Wednesday, October 22, 2008

അമ്പിളിഅമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് - Chandrayan 1




ഒക്ടോബര്‍ 22, 2008 ബുധനാഴ്ച രാവിലെ ആറുമണി.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ കുറേദിവസങ്ങളായി ഉറങ്ങിയിട്ട്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രഗവേഷണ ദൌത്യമായ ചാന്ദ്രയാന്‍ ഒന്നിനെയും വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വി. C11 റോക്കറ്റ് തലയുയര്‍ത്തി വിക്ഷേപണഗോപുരത്തില്‍ നില്‍ക്കുന്നു. രണ്ടുദിവസം മുമ്പ് വിക്ഷേപണത്തിനായുള്ള കൌണ്ട് ഡൌണ്‍ ആരംഭിച്ചതാണ്. ഇനി അതവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി. അവസാനവട്ട പരിശോധനകളെല്ലാം തൃപ്തികരം. അതുവരെ തോരാതെ പെയ്തമഴ തല്‍ക്കാലത്തേക്ക് ശമിച്ചിരിക്കുന്നു. ലോഞ്ച് ടവറിനുമുകളില്‍ തെളിഞ്ഞമാനം! നാലുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ അവസാനം എന്താകും എന്നറിയുവാനുള്ള ആകാംഷ എല്ലാവരുടെയും മുഖങ്ങളില്‍ കാണാം.

കൌണ്ട് ഡൌണ്‍ അതിന്റെ അവസാന പത്തുസെക്കന്റുകളിലേക്ക് എത്തിയിരിക്കുന്നു. 10, 9, 8, 7, 6, 5, 4, 3 ഇഗ്നിഷന്‍ - റോക്കറ്റിന്റെ പ്രധാന എഞ്ചിനും, വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ആറ് സ്ട്രാപ്‌ഓണ്‍ ബൂസ്റ്റര്‍ റോക്കറ്റ് എഞ്ചിനുകളും, തീതുപ്പുവാന്‍ തുടങ്ങി - 2, 1, 0 ലിഫ്റ്റ് ഓഫ് !! പി.എസ്.എല്‍.വിയെ അതുവരെ ടവറുമായി ബന്ധിപ്പിച്ചിരുന്ന സ്ട്രാപ്പുകള്‍ ഒരു വശത്തേക്ക് ഊര്‍ന്നു മാറി. വലിയൊരു മലപോലെ തീയും പുകയും പുറത്തേക്ക് വമിച്ചുകൊണ്ട് മുഴക്കത്തോടെ 294 ടണ്‍ ഭാരമുള്ള പി.എസ്.എല്‍.വി പിഴവുകളില്ലാതെ മുകളിലേക്കുയര്‍ന്നു. സെക്കന്റുകള്‍ക്കുള്ളില്‍ ആ തീഗോളം കറുത്തിരുണ്ടുനിന്ന കാര്‍മേഘങ്ങളെ കുത്തിത്തുളച്ചുകൊണ്ട് ശൂന്യാകാശത്തേക്ക് യാത്രയായി. മേഘാവൃതമായ ആകാശത്ത് ഒന്നും കാണാന്‍ സാധിക്കുന്നില്ല.


(PSLV lift-off: ISRO file image)


ഗ്രൌണ്ട് കണ്‍‌ട്രോള്‍ റൂമിലെ ഫ്ലൈറ്റ് ട്രാക്കിംഗ് സ്ക്രീനില്‍ മിന്നിമിന്നി മുന്‍പോട്ടു നീങ്ങുന്ന രണ്ടു ബിന്ദുക്കള്‍ മാത്രം. ആ സ്ക്രീനില്‍ മുന്നവേ മാര്‍ക്കു ചെയ്തിരിക്കുന്ന അതേ പാതയിലൂടെയാണ് അവയുടെ നീക്കം. അതിലെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും ശാസ്ത്രജ്ഞരുടെ മുഖങ്ങളില്‍ പുഞ്ചിരിയും, ആധിയും മിന്നിമറഞ്ഞു; ഒപ്പം ലൈവായി ഇത് ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരുന്ന ആയിരങ്ങളുടെ മനസ്സിലും. ആകാംഷയുടെ 14 മിനിറ്റുകള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ മിന്നുന്ന പ്രകാശ ബിന്ദുക്കള്‍ ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാനിന്റെ മുകളറ്റത്ത് എത്തിയിരുന്നു. ഗ്രൌണ്ട് കണ്ട്രോള്‍ റൂ‍മില്‍ അഹ്ലാദം തിരതല്ലി. പലരും പരസ്പരം ഹസ്തദാനം ചെയ്തു, കെട്ടിപ്പിടിച്ചു. ആകാംഷാഭരിതരായി കാത്തുനിന്ന മാധ്യമസംഘത്തോട് ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ ഇങ്ങനെ പ്രസ്താവിച്ചു. “ഇന്ത്യ തങ്ങളുടെ ചാന്ദ്രയാത്ര ആരംഭിച്ചുകഴിഞ്ഞു, വിക്ഷേപണം വിജയകരം”.


സ്വപ്ന നിമിഷം:


1969 ജൂലൈ 20 ന് നീല്‍ ആംസ്റ്റ്ട്രോംഗ് ചന്ദ്രനില്‍ കാലുകുത്തിയ ചരിത്രനിമിഷം അന്ന് അധികം ഇന്ത്യക്കാര്‍ ലൈവായി ടി.വിയില്‍ കണ്ടുകാണാന്‍ വഴിയില്ല. ഒരുപക്ഷേ ശാസ്തലോകവുമായി ബന്ധപ്പെട്ടിരുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ ചിലര്‍ അന്ന് അത് കണ്ടുകാണണം. എന്നാല്‍ അന്ന് അവരുടെ വിദൂരസ്വപനങ്ങളില്‍ പോലും കണ്ടുകാണാന്‍ സാധ്യതയില്ലാതിരുന്ന ഒന്നാണ് ഇന്ന് 39 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കൈവരിച്ചിരിക്കുന്ന നേട്ടം.


