Sunday, November 16, 2008

അഞ്ചുമിനിറ്റില്‍ ഒരു ചന്ദ്രയാത്ര

അഞ്ചുമിനിറ്റില്‍ ഒരു ചാന്ദ്രയാത്ര: ആകാശവാണി ദൃക്സാക്ഷിവിവരണം:

ഈ ബ്ലോഗിലെ ചാന്ദ്രയാത്രയ്ക്കു പിന്നിലെ ശാസ്ത്രകഥകള്‍ (ചന്ദ്രയാന്‍ വിക്ഷേപണം - ഭാഗം 2) എന്ന പോസ്റ്റിന്റെ ഒരു ഭാഗമാണീ പോസ്റ്റ്.


ഇതുവരെ നമ്മള്‍ വായിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ വളരെ നീണ്ടുപോയി അല്ലേ. ഇനി ഇതെല്ലാം കൂടി അഞ്ചുമിനിറ്റ് നീളുന്ന ആകാശവാണിയുടെ ഒരു ദൃക്സാക്ഷിവിവരണമായി, ഒരു ഫാസ്റ്റ് ഫോര്‍വേര്‍ഡ് വീഡിയോ കാണുന്നതുപോലെ കാണുകയാണെന്നു സങ്കല്‍പ്പിക്കൂ. അത് ഏകദേശം ഇങ്ങനെയായിരിക്കും.

കാശവാണി, തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട്. ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ ദൃക്സാക്ഷിവിവരണം തുടരുന്നു. സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വീണ്ടും ഞാന്‍ അപ്പുവാണ് നിങ്ങളോട് സംസാരിക്കുന്നത്. വാര്‍ത്തകള്‍ക്കു മുമ്പായി നാം സംസാരിച്ചുകൊണ്ടിരുന്നതുപോലെ, ഇന്ത്യയുടെ പ്രഥമ ചാന്ദ്രപര്യവേക്ഷണ ദൌത്യമായ ചന്ദ്രയാന്‍ ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് പുറപ്പെടുവാന്‍ തയ്യാറായി പി.എസ്.എല്‍.വി സി 11 റോക്കറ്റ് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിനു മുമ്പിലായി തയലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. എല്ലാ തയ്യാറെടുപ്പുകളും ഇവിടെ പൂര്‍ത്തിയായിരിക്കുന്നു. ഒരു പത്തുനിലക്കെട്ടിടത്തിന്റെ ഉയരവും 240 ടണ്‍ ഭാരവുമാണ് ഈ റോക്കറ്റിനുള്ളത്. വിക്ഷേപണഗോപുരത്തിന്റെ പരിസരത്ത് ജീവനക്കരാരും തന്നെ ഇപ്പോഴില്ല. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലാണ് ഈ അവസാന നിമിഷത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കൌണ്ട്ഡൌണിന്റെ അവസാന നിമിഷങ്ങളിലേക്ക് നാം എത്തിയിരിക്കുകയാണ്. ഒന്‍പത്, എട്ട്, ഏഴ്, ആറ്, അഞ്ച്, റോക്കറ്റ് എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞു. വിക്ഷേപണത്തറയുടെ ചുവട്ടില്‍ ഒരു മലപോലെ പുകയും തീയും വന്നുനിറയുന്നുണ്ട്.രണ്ട്, ഒന്ന്, പൂജ്യം........
ഇന്ത്യന്‍ ത്രിവര്‍ണ്ണപതാകയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന പി.എസ്.എല്‍.വി റോക്കറ്റ് വലിയൊരു ഹുങ്കാരത്തോടെ ആകാശത്തേക്ക് കുതിച്ചുയര്‍ന്നുകഴിഞ്ഞു. 240 ടണ്‍ ഭാരമുള്ള ഈ റോക്കറ്റിനെ അപ്പാടെ മുകളിലേക്ക് ഉയര്‍ത്തുന്ന ഈ എഞ്ചിനുകളുടെ ശേഷി ഒന്നുഹിച്ചുനോക്കൂ. ഒരു ആനയുടെ ഭാരം വെറും 5 ടണ്‍ മാത്രമാണെന്നോര്‍ക്കുമ്പോഴാണ് ഈ റോക്കറ്റ് എഞ്ചിനുകളുടെ ശേഷി നമുക്ക് മനസ്സിലാവുക. മേഘപാളികളെയെല്ലാം സെക്കന്റുകള്‍ കൊണ്ട് പിന്നിലാക്കി ചെറുതായി ചെരിഞ്ഞ ഒരു പാതയിലൂടെയാണ് ഇപ്പോള്‍ റോക്കറ്റിന്റെ ഗമനം. ആദ്യഘട്ടത്തിന്റെ വശങ്ങളിലായി എരിഞ്ഞുകൊണ്ടിരുന്ന ആറ് സ്ട്രാപ് ഓണ്‍ റോക്കറ്റുകള്‍ ഇതാ വേര്‍പെട്ട് താഴെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് വീഴുവാന്‍ തുടങ്ങിയിരിക്കുന്നു. മണിക്കൂറില്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ റോക്കറ്റ് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നത്. 105 സെക്കന്റ് പൂര്‍ത്തിയായിരിക്കുന്നു, ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം അവസാനിക്കാറായി. അതാ, ആദ്യഘട്ടം റോക്കറ്റില്‍ നിന്ന് വേര്‍പെടുന്നു.


