്റിനേക്കാൾ വിലവരുന്ന-അറിവു തരുന്ന കമന്റുകൾ..ഒരു പോസ്റ്റിലും കാണാത്ത ഈ പ്രത്യേകതയിൽ ഞാനും പങ്കു ചേരുന്നു.
തൽക്കാലം വായിച്ചു പഠിക്കാം..

അഭിനന്ദനങ്ങൾ.

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം July 6, 2009 at 10:16 PM  

കുറച്ച് എഡിറ്റിംങും കട്ടിങ്ങുമെല്ലാം നടത്തിയ ഒര്‍മകളാണ് ഈ പോസ്റ്റും കമന്റുമെല്ലാം എന്നെക്കോണ്ട് വായിപ്പിച്ചത് .കഴിഞ്ഞ വര്‍ഷം കുട്ടികളയും കൊണ്ട് കോട്ടയം ജില്ലാ കൃഷിത്തോട്ടത്തില്‍ പഠനയാത്രയ്ക് പോയപ്പോള്‍ ബഡ്ഡിഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് തുടങ്ങിയവയെകുറിച്ച് ഒരു വീഡിയോ തയാറാക്കിയിരുന്നു. യൂലീഡ് 10 ല്‍ ആണ് അത് എഡിറ്റ് ചെയ്തത്. സര്‍ക്കാരിന്റെ വക ഒരു സോണി HDD ക്യാംകോഡര്‍ സ്കൂളിലേക്ക് തരുന്നുണ്ടന്ന് അറിഞ്ഞു ( പല സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കിട്ടികഴിഞ്ഞു.) കുട്ടികളുടെ കുട്ടി സിനിമകള്‍ ഡോക്യുമെന്റരികള്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ തുടങ്ങിയവ തയ്യാറാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സംശയങ്ങളില്‍ പെട്ട് വലയുമ്പോള്‍ സഹായം അഭ്യര്‍നയ്ക്ക് ഒരു സ്ഥലം കിട്ടിയല്ലോ.. സന്തോഷമായി... അപ്പുവേട്ടാ....

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം July 6, 2009 at 10:19 PM  

കുറച്ച് എഡിറ്റിംങും കട്ടിങ്ങുമെല്ലാം നടത്തിയ ഒര്‍മകളാണ് ഈ പോസ്റ്റും കമന്റുമെല്ലാം എന്നെക്കോണ്ട് വായിപ്പിച്ചത് .കഴിഞ്ഞ വര്‍ഷം കുട്ടികളയും കൊണ്ട് കോട്ടയം ജില്ലാ കൃഷിത്തോട്ടത്തില്‍ പഠനയാത്രയ്ക് പോയപ്പോള്‍ ബഡ്ഡിഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് തുടങ്ങിയവയെകുറിച്ച് ഒരു വീഡിയോ തയാറാക്കിയിരുന്നു. യൂലീഡ് 10 ല്‍ ആണ് അത് എഡിറ്റ് ചെയ്തത്. സര്‍ക്കാരിന്റെ വക ഒരു സോണി HDD ക്യാംകോഡര്‍ സ്കൂളിലേക്ക് തരുന്നുണ്ടന്ന് അറിഞ്ഞു ( പല സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കിട്ടികഴിഞ്ഞു.) കുട്ടികളുടെ കുട്ടി സിനിമകള്‍ ഡോക്യുമെന്റരികള്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ തുടങ്ങിയവ തയ്യാറാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സംശയങ്ങളില്‍ പെട്ട് വലയുമ്പോള്‍ സഹായം അഭ്യര്‍നയ്ക്ക് ഒരു സ്ഥലം കിട്ടിയല്ലോ.. സന്തോഷമായി... അപ്പുവേട്ടാ....

chithrakaran:ചിത്രകാരന്‍ July 19, 2009 at 1:49 PM  

ഉപകാരപ്രദമായ പോസ്റ്റ്.
വീഡിയോ എഡിറ്റിങ്ങിനെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കാനുള്ള ഒരു ഇടമായല്ലോ... സന്തോഷം.
വീഡിയോ വിഷയത്തില്‍ ഒരു ഗ്രൂപ്പ് ബ്ലോഗിന് തീര്‍ച്ചയായും സാധ്യതയുണ്ടെന്ന് കമന്റെഴുതിയ ബ്ലോഗര്‍മാരുടെ താല്‍പ്പര്യം സൂചന നല്‍കുന്നു.

അനുരഞ്ജന July 27, 2009 at 3:29 AM  

അപ്പുക്കുട്ടാ,

ഒത്തിരി സൈന്റിഫിക്കായ കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞിട്ടും അനുബന്ധമായി വിശ്വ-ജോ-കുതിരവട്ട-അബ്കാരി-സഹായി-മരുടെ വിശദീകരണം ഉണ്ടായിട്ടും വേണ്ടത്ര മനസ്സിലാവാത്തത് ഈ വിഷയത്തിലുള്ള പരിജ്ഞാന കുറവുതന്നെയാണ്.
എന്നലും അങ്കിളിന്റേയും,മാഞ്ഞൂർ സർക്കാർ വിദ്യാലയത്തിന്റേയും പരിശ്രമങ്ങൾ അറിയാൻ കഴിഞ്ഞല്ലോ. എല്ലവർക്കും ആശംസകൾ.
ശ്രീമതി ജയതി

തൃശൂര്‍കാരന്‍..... September 11, 2009 at 9:25 PM  

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌..നന്ദി,...

Mahesh Cheruthana/മഹി September 14, 2009 at 10:10 PM  

അപ്പൂവേട്ടാ,
ഈ ലേഖനങ്ങൾക്ക് വളരെ നന്ദി !

Blog Archive

Header photo image : www.dualmonitorbackgrounds.com/science-fiction/DreamyWorld2nd.jpg.html

  © Blogger template Blogger Theme by Ourblogtemplates.com 2008

Back to TOP