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ അത്തരത്തിലൊരു സ്വപ്നമുഹൂര്‍ത്തത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 6:22 ന് യാതൊരു പിഴവുകളുമില്ലാതെ കിറുകൃത്യമായി മുന്‍‌കൂട്ടി നിശ്ചയിച്ച പദ്ധതികള്‍പ്രകാരം ചാന്ദ്രയാന്‍ 1 എന്ന ചാന്ദ്രപര്യവേക്ഷണ വാഹനവും വഹിച്ചുകൊണ്ട് ഇന്ത്യയുടെ അഭിമാനമായ പി.എസ്.എല്‍.വി C11 റോക്കറ്റ് അതിന്റെ യാത്രആരംഭിച്ച്, മുന്‍‌നിശ്ചയിച്ച ഭ്രമണപഥത്തില്‍ ചാന്ദ്രയാനെ എത്തിച്ചിരിക്കുന്നു! വിക്ഷേപണത്തിനു ശേഷം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞതുപോലെ “We have started our journey to Moon"


എന്താണ് ചാന്ദ്രയാന്‍ 1:

ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാന്‍. ഈ പദ്ധതില്‍ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന മൂണ്‍ ഇം‌പാക്റ്റ് പ്രോബ് ആണ് ആദ്യഭാഗം. രണ്ടാംഭാഗം ചന്ദ്രനെ വലംവയ്ക്കുന്ന ഉപഗ്രഹമാണ്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ ഉപകരണങ്ങള്‍ രണ്ടുവര്‍ഷത്തോളം നീളുന്ന നിരീക്ഷണങ്ങള്‍, ഭ്രമണം‌ചെയ്യുന്ന ഉപഗ്രഹത്തില്‍ നിന്ന് നിര്‍വ്വഹിക്കും.


മൂണ്‍ ഇം‌പാക്റ്റ് പ്രോബ് കൂടാതെ ഐ.എസ്.ആര്‍.ഒ സ്വന്തമായി നിര്‍മ്മിച്ച അഞ്ച് ഉപകരണങ്ങളും, വിദേശ ബഹിരാകാശ ഏജന്‍സികളുടെ വേറെ ആറ് ഉപകരണങ്ങളും (ഇതിനെ സാങ്കേതികമായി പേലോഡ് എന്നുപറയും)ചാന്ദ്രയാന്‍ 1 ഉപഗ്രഹം വഹിക്കുന്നുണ്ട്. മൂണ്‍ ഇം‌പാക്റ്റ് പ്രോബ് ഐ.സ്.ആര്‍.ഒ യുടെ സ്വന്തം നിര്‍മ്മിതിയാണ്. ആറ്‌ വിദേശ ഉപകരണങ്ങളില്‍ രണ്ടെണ്ണം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നിര്‍മിച്ചതാണ്‌. മൂന്നെണ്ണം യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടേതും ഒരെണ്ണം ബള്‍ഗേറിയയുടേതുമാണ്‌. ഈ ഉപകരണങ്ങളെപ്പറ്റി വിശദമായി അനില്‍ശ്രീ എഴുതിയ ഈ പോസ്റ്റില്‍ വായിക്കാം.





















കടപ്പാട് : wikipedia commons



മൂണ്‍ ഇം‌പാക്റ്റ് പ്രോബ്:


ചന്ദ്രനിലില്‍ നിന്നും നൂറുകിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുന്ന മാതൃപേടകത്തില്‍ നിന്നും വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുവാനായി നിര്‍മ്മിച്ചിരിക്കുന്ന ഭാഗമാണ് മൂണ്‍ ഇം‌പാക്റ്റ് പ്രോബ്. ഒരു ഹൈറെസലൂഷന്‍ മാസ് സ്പെക്ട്രോമീറ്റര്‍, ഒരു വീഡിയോ ക്യാമറ, ഒരു എസ്.ബാന്റ് ആള്‍ട്ടിമീറ്റര്‍ എന്നിവയാണ് മൂണ്‍ ഇം‌പാക്റ്റ് പ്രോബില്‍ ഉള്ളത്. അതോടോപ്പം ഒരു ഇന്ത്യന്‍ പതാകചിത്രവും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പദ്ധതി വിജയകരമായാല്‍, റഷ്യ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കുശേഷം ചന്ദ്രനെതൊടുന്ന നാലാമത്തെ രാജ്യമായി മാറും ഇന്ത്യ!



പി.എസ്.എല്‍.വി:

ഏതൊരു സ്പേസ് മിഷന്റെയും സുപ്രധാനഭാഗമാണ് അതിലെ ബഹിരാകാശപേടകത്തെ (ഇവിടെ ചാന്ദ്രയാന്‍ 1) ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തിക്കുക എന്നത്. ബഹിരാകാശപേടകത്തിന്റെ ഭാരവും വഹിച്ചുകൊണ്ട്, വായുമണ്ഡലം എതിര്‍ദിശയില്‍ പ്രയോഗിക്കുന്ന സമ്മര്‍ദ്ദവും അതിജീവിച്ച് ഭൌമാന്തരീക്ഷത്തിനു മുകളില്‍ ഉയര്‍ന്ന്, അതിലെ പേലോഡിന് (ഉപഗ്രഹം) ഭുഗുരുത്വാകര്‍ഷണത്തെ അതിജിവിച്ചുകൊണ്ട് ഭൂമിയെ വലം വയ്ക്കുവാനാവശ്യമായ വേഗത നല്‍കാന്‍ ശേഷിയുള്ള ഒരു റോക്കറ്റ് ആണ് അതിനായി വേണ്ടത് .