രണ്ടാം ഘട്ടം, അതിന്റെ ദ്രവഇന്ധനമോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് മുമ്പോട്ട് കുതിക്കുവാന്‍ തുടങ്ങീക്കഴിഞ്ഞു. ഈ എഞ്ചിന് ഒരു പ്രത്യേകതയുണ്ട്, പൂര്‍ണ്ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചെടുത്തതാണിത്. വലിയൊരു തീഗോളത്തില്‍ നിന്ന് നാം പറന്നുയരുന്നതുപോലെയാണ് ഇവിടെനിന്നും ഇപ്പോള്‍ ഈ റോക്കറ്റിന്റെ ദൃശ്യം. അത്യന്തം മനോഹരമായ ഈ ദൃശ്യം, എങ്ങനെ വിവരിക്കണമെന്നെനിക്കറിയില്ല. വിക്ഷേപണം കഴിഞ്ഞ് അഞ്ചുമിനിറ്റോളം പൂര്‍ത്തിയായിരിക്കുന്ന ഈ സമയത്ത് ഇപ്പോള്‍ റോക്കറ്റ് ഏകദേശം അറുപതുകിലോമീറ്റര്‍ മുകളില്‍ എത്തിക്കഴിഞ്ഞൂ. ഭൂമിയുടെ അന്തരീക്ഷത്തിന്റെ രണ്ടാം പാളിയായ സ്ട്രാറ്റോസ് ഫിയർ ഇവിടെ അവസാനിക്കുന്നു. ഭൂനിരപ്പിൽ നിന്നും ഏകദേശം അൻപതു കിലോമീറ്റർ വരെയുള്ള ഭാഗത്തെയാണ്  സ്ട്രാറ്റോസ്‌ഫിയർ എന്നുവിളിക്കുന്നത്. ഇതുകഴിഞ്ഞാൽ മിസോസ്‌ഫിയർ ആരംഭിക്കുകയായി. കൊടും ശൈത്യമാണ് ഈ മൂന്നാം പാളീയിൽ അനുഭവപ്പെടുന്നത്. ഞങ്ങളുടെ വാഹനത്തിലെ ഡിജിറ്റൽ തെർമോമീറ്ററുകൾ കാണിക്കുന്ന കണക്കുകൾ അനുസരിച്ച്  പുറത്തെ താപനില -100 ഡിഗ്രി സെൽഷ്യസ് എന്നാണ്! വെള്ളം ഘനീഭവിക്കുന്ന താപനിലയായ പൂജ്യം ഡിഗ്രിയേക്കാൾ നൂറു ഡിഗ്രി താഴെ!   രണ്ടാംഘട്ടവും എരിഞ്ഞു തീരാറായി. ഇപ്പോള്‍ ഭൂമിയില്‍നിന്നുള്ള ഉയരം നൂറുകിലോമീറ്ററോളം ആയിരിക്കുന്നു.