ചാന്ദ്രയാന്‍ പദ്ധതിയില്‍ ഇന്ത്യ ഇതിനായി ഉപയോഗിക്കുന്ന റോക്കറ്റാണ് പി.എസ്.എല്‍.വി. പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിള്‍ എന്നതിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ചുരുക്കപ്പേരാണിത്. നാലു ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ റോക്കറ്റിന് 44 മീറ്റര്‍ ഉയരവും, 2.8 മീറ്റര്‍ വ്യാസവും, 294000 കിലോഗ്രാം (അതെ 294 ടണ്‍!) ഭാരവുമാണുള്ളത്. ശരാശരി 13.7 മിനിറ്റ് ദൈര്‍ഘ്യമാണ് നാലുഘട്ടങ്ങളും പ്രവര്‍ത്തിച്ചു തീരുവാന്‍ വേണ്ടത്.


റോക്കറ്റിന്റെ ശേഷി:

ഭൂമിയെ ചുറ്റുന്ന ഒരു ഓര്‍ബിറ്റില്‍ ഒരു ഉപഗ്രഹം ഭൂമിക്കു ചുറ്റും പ്രദക്ഷിണം ചെയ്യണമെങ്കില്‍ അതിന് കുറഞ്ഞത് 7.9 കിലോമീറ്റര്‍ /സെക്കന്റ് എന്ന പ്രവേഗം ആവശ്യമാണ്. അതായത് 28440 കിലോമീറ്റര്‍ / മണിക്കൂര്‍ വേഗത. വലം വയ്ക്കുന്ന ഭ്രമണപഥത്തിനു ഭൂമിയില്‍നിന്നുള്ള ഉയരം അനുസരിച്ച് ഇത് കൂടിയും കുറഞ്ഞും വരാം. ഈ വേഗത നല്‍കുന്നത് അതിനെ വിക്ഷേപിക്കുന്ന റോക്കറ്റ് ആണ്. അതായത് വിക്ഷേപണം കഴിഞ്ഞ് ഭ്രമണപഥത്തിനായി നിശ്ചയിച്ചിരിക്കുന്ന ഉയരത്തില്‍‌ എത്തുമ്പോള്‍ റോക്കറ്റിന് ഈ വേഗതയുണ്ടാവും എന്നര്‍ത്ഥം. തുര്‍ന്ന് ഭ്രമണപഥത്തിന്റെ ദിശയില്‍ റോക്കറ്റിന്റെ മൂക്കറ്റത്തുള്ള മൂടി തുറന്ന് ഉപഗ്രഹത്തെ പുറത്തേക്ക് തള്ളുന്നു. ഒരിക്കല്‍ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചുകഴിഞ്ഞാല്‍, ഭൂമിയെ വലം വയ്ക്കുന്നതിന് ഉപഗ്രഹത്തിന് ഇന്ധനം ആവശ്യമില്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണവും, അതിന്റെ സ്പീഡും ചേര്‍ന്ന് അതിനെ ഭൌതികശാസ്ത്രനിയമങ്ങള്‍ പ്രകാരം കൃത്യമായ ഭ്രമണപഥത്തില്‍ നിര്‍ത്തിക്കൊള്ളും.


ഭ്രമണപഥങ്ങള്‍ പലവിധം:

ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥങ്ങളെ ജിയോസെന്‍‌ട്രിക് ഓര്‍ബിറ്റുകള്‍ എന്നു വിളിക്കുന്നു. ഭ്രമണപഥങ്ങള്‍ക്ക് ഭൌമോപരിതലത്തില്‍നിന്നും ഉള്ള ഉയരവും, ആകൃതിയും അവയുടെ ഉപയോഗവും അനുസരിച്ച് പലതായി തരംതിരിച്ചിരിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഓര്‍ബിറ്റുകളാണ് :


1. Low Earth Orbit (LEO): ഭൂമിയില്‍നിന്ന് രണ്ടായിരം കിലോമീറ്റര്‍ വരെ ഉയരത്തില്‍ വൃത്താകൃതിയില്‍.


2. Geosynchronous Orbit (GEO) - ഭൂമദ്ധ്യരേഖയ്ക്കു മുകളിലായി സ്ഥാനം പിടിക്കുന്ന ഈ ഓര്‍ബിറ്റിലുള്ള ഒരു ഉപഗ്രഹം ഏകദേശം 35,786 km മുകളിലായിരിക്കും. ഇത്തരം ഓര്‍ബിറ്റില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന ഒരു ഉപഗ്രഹം, ഭൂമിയുടെ സ്വയംഭ്രമണത്തിന്റെ അതേ വേഗതയിലായിരിക്കും സഞ്ചരിക്കുന്നത്. അതിനാല്‍ ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ ജിയോസിന്‍‌ക്രോണസ് ഓര്‍ബിറ്റില്‍ ഉള്ള ഒരു ഉപഗ്രഹം എപ്പോഴും ഒരേ സ്ഥലത്ത് നില്‍ക്കുന്നതായി തോന്നും


3. Geosynchronous Transfer Orbit or Geostationary Transfer Orbit (GTO):

ഇത് മുട്ടയുടെ ആകൃതിയിലുള്ള ഒരു എലിപ്റ്റിക്കല്‍ (ദീര്‍ഘവൃത്തം) ഓര്‍ബിറ്റാണ്. ഇതിന്റെ ഒരറ്റത്തായാണ് ഭൂമി വരുന്നത്. ഭൂമിയോടടുത്ത ഭാഗം ആദ്യം പറഞ്ഞ ലോ എര്‍ത്ത് ഓര്‍ബിറ്റ് മേഖലയിലും, അകലത്തിലുള്ള ഭാഗം രണ്ടാമതു പറഞ്ഞ ജിയോ സിന്‍‌ക്രോണസ് ഓര്‍ബിറ്റിന്റെ മേഖലയിലും ആയിരിക്കും. ഇത്തരം ഒരു ഓര്‍ബിറ്റിന്റെ ഭൂമിയോടടുത്ത ഭാഗത്തെ പെരിജീ (perigee) അകലത്തിലുള്ള ഭാഗത്തെ അപോജീ (apogee) എന്നും വിളിക്കുന്നു. പെരിജീയില്‍ ആയിരിക്കുമ്പോള്‍ ഉപഗ്രഹത്തിന് 9.88 km/second എന്ന സ്പീഡും അപോജീയിലായിരിക്കുമ്പോള്‍ 1.64 km/second എന്ന സ്പീഡും ആയിരിക്കും തുടക്കത്തില്‍ ഉണ്ടായിരിക്കുക .


പി.എസ്.എല്‍.വി പോലെയുള്ള ഉന്നത ഭാരോദ്വഹനശേഷിയുള്ള റോക്കറ്റുകള്‍ക്കു മാത്രമേ ഉപഗ്രഹങ്ങളെ ഒരു ജിയോസ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ നിക്ഷേപിക്കുവാനുള്ള ശേഷിയുള്ളൂ. ഇത്തരം ഒരു റോക്കറ്റിന്റെ പലഘട്ടങ്ങളും സ്വന്തമായ സാങ്കേതികവിദ്യകളില്‍കൂടി നിര്‍മ്മിച്ചെടുത്തു എന്നതുതന്നെ ഐ.എസ്.ആര്‍.ഓ യുടെ അഭിമാനാര്‍ഹമായ നേട്ടമാണ്.


പി.എസ്.എല്‍.വി യുടെ ഭാഗങ്ങള്‍:

നാലുഘട്ടങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു ബഹുഘട്ട (മള്‍ട്ടി സ്റ്റേജ് ) റോക്കറ്റാണ് പി.എസ്.എല്‍.വി എന്നു പറഞ്ഞുവല്ലോ. ഖരരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങള്‍ ഇതിലെ വ്യത്യസ്തസ്റ്റേജുകളില്‍ ഉപയോഗിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ഡയഗ്രം നോക്കൂ(ഇതു പി.എസ്.എല്‍. വി അല്ല). ഓരോ സ്റ്റേജും ഒരു റോക്കറ്റാണ്. അവ ഒന്നിനുമുകളില്‍ ഒന്നായി ഇണക്കിച്ചേര്‍ത്ത് ഏറ്റവും മുകളില്‍ ഉപഗ്രഹംവഹിക്കാനുള്ള അറയും ചേര്‍ന്നതാണ് പൂര്‍ണ്ണരൂപത്തില്‍ നാം കാണുന്ന റോക്കറ്റ്.




അവലംബം :wikipedia commons


ബൂസ്റ്റര്‍ റോക്കറ്റുകള്‍: ഒന്നാം ഘട്ടത്തോട് ചേര്‍ത്ത് ആറ് ബൂസ്റ്റര്‍ റോക്കറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓരോ എഞ്ചിന്‍ വീതമാണ് ഓരോ ബൂസ്റ്റര്‍ റോക്കറ്റുകള്‍ക്കും ഉള്ളത്. 44 സെക്കന്റാണ് ഈ ബൂസ്റ്റര്‍ റോക്കറ്റുകളുടെ പ്രവര്‍ത്തന സമയം. റോക്കറ്റ് മുകളിലേക്കുയരുവാന്‍ ആവശ്യമായ ആദ്യതള്ളല്‍ നല്‍കുന്നത് ഇവയാണ്. പ്രവര്‍ത്തനസമയം കഴിഞ്ഞാല്‍ റോക്കറ്റിന്റെ മറ്റുഭാഗങ്ങളില്‍നിന്ന് സ്വയം അവ വേര്‍പെട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും.

ഒന്നാം ഘട്ടം: ഖര രൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒന്നാം ഘട്ടമാണ് ഈ റോക്കറ്റിന്റെ ഏറ്റവും വലിപ്പമേറിയ ഭാഗം. 4860 കിലോന്യൂട്ടണ്‍ ത്രസ്റ്റ് പ്രദാനം ചെയ്യുന്ന ഈ സ്റ്റേജ് 105 സെക്കന്റ് നേരം പ്രവര്‍ത്തിക്കുന്നു. അതിനുശേഷം ഒന്നാം ഭാഗം ബാക്കി ഭാഗങ്ങളില്‍ നിന്ന് വേര്‍പെടുന്നു.

രണ്ടാം ഘട്ടം: ദ്രവരൂപത്തിലുള്ള ഇന്ധനമുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ ഭാഗം പൂര്‍ണ്ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യയായ വികാസ് എഞ്ചിന്‍ ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത്. 725 കിലോന്യൂട്ടണ്‍ ത്രസ്റ്റ് ഈ സ്റ്റേജ് നല്‍കുന്നു. പ്രവര്‍ത്തന സമയം 158 സെക്കന്റ്. അതിനുശേഷം ഈ ഭാഗവും വേര്‍പെടുന്നു. മൂന്നാം ഘട്ടം പ്രവര്‍ത്തനമാരംഭിക്കുന്നു.

മൂന്നാം ഘട്ടം: ഖരരൂപത്തിലുള്ള ഇന്ധനമുപയോഗിച്ചാണ് ഈ ഭാഗം പ്രവര്‍ത്തിക്കുന്നത്. 328 കിലോന്യൂട്ടണ്‍ ത്രസ്റ്റ് നല്‍കുന്നു. 83 സെക്കന്റുകൊണ്ട് ഈ ഘട്ടം എരിഞ്ഞുതീരും.