മൂന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ആദ്യമുണ്ടായിരുന്നതിനേക്കാല്‍ ഭാരം വളരെ കുറഞ്ഞീരിക്കുന്ന റോക്കറ്റ് ഇപ്പോള്‍ പതിന്മടങ്ങ് വേഗതിയില്‍, മണീക്കൂറില്‍ ഇരുപതിനായിരം കിലോമീറ്റര്‍ സ്പീഡിലാണ് സഞ്ചരിക്കുന്നത്. 83 സെക്കന്റ് നീണ്ടുനിന്ന മൂന്നാം ഘട്ടവും പൂര്‍ത്തിയായി. അത് വേര്‍പെട്ട് താഴേക്ക് പതിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞൂ. ഇപ്പോള്‍ നാലാം ഘട്ടമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന ഘട്ടമാണിത്, ഏകദേശം എട്ടുമിനിറ്റ്. ഭൂമിയില്‍ നിന്നും നൂറ്റമ്പതോളം കിലോമീറ്റര്‍ മുകളിലാണ് ഞങ്ങളിപ്പോള്‍ ഉള്ളത്. ഭൗമാന്തരീക്ഷത്തിന്റെ നാലാം പാളിയായ തെർമോസ്‌ഫിയറിലാണ് ഞങ്ങൾ ഇപ്പോഴുള്ളത്. ഇവിടെ വായുവിന്റെ സാന്ദ്രത അത്യന്തം ലഘുവാണ്. തെർമോ‌സ്പിയർ എന്ന പേരു സൂചിപ്പിക്കുന്നതുപോലെതന്നെ, ഈ പാളിയിൽ കടക്കുന്തോറും ചൂട് വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഡിജിറ്റൽ തെർമോമീറ്ററുകളിൽ കാണുന്ന കണക്കുപ്രകാരം പുറമേയുള്ള ചൂട് 200-250 ഡിഗ്രി സെൽഷ്യസ് ആണ്! ഒന്നാലോചിച്ചു നോക്കൂ ശ്രോതാക്കളേ, ഈ അത്യൽഭുതകരമായ അന്തരീക്ഷമെന്ന പുതപ്പിനാൽ നമ്മുടെ ഭൂമിയെയും അതിൽ പാർക്കുന്ന ജീവജാലങ്ങളേയും എത്രത്തോളം കരുതലോടെയാണ്  പ്രകൃതി സംരക്ഷിച്ചിരിക്കുന്നത്. അല്ലെങ്കിൽ സൂര്യനിൽ നിന്നു പുറപ്പെടുന്ന ഈ അത്യുഷ്ണത്താൽ ഭൂമി വെന്തു ചാമ്പലാകുമായിരുന്നില്ലേ? സമുദ്രങ്ങൾ തന്നെയും വറ്റി വരണ്ടുപോകുമായിരുന്നില്ലേ!  അങ്ങുതാഴേക്ക് നോക്കിയാല്‍ ഭൂമിയുടെ അനന്തമായ നീലിമ കാണാം. മഹാസമുദ്രങ്ങള്‍ക്കു മുകളില്‍ തട്ടുതട്ടാ‍യി നില്‍ക്കുന്ന മേഘപാളികളെയും, അവയുടെമേല്‍ പൊന്‍‌കിരണങ്ങള്‍ വര്‍ഷിക്കുന്ന സൂര്യനേയും കാണാം. വന്‍‌കരകളൊക്കെയും വലിയൊരു സിനിമാസ്ക്രീനില്‍ എന്നപോലെ ഒറ്റയടിക്ക് കാണാന്‍ സാധിക്കുന്ന ഈ കാഴ്ച അത്യന്തം ആശ്ചര്യജനകം തന്നെ. വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല്ല എന്നു പറയുന്നതാവും ഏറ്റവും ശരി. 



ഇപ്പോള്‍ ഈ റോക്കറ്റ് മണിക്കൂറില്‍ മുപ്പത്തയ്യായിരം കിലോമീറ്റര്‍ എന്ന വേഗതയില്‍ എത്തിരിക്കുന്നു. നമുക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത അതിവേഗതയാണീത് പ്രിയപ്പെട്ടവരേ. പക്ഷേ അതേവേഗതില്‍ സഞ്ചരിക്കുന്ന ഞങ്ങള്‍ക്ക് അതൊന്നും അനുഭവേദ്യമാവുന്നതേയില്ല. വിക്ഷേപണം കഴിഞ്ഞ് പതിമൂന്നുമിനിറ്റായിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ 250 കിലോമീറ്റര്‍ ഉയരത്തിലാണുള്ളത്. നാലാം ഘട്ടത്തിന്റെ പ്രവര്‍ത്തനവും അവസാനിക്കാറായി. റോക്കറ്റിന്റെ മുന്‍ഭാഗത്തുള്ള മൂടിതുറന്ന് ചന്ദ്രയാന്‍ ഉപഗ്രഹം അതിന്റെ ആദ്യഭ്രമണപഥത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞൂ. ഈ ഭ്രമണപഥം ഒരു ദീര്‍ഘവൃത്തമാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞത്. ഇതിന്റെ അങ്ങേത്തല ഭൂമിയില്‍ നിന്നും മുപ്പതിനായിരത്തോളം കിലോമീറ്റര്‍ അകലെയാണ്.