നാലാം ഘട്ടം: ഇതാണ് പി.എസ്.എല്‍.വി യുടെ അവസാന ഘട്ടം. ദ്രവരൂപത്തിലുള്ള ഇന്ധനമുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രണ്ട് എഞ്ചിനുകളാണ് ഈ റോക്കറ്റില്‍ ഉള്ളത്. 14 കിലോന്യൂട്ടണ്‍ ത്രസ്റ്റാണ് ഇത് പ്രദാനം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന സ്റ്റേജും ഇതുതന്നെ. 425 സെക്കന്റാണ് ഇതിന്റെ പ്രവര്‍ത്തന സമയം.


എന്തിനാണ് ബഹുഘട്ട റോക്കറ്റുകള്‍ ?

ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തേണ്ട പേലോഡിനനുസരിച്ച് റോക്കറ്റിന്റെ ഭാരോദ്വഹന ശേഷി വര്‍ദ്ധിക്കേണ്ടതുണ്ട്. അതേസമയം ഈ ശേഷിവര്‍ദ്ധനവ് റോക്കറ്റിന്റെ ആകെ ഭാരവും വര്‍ദ്ധിപ്പിക്കുന്നു. വ്യത്യസ്തഘട്ടങ്ങളുള്ള റോക്കറ്റുകള്‍ ഉപയോഗിക്കുമ്പോള്‍, ഒരോ ഘട്ടവും എരിഞ്ഞുതീരുന്ന മുറയ്ക്ക് അവയെ ഉപേക്ഷിക്കുന്നതിനും, തന്മൂലം ആകെ ഭാരം കുറയ്ക്കുന്നതിനും സാധിക്കുന്നു. വേഗത വര്‍ദ്ധിപ്പിക്കുവാന്‍ ഏറ്റവും ഗുണകരമായ ഒരു സൌകര്യമാണിത്. ഓരോ ഘട്ടവും എരിഞ്ഞുതിരുമ്പോള്‍ റോക്കറ്റിന് നിലവിലുള്ള സ്പീഡില്‍നിന്നും വളരെ ഉയര്‍ന്ന അളവിലുള്ള ഒരു “കുതിപ്പ്” നല്‍കുവാന്‍ അടുത്ത ഘട്ടത്തിനു സാധിക്കുന്നു. ഏറ്റവും അവസാനഘട്ടമെത്തുമ്പോഴേക്കും ഉപഗ്രഹത്തിന് ആവശ്യമായ വെലോസിറ്റി കൈവരിക്കുവാന്‍ കുറഞ്ഞ ഇന്ധനച്ചെലവില്‍ സാധ്യമാകുന്നു. ഈ അവസാനഘട്ട തള്ളലാണ് ചാന്ദ്രയാന്‍ ഉപഗ്രഹത്തെ ജിയോ സ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് നിക്ഷേപിക്കുന്നത്.

അതിന്റെ ആദ്യ ഓര്‍ബിറ്റില്‍ ചാന്ദ്രയാന്‍ ഒന്നിന്റെ പെരിജീ 255 കിലോമീറ്റര്‍ ഉയരത്തിലും അപോജീ 22860 കിലോമീറ്റര്‍ ഉയരത്തിലും ആണുള്ളത്.


ചാന്ദ്രയാത്ര:

അങ്ങനെ ചാന്ദ്രയാന്‍ അതിന്റെ താല്‍ക്കാലിക ഭുസ്ഥിര ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു. ഇനി ഈ ഭ്രമമണപഥത്തിന്റെ വിസ്തൃതിക്രമേണ വര്‍ദ്ധിപ്പിക്കുന്ന ജോലികളാണ് നിര്‍വ്വഹിക്കുവാനുള്ളത്. അതിരിക്കട്ടെ, എന്തിനാണ് ചാന്ദ്രയാനെ ഒരു ജിയോ സ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ എത്തിച്ചിരിക്കുന്നത്? പറയാം. ഒരു നിശ്ചിത വേഗതയില്‍ ഒരു ഭ്രമണപഥത്തില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപഗ്രഹത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ ഭ്രമണപഥത്തിന്റെ വ്യാസം കൂടും - അതായത് അത് ഭൂമിയില്‍ നിന്നും കൂടുതല്‍ അകലും. കുറച്ചാല്‍ ഭ്രമണപഥത്തിന്റെ വ്യാസം കുറയും - അതായത് ഭൂമിയുമായി അടുക്കും. പരിധിവിട്ട് വേഗത കുറച്ചാല്‍ തിരികെ ഭൂമിയിലേക്ക് വീഴുന്ന ഒരു പാതയിലെത്തും !


ഈ ഓര്‍ബിറ്റില്‍ ചാന്ദ്രയാന്‍ ഉപഗ്രഹം പെരിജീ പൊസിഷനില്‍ ആയിരിക്കുമ്പോള്‍ അതിലെ റോക്കറ്റ്എഞ്ചിനുകള്‍ (ഇവയെ അപോജീ മോട്ടോറുകള്‍ എന്നും വിളിക്കും) പ്രവര്‍ത്തിപ്പിച്ച് അതിനെ കൂടുതല്‍ വിസ്തൃതമായ മറ്റൊരു പാതയിലേക്ക് മാറ്റുന്നു. താഴെയുള്ള ചിത്രം ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ. പെരിജിയില്‍ വച്ച് പത്തോ ഇരുപതോ കിലോമീറ്റര്‍ മാത്രം ഉയരം കൂ‍ട്ടിയാല്‍ അതിന്റെ അപ്പോജിയിലെ വ്യത്യാസം പതിനായിരക്കണക്കിനു കിലോമീറ്റര്‍ വരും!


