യാതൊരു തകരാറുകളുമില്ലാതെ, എല്ലാം നിശ്ചയിച്ചുറപ്പിച്ചതില്‍ നിന്നും അണുവിടമാറാതെ എത്രമനോഹരിയായാണ് നമ്മുടെ ചന്ദ്രയാന്‍ പറന്നുകൊണ്ടിരിക്കുന്നത്!  ആദ്യഭ്രമണപഥം ചന്ദ്രയാൻ പൂർത്തിയാക്കുമ്പോഴേക്കും ഒരു ചെറിയ ഇടവേള. 


******


വീണ്ടും സ്വാഗതം. ഇപ്പോള്‍ ഞങ്ങള്‍ ചന്ദ്രനിലേക്കുള്ളയാത്രയുടെ മൂന്നാം ഭ്രമണപഥത്തിലായിരിക്കുന്നു. ഭൂമിയില്‍ നിന്നും ഒന്നരലക്ഷം കിലോമീറ്റര്‍ അകലത്തിലാണ് ഇപ്പോള്‍ ഞങ്ങള്‍ ഉള്ളത്. ഡീപ് സ്പെയ്സ് എന്നാണ് ഇത്രയും അകലെയുള്ള ബഹിരാകാശഭാഗങ്ങള്‍ അറിയപ്പെടുന്നത്.  ഇവിടെനിന്ന് തിരിഞ്ഞുനമ്മുടെ ഭൂമിയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ കാണുന്നതെന്താണെന്നറീയാമോ? വളരെ വലുതായി നാം കണ്ടുകൊണ്ടിരുന്ന അതിന്റെ ചക്രവാളങ്ങളിലെ വളവ് കുറഞ്ഞുകുറഞ്ഞു വന്ന് നമ്മുടെ വീക്ഷണകോണീലേക്കൊതുങ്ങുന്ന ഒരു ഗോളമായതു മാറുന്നു. ഇതാ എത്രവേഗം ഞങ്ങളിങ്ങെത്തിക്കഴിഞ്ഞു! 
ഇത്രയും ദൂരെനിന്ന് നോക്കുമ്പോള്‍ നമ്മുടെ ഭൂമി ഒരു മാര്‍ബിള്‍ പന്തുപോലെ ബഹിരാകാശത്തിന്റെ കറുപ്പുനിറത്തില്‍ തങ്ങിനില്‍ക്കുന്ന ഒരു സുന്ദരനീല ഗോളമാണ്. ആ നീലിമയ്ക്കിടയില്‍ വെണ്മേഘങ്ങള്‍ തീര്‍ക്കുന്ന പല പല ആകൃതികള്‍! ഹാ..വിവരിക്കുവാന്‍ വാക്കുകളില്ലാത്ത എന്തൊരു മനോഹരമായ ദൃശ്യം!


 മനുഷ്യരാശിയുടെ ഇതുവരെയുള്ള ബഹിരാകാശ ചരിത്രത്തില്‍ തന്നെ ഏതാണ്ട് നാല്പതോളം ബഹിരാകാശവാഹനങ്ങള്‍ മാത്രമാണ് ഇത്രയും ദൂരേയ്ക്കുള്ള യാത്ര നടത്തിയിട്ടുള്ളത്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ നമ്മുടെ ചന്ദ്രയാനും. അതില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം പ്രിയപ്പെട്ടവരേ.