അവലംബം : ISRO website

ഈ ചിത്രത്തില്‍ കാണുന്നതുപോലെ ചാന്ദ്രയാന്‍ ഒന്നിന്റെ ഭ്രമണപഥം ക്രമേണ വര്‍ദ്ധിപ്പിച്ചുകൊണ്ടുവന്ന് അവസാനം അതിനെ ഒരു ട്രാന്‍സ്-ലൂണാര്‍ ഇന്‍‌ജക്ഷന്‍ എന്നറിയപ്പെടുന്ന റൊക്കറ്റ് പ്രവര്‍ത്തിപ്പിക്കലില്‍ കൂടി ചന്ദ്രനെ ലക്ഷ്യമാക്കി പോകുന്ന ഒരു പാതയിലേക്ക് കൊണ്ടുവരുന്നു. 3,84,400 കിലോമീറ്റര്‍ ദൂരത്തിലാണ് ചന്ദ്രന്റെ സ്ഥാനം എന്നറിയാമല്ലോ? ഒരു കാര്യം ഇവിടെ ഓര്‍ക്കേണ്ടത്, ചന്ദ്രന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്തേക്കല്ല ഇപ്രകാരം വാഹനം തിരിച്ചുവിടേണ്ടത് എന്നതാണ്. വാഹനത്തിനു ചന്ദ്രന്റെ പരിധിയിലെത്തുവാന്‍ വേണ്ട ദിവസങ്ങള്‍ക്കൊടുവില്‍ ചന്ദ്രന്‍ എത്തുന്ന ദിശയിലേക്ക് വേണം അതിനെ തിരിച്ചു വിടേണ്ടത്. ഇനിയും പതിനഞ്ചു ദിവസങ്ങളോളം കഴിഞ്ഞെങ്കിലേ ചാന്ദ്രയാന്‍ ഈ പാതയിലൂടെയുള്ള യാത്ര ആരംഭിക്കൂ. ഈ യാത്രയുടെ അവസാനം വാഹനം ഭൂമിയുടെ ആകര്‍ഷണത്തില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് പ്രവേശിക്കുന്നു. ഒന്നു രണ്ടു പാത കൃത്യമാക്കല്‍ (mid course corrections) സമയങ്ങളില്‍ മാത്രമേ റോക്കറ്റ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നുള്ളൂ.

ആ യാത്രയുടെ അവസാനം ലൂണാര്‍ ഇന്‍സേര്‍ഷന്‍ മനൂവര്‍ എന്ന ഒരു ‘അഭ്യാസമാണ്’. ഒരു പ്രത്യേക ആംഗിളില്‍ ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് വാഹനത്തെ കടത്തണം. ഈ കോണ്‍ കുറഞ്ഞുപോയാല്‍ ചന്ദ്രന്റെ പരിസരത്തെങ്ങും എത്താതെ വാഹനം ശൂന്യാകശത്ത് കറങ്ങിത്തിരിയും.ആംഗിള്‍ കൂടിപ്പോയാല്‍ ചന്ദ്രനെ ചുറ്റുന്നതിനുപകരം നേരെ ചന്ദ്രോപരിതലത്തില്‍ പോയി പതിക്കും! എത്രത്തോളം സങ്കീ‍ര്‍ണ്ണമാണ് ഈ ഘട്ടം എന്നാലോചിച്ചു നോക്കൂ. ചന്ദ്രോപരിതലത്തില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള ഒരു താല്‍ക്കാലിക ഭ്രമണപഥത്തിലേക്കാണ് ആദ്യം ഉപഗ്രഹം കടക്കുക. നവംബര്‍ 8 ന് ചാന്ദ്രയാന്‍ ചന്ദ്രനു ചുറ്റുമുള്ള ഈ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്.അവിടെനിന്ന് പടിപടിയായി അതിനെ കുറേക്കൂടി അടുത്ത (100 കിലോമീറ്റര്‍) ഒരു സ്ഥിരഭ്രമണപഥത്തിലേക്ക് മാറ്റും. അതിനും ഒരാഴ്ചയ്ക്കു ശേഷമാണ് ലൂണാര്‍ ഇം‌പാക്റ്റ് പ്രോബ് മാതൃവാഹനത്തില്‍ നിന്നും വേര്‍പെട്ട് ചന്ദ്രനില്‍ പതിക്കുക.

ഐ.സ്.ആര്‍.ഓ യിലെ ശാസ്ത്രജ്ഞര്‍ ഈ കടമ്പകളൊക്കെയും വിജയകരമായി പൂര്‍ത്തിയാക്കുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.


ദൌത്യത്തിന്റെ ലക്ഷ്യങ്ങള്‍:

1. ചാന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പ് ഉണ്ടാക്കുക.

2. എപ്പോഴും അന്ധകാരാവൃതമായിരിക്കുന്ന, ചന്ദ്രന്റെ ഉത്തര ദക്ഷിണ ധൃവങ്ങളില്‍ കെമിക്കല്‍ മാപ്പിംഗ്. ഇതുവഴി അവിടുത്തെ ധാതുലവണങ്ങളെപ്പറ്റി പഠിക്കുക.

3. ധൃവപ്രദേശങ്ങളില്‍, ഉപരിതലത്തിലോ, മണ്ണിനടിയിലോ ജലാംശമുണ്ടോ എന്നു പഠിക്കുക.

4. ചാന്ദ്രപാറകളിലെ മൂലകങ്ങളെപ്പറ്റി പഠിക്കുക.

5. ചന്ദ്രനിലെ ഗര്‍ത്തങ്ങളെപ്പറ്റി വിശദമായി പഠിക്കുക.

6. ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി വിവരങ്ങള്‍ കിട്ടിയേക്കാവുന്ന എക്സ്-റേ സ്പെക്ട്രം പരിശോധന.


ഭാവി ദൌത്യങ്ങള്‍:

2015 ഓടൂ കൂടി മനുഷ്യനെ ചന്ദ്രനിലെത്തിക്കുവാന്‍ സാധിക്കും എന്നാണ് ഐ.എസ്.ആര്‍.ഓ യുടെ പ്രത്യാശ. ഇതിനായി ഒട്ടനവധികാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ട്. മനുഷ്യനേയും വഹിച്ച് പോകുന്ന വാഹനത്തിന്റെ ഡിസൈനും ഭാരവും ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ജീവിക്കുവാന്‍ വേണ്ട വായു, ഭക്ഷണം മറ്റ് ജീവന്‍ രക്ഷാഉപകരണങ്ങള്‍,, ചന്ദ്രനില്‍ ഇറങ്ങാനും തിരികെ വരാനും വേണ്ട ഇന്ധനം എല്ലാം കൂടി ഒരു ചാന്ദ്രവാഹനത്തിനു ടണ്‍കണക്കിനു ഭാരംവരും. ഇത്രയും ഭാരത്തെ മേല്‍ വിവരിച്ചതുപോലെയുള്ള ഭൂസ്ഥിരഭ്രമണപഥത്തിലേക്ക് എത്തിക്കുവാന്‍ നിലവിലുള്ള പി.എസ്.എല്‍.വി റോക്കറ്റുകൊണ്ട് സാധിക്കില്ല. ഇപ്പോഴതിനുള്ളതിന്റെ നാലിരട്ടിശേഷിയെങ്കിലും ഉള്ള റോക്കറ്റുകള്‍ക്കുമാത്രമേ ഇതൊക്കെ സാധ്യമാവുകയുള്ളു.അത്തരം ഒരു റോക്കറ്റ് നിര്‍മ്മിക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഐ.സ്.ആര്‍. ഓ ആരംഭിച്ചിട്ടുണ്ട്.

ഏതായാലും അണുവായുധങ്ങള്‍ ഉണ്ടാക്കാനുള്ള നൂറു നൂറു പരീക്ഷണങ്ങളേക്കാള്‍ മനുഷ്യരാശിക്ക് എത്രയോ പ്രയോജനകരമാവുന്ന പരീക്ഷണങ്ങളാണ് ഇവ! ഇന്ത്യയിലെ ഇതര വാര്‍ഷികച്ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 386 കോടി രൂപ എന്നുപറയുന്നത് വലിയൊരു ചെലവല്ലെന്ന് കാണാം. അങ്ങനെ നമുക്കും, ഓരോ ഭാരതീയനും അഭിമാനിക്കാം, നമ്മുടെ രാജ്യവും സ്പേസ് ടെക്നോളജിയില്‍ മറ്റുപലരേയും അപേക്ഷിച്ച വളരെ മുമ്പിലാണെന്ന്.



കൂടുതല്‍ വായനയ്ക്ക് :

1. ചാന്ദ്രയാന്‍ ഒന്ന് - ഐ.എസ്.ആര്‍.ഓ വെബ്‌സൈറ്റ്

2. പി.എസ്.എല്‍.വി - വിക്കിപീഡിയ പേജ്


=======================

ഒരു Update :

ഈ പോസ്റ്റിലെ കമന്റുകളില്‍ വന്ന ഒരു ചോദ്യം “എന്തുകൊണ്ടാണ് കൌണ്ട് ഡൌണ്‍ താഴേക്ക് എണ്ണൂന്നത്? റോക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത സമയം നിശ്ചയിച്ചാല്‍ പോരേ”. ഇതിന്റെ ഉത്തരം ഇവിടെ ചേര്‍ക്കുന്നു:


റോക്കറ്റ്‌ വിക്ഷേപണം പോലെയുള്ള സുപ്രധാന ഓപ്പറേഷനുകളില്‍ സമയത്തിനുള്ള പ്രാധാന്യം അറിയാമല്ലോ. സെക്കന്റുകള്‍ മാത്രമല്ല, മില്ലി സെക്കന്റുകള്‍ പോലും അതില്‍ സുപ്രധാനമാണ്‌. ഓണ്‍ ബോര്‍ഡ്‌ കമ്പ്യൂട്ടറുകളും ഗ്രൗണ്ട്‌ കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളും എല്ലാം ഒരേ ക്ലോക്ക്‌ സ്പീഡില്‍, ഒരേ ക്ലോക്ക്‌ കൗണ്ടില്‍ പ്രവര്‍ത്തിക്കേണ്ടത്‌ വളരെ വളരെ അവശ്യമാണ്, എല്ലാം കിറുകൃത്യമായി നടക്കുവാന്‍. സ്പേസ്‌ ഷട്ടിലിനെപ്പറ്റി വായിച്ചകൂട്ടത്തില്‍ ഒരു കാര്യം വളരെ രസകരമായി തോന്നി. അതിലെ അഞ്ച്‌ ഓണ്‍ ബോര്‍ഡ്‌ കമ്പ്യൂട്ടറുകളും ഒരേ ക്ലോക്ക്‌ സ്പീഡിലും കൗണ്ടിലും ആക്കിയെടുക്കുന്നത്‌ തന്നെ ഓരോ യാത്രയ്ക്കും മുമ്പുള്ള ഒരു പ്രധാന പടിയാണ്‌. ഇതില്‍ നിന്നൊക്കെ സമയത്തിന്റെ പ്രാധാന്യം ഊഹിക്കാമല്ലോ.