ഇവിടെനിന്ന് നോക്കുമ്പോള്‍ നമ്മുടെ ഭൂമി എത്രയോ ചെറുതാണിപ്പോള്‍. ഒരു ഫുഡ്‌ബോള്‍ പോലെ ചെറുത്. ആകാശഗോളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്ര കുഞ്ഞന്‍!.. ഇത്രയും ചെറുതായിട്ടും, ഇത്രയും സുന്ദരമായ ഒരു ഗ്രഹം പാര്‍പ്പിടമായി കിട്ടിയിരിക്കുന്ന നാം മനുഷ്യര്‍ എത്രയോ ഭാഗ്യവാന്മാര്‍. രാത്രിയോ പകലോ ഇല്ലാത്ത, നില്‍ക്കാനൊരു തറയോ മുകളില്‍ ഒരു ആകാശമോ ഇല്ലാത്ത, എങ്ങോട്ടെന്നറിയാതെ അന്തമായി നീളുന്ന ഈ ശൂന്യതയില്‍ നിന്ന് നോക്കുമ്പോഴാണ് നാം മനുഷ്യരും നമ്മുടെ ഭൂമിയും ഈ പ്രപഞ്ചത്തില്‍ എത്രനിസ്സാരമാണെന്ന് നമുക്ക് ബോധ്യം വരുക! ഇത്രയും അശുവായ ആയ ഒരു ഭുമിക്കുവേണ്ടിയാണോ നമ്മള്‍ മനുഷ്യര്‍ തമ്മിലടിക്കുന്നത്, യുദ്ധം ചെയ്യുന്നത്, ബോംബുപൊട്ടിച്ച് നിരപരാധികളെ കൊല്ലുന്നത്, അണ്വായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുന്നത്! കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!


അനന്തമജ്ഞാതമവര്‍ണ്ണനീയം, ഈലോക ഗോളം തിരിയുന്നമാര്‍ഗ്ഗം, അതിലെങ്ങാണ്ടൊരിടത്തിരിക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടു എന്നു കവിപാടിയത് എത്രയോ സത്യം!


ചന്ദ്രയാന്‍ അതിന്റെ അവസാന പഥത്തിലേക്ക് കടന്നിരിക്കുകയാണ്. ചന്ദ്രനെ അങ്ങു ദൂരെയായി കാണുന്നുണ്ട്. നാം ഭൂമിയില്‍ നിന്ന് കാണുന്നതിനേക്കാ‍ള്‍ വലിപ്പമുണ്ടതിനിപ്പോള്‍. അമ്പിളിമാമന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളില്‍ നിന്നും മൂന്നുലക്ഷത്തി നാല്പതിനായിരം കിലോമീറ്റര്‍ അകലെയാണ് ഞങ്ങളിപ്പോള്‍ ഉള്ളത്. ഞങ്ങള്‍ കടന്നുപോകുന്ന ഈ പാത ഈ ചന്ദ്രന്‍ കടന്നുവരുന്ന പാതയ്ക്ക് ഏകദേശം ഏഴായിരം കിലോമീറ്റര്‍ അടുത്തുകൂടിയാണ് പോകുന്നത്. ഒരു ട്രപീസ് കളിക്കാരനെപ്പോലെ മണീക്കൂറീല്‍ അയ്യായിരം കിലോമീറ്റര്‍ സ്പീഡില്‍ അമ്പിളീമാമന്‍ കടന്നുവരുന്നുണ്ട്. ഇനി ചന്ദ്രയാന്റെവേഗത കുറച്ച് അമ്പിളിമാമന്റെ ആകര്‍ഷണവലയത്തിലേക്ക് കടത്തണം. ഈ ദൌത്യത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടമാണിത്.


അമ്പിളിമാമന്‍ ചന്ദ്രയാനെ പിടിക്കുമോ, അതോ ചന്ദ്രയാന്‍ പിടിവിട്ടുപോകുമോ. ഒരാശങ്കയ്ക്കും വകയില്ലെന്ന് ഐ.എസ്.ആര്‍.ഓ യിലെ ശാസ്ത്രജ്ഞന്മാരുടെ മുഖം നോക്കിയാലറിയാം. അവരെല്ലാവരും വളരെ ശുഭപ്രതീക്ഷയിലാണിപ്പോള്‍. റോക്കറ്റ് എഞ്ചിന്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞൂ. ചന്ദ്രയാന്റെ സ്പീഡ് കുറയുന്നുണ്ടോ.. ഉണ്ട്.. ഉണ്ട്.. ഉണ്ട്.....ഇതാ പതുക്കെപതുക്കെ നമ്മുടെ ഭൂമി ചന്ദ്രന്റെ പിന്നിലേക്ക് മാറുന്നത് കാണുന്നു. അതിനര്‍ത്ഥം ചന്ദ്രയാന്‍ ചന്ദ്രനുചുറ്റുമുള്ള പാതയിലേക്ക് എത്തിക്കഴിഞ്ഞൂ എന്നാണ്. അതേ, നമ്മുടെ ശാസ്ത്രജ്ഞര്‍ അതു നേടിക്കഴിഞ്ഞു. ചന്ദ്രന്റെ ചുറ്റും ഞങ്ങള്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കി.