എന്നിരുന്നാലും നാം ഇപ്പോള്‍ പറഞ്ഞ സമയത്തിന്‌ , നമ്മുടെ ദൈനം ദിന ക്ലോക്ക്‌ സമയമായ അഞ്ചുമണി, ആറരമണി തുടങ്ങിയ മണിക്കണക്കുമായി പ്രത്യേകിച്ച്‌ ബന്ധമൊന്നും ഇല്ല, ഉണ്ടാവേണ്ട ആവശ്യവുമില്ല. കാരണം ഭൂമിയ്ക്കു വെളിയില്‍, മണിക്കൂറില്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശവാഹനത്തെ സംബന്ധിച്ചിടത്തോളം, അതു വിക്ഷേപിച്ച സ്ഥലത്ത്‌ ഇപ്പോള്‍ എത്രമണിയായി എന്നതില്‍ ഒരു പ്രാധാന്യവും ഇല്ല. ഒരു സ്പേസ്‌ മിഷനെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു സ്റ്റാര്‍ട്ടിംഗ്‌ പോയിന്റില്‍ നിന്ന് എത്രസെക്കന്റ്‌ അല്ലെങ്കില്‍ എത്രമിനിറ്റ്‌, എത്രമണിക്കൂര്‍ കഴിഞ്ഞു, എത്ര ബാക്കിയുണ്ട്‌ എന്നൊക്കെയാണ്‌ കണക്കാക്കുന്നത്‌. അതിനനുസരിച്ചാണ്‌ ഓണ്‍ബോര്‍ഡ്‌ കമ്പ്യൂട്ടറുകളും ഗ്രൗണ്ട്‌ കമ്പ്യൂട്ടറുകളുമൊക്കെ പ്രവര്‍ത്തിക്കുന്നത്‌.

ഇങ്ങനെ ഒരു മിഷന്റെ (പദ്ധതി) സ്റ്റാര്‍ട്ടിംഗ്‌ പോയിന്റിനെ T എന്നാണ്‌ പറയുന്നത്‌. T സെക്കന്റിലാണ്‌ റോക്കറ്റ്‌ ലിഫ്റ്റ്‌ ഓഫ്‌ ചെയ്യുന്നത്‌. T സെക്കന്റിനു പിന്നിലേക്കുള്ള സമയത്തെ T minus എന്നും T യ്ക്കു ശേഷമുള്ള സമയത്തെ T Plus എന്നുമാണ്‌ വിളിക്കുന്നത്‌. T യില്‍ നിന്നും ഇത്രമണിക്കൂര്‍ മുമ്പ്‌ തന്നെ അവസാനവട്ട പരിശോധനകള്‍ ആരംഭിക്കുന്നു. സോഫ്റ്റ്‌വെയര്‍, കമ്പ്യൂട്ടറുകള്‍, അവയുടെ ബാക്കപ്പ്‌ സിസ്റ്റങ്ങള്‍, നാവിഗേഷന്‍ സിസ്റ്റം ഇങ്ങനെ വിവിധഭാഗങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം, റോക്കറ്റിന്റെ വിവിധഘട്ടങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നു. ലോഞ്ച്‌ പാഡില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നു. ഇങ്ങനെ “T മൈനസ് ഇത്ര മണിക്കൂര്‍“ മുതല്‍ ഒരു ഷെഡ്യൂള്‍ അനുസരിച്ച്‌ അവസാനഘട്ട ജോലികള്‍ ആരംഭിക്കുന്നു. ഇതാണ്‌ കൗണ്ട്‌ ഡൗണ്‍ എന്നു നമ്മള്‍ വിളിക്കുന്ന പ്രൊസീഡ്വര്‍.

T minus ഇത്രമണിക്കൂര്‍ എന്ന കണക്കിലായിരിക്കും ആരംഭത്തില്‍ കൗണ്ട്‌ ഡൗണ്‍ ചെയ്യുന്നത്‌, ടി യോടടുക്കും‌തോറും അത് മിനിറ്റ്, സെക്കന്റ് ഇങ്ങനെ മാറുന്നു. ഇതിനിടയില്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന T- hold കളും ഉണ്ടാവും. അതായത്‌ ഈ ഹോള്‍ഡിംഗ്‌ ഭാഗങ്ങളില്‍ കൗണ്ട്‌ ഡൗണ്‍ ക്ലോക്ക്‌ താല്‍ക്കാലികമായി നിര്‍ത്തുന്നു. ഒടുവില്‍ ടി യിലേക്ക്‌ ഈ കൗണ്ട്‌ ഡൗണ്‍ അടുക്കുന്നു. അവസാന പത്തു സെക്കന്റുകളാണ്‌ ഉറക്കെ എണ്ണുന്നത്‌ നാം കേള്‍ക്കുന്നത്‌. കൌണ്ട് ഡൌണിന്റെ അവസാനത്തെ ഓരോ മില്ലിസെക്കന്റിലൂം ഓരോ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌.

T-4 സെക്കന്റിനോടടുപ്പിച്ചാണ്‌ എഞ്ചിന്‍ സ്റ്റാര്‍ട്ടാവുന്നത്‌. T-2, T-1, T, T+1, T+2 എന്നിങ്ങനെ ക്ലോക്ക്‌ മുമ്പോട്ട്‌ പോകുന്നു. മുന്‍പു പറഞ്ഞതുപോലെ കൃത്യമായും Tസെക്കന്റില്‍ റോക്കറ്റ്‌ മുകളിലേക്ക്‌ ഉയരും. വീണ്ടും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും T കൗണ്ടിനനുസരിച്‌ മുമ്പോട്ട്‌ പോകും. ഉദാഹരണത്തിന്‌ ചാന്ദ്രയാന്റെ കാര്യത്തില്‍ ഇനി വരാന്‍ പോകുന്ന ഓരോ പ്രവര്‍ത്തനങ്ങളും ഇങ്ങനെ T കൗണ്ടില്‍ നിന്ന് മുമ്പോട്ടാണ്‌ പോകുന്നത്‌.


========================
ഈ പോസ്റ്റിലെ കമന്റുകള്‍ ഇവിടെ
=========================

Read more...

Blog Archive

ജാലകം
Header photo image : www.dualmonitorbackgrounds.com/science-fiction/DreamyWorld2nd.jpg.html

  © Blogger template Blogger Theme by Ourblogtemplates.com 2008

Back to TOP