ഇവിടെനിന്ന് താഴോട്ട് നോക്കുമ്പോള്‍ അങ്ങ് നൂറുകിലോമീറ്റര്‍ താഴെ ചന്ദ്രോപരിതലം കാണാം. കാണാന്‍ യാതൊരു ഭംഗിയുമില്ലാത്ത ഒരു തരിശുനിലം. എതോ നിഗൂഢമായൊരു ഏകാന്തതയും ഭയവും തോന്നുന്ന ഒരു മരുഭൂമി. സമുദ്രമോ, മരങ്ങളോ, അന്തരീക്ഷമോ, ജീവന്റെ അംശമോ ഇല്ലാത്ത കുണ്ടുകളും കുഴികളും കലകളും നിറഞ്ഞ ഒരു മുഖം. ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് മൂണ്‍ ഇമ്പാക്റ്റ് പ്രോബ് കൃത്യമായി താഴെ വീഴിക്കുകയാണ് അടുത്തലക്ഷ്യം. എം.ഐ.പി ചന്ദ്രോപരിതലത്തിലേക്ക് നോക്കുന്ന രീതിയില്‍ മാതൃവാഹനം തിരിച്ചു. ഇതാ എം.ഐ.പി താഴേക്കുള്ള പതനം ആരംഭിച്ചു കഴിഞ്ഞു. ഞങ്ങളില്‍ നിന്നും അത് അകന്നകന്ന് താഴേക്ക് പതിക്കുകയാണ്. നീണ്ടുവളഞ്ഞ ഒരു പാതയിലൂടെയാണ് അത് താഴേക്ക് പതിക്കുന്നത്. പോകുന്ന പോക്കില്‍ അനേകം വീഡിയോ ചിത്രങ്ങള്‍ അത് മാതൃപേടകത്തിലേക്ക് അയയ്ക്കുന്നുണ്ട്. ഇന്ത്യന്‍ പതാ‍ക അതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രിയ പ്രേക്ഷകരേ, ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷങ്ങളാണിവ. അമേരിക്കക്കും, റഷ്യയ്ക്കും, ചൈനയ്ക്കും ശേഷം നാലാമതായി ഒരു മനുഷ്യനിര്‍മ്മിത വസ്തു ചന്ദ്രനില്‍ എത്തിച്ചിരിക്കുന്ന രാജ്യം നമ്മൂടേതാണ്.
എം.ഐ.പി അങ്ങുതാഴെ എത്താറായി. ചന്ദ്രന്റെ ദക്ഷിണധൃവം അങ്ങു ദൂരെക്കാണാം. അതേ, അവിടേക്ക് തന്നെയാണ് അത് പതിക്കുന്നത്. മണിക്കൂറില്‍ ആറായിരത്തോളം കിലോമീറ്റര്‍ വേഗതയില്‍ നമ്മുടെ എം.ഐ.പി താഴെപതിച്ചുകഴിഞ്ഞു. അങ്ങനെ വിജയകരമായി പര്യവസാനിച്ച ഈ ദൌത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരാ‍യിരം അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും, കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഇരുന്നുകൊണ്ട് റേഡീയോയിലൂ‍ടെ ഞങ്ങളെ ശ്രവിക്കുന്ന നിങ്ങള്‍ക്കോരോരുത്തര്‍ക്കും അമ്പിളിയില്‍ നിന്നോരോ ആശംസകള്‍ നേര്‍ന്നുകൊണ്ടും ഞങ്ങള്‍ സ്റ്റുഡിയോയിലേക്ക് മടങ്ങുന്നു. നന്ദി. നമസ്കാരം.

15 comments:

കുഞ്ഞന്‍ November 20, 2008 at 11:07 AM  

തകര്‍പ്പന്‍ വിവരണം..!

തിരിച്ച് നിങ്ങളെന്തിന് സ്റ്റുഡിയൊവിലേക്ക് വന്നു? നേരെ ചൊവ്വയിലേക്ക് പോകാമായിരുന്നില്ലെ..?

അപ്പുണ്ണി മാഷെ, നിങ്ങള്‍ക്കു ചേരുന്ന കുപ്പായം ഒരു അധ്യാപകന്റേതാണ്..!

ചന്ദ്രകാന്തം November 20, 2008 at 12:11 PM  

ഹൗ ! ഓരോ ഘട്ടവും കഴിയുമ്പോളുള്ള ആ വിവരണരീതി...(ആകാശവാണിയുടെ ശൈലിയില്‍ തന്നെ വായിച്ചാല്‍....) ആവേശം മൂത്ത്‌ ബലം പിടിച്ചിരുന്ന്‌ ഒരു വഴിയ്ക്കായി. കൈവിട്ടാല്‍ വീണെങ്കിലോ എന്നുവരെ തോന്നി.
:)

...ശ്ശെ..ഇവിടേന്നു കാണുമ്പോള്‍ ഇത്ര സുന്ദരനായ അമ്പിളിമാമന്റെ വസൂരിക്കല നിറഞ്ഞപോലുള്ള മുഖം..!! ദൂരക്കാഴ്ച വെറും പുറംമോടി മാത്രാണല്ലേ..!!

മറ്റൊരാള്‍\GG November 20, 2008 at 1:47 PM  

ഓ.. തിത്തി.. താര തിത്തിതാര.. തിതൈ തക തൈ തോം...
:)

വിവരണം അസ്സലായി. പിന്നെ ഒരു സംശയം. സാറായിരുന്നോ പണ്ട് ആറെന്മുള വള്ളകളികളുടെ ദൃക്‌സാക്ഷിവിവരണം നടത്തിയിരുന്നത്?

kaithamullu : കൈതമുള്ള് November 20, 2008 at 3:10 PM  

നല്ല സുഗമമായ വിവരണം.
ബോധിച്ചൂ, വളരെ....വളരെ!

വേണു venu November 20, 2008 at 8:59 PM  

അപ്പു മാഷേ,
ഞാനും കുടെ കൊണ്ടു പോയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
കോരിത്തരിച്ചിരുന്നു പോയി.
ഭൂമിയില്‍ നിന്നും ഒന്നരലക്ഷം കിലോമീറ്റര്‍ അകലത്തിലാണ് ഇപ്പോള്‍ ഞങ്ങള്‍ ഉള്ളത്. നമ്മുടെ ഭൂമി എത്രയോ ചെറുതാണിപ്പോള്‍. മാഷിന്‍റെ തത്സമയ പ്രക്ഷേപണം കേട്ടിരിക്കയായിരുന്നു.
രാത്രിയോ പകലോ ഇല്ലാത്ത, നില്‍ക്കാനൊരു തറയോ മുകളില്‍ ഒരു ആകാശമോ ഇല്ലാത്ത, ഈ ശൂന്യാകാശത്തുനിന്ന് നോക്കുമ്പോഴാണ് നാം മനുഷ്യരും നമ്മുടെ ഭൂമിയും ഈ പ്രപഞ്ചത്തില്‍ എത്രനിസ്സാരമാണെന്ന് നമുക്ക് ബോധ്യം വരുക!
ഈ ഭുമിക്കുവേണ്ടിയാണോ മനുഷ്യര്‍ തമ്മിലടിക്കുന്നത്, ബോംബുപൊട്ടിക്കുന്നത്, അണ്വായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുന്നത്! അനന്തമജ്ഞാതമവര്‍ണ്ണനീയം. മനുഷ്യനായതിന്‍റെ പേരില്‍ എനിക്കെന്നെ ഒന്നു പൂശാന്‍ തോന്നിയ നിമിഷം മാഷേ.
യാത്ര വിജയമായിരുന്നു. തത്സമയ സമ്പ്രേക്ഷണം മനോഹരമായിരുന്നു.


ഇനി എന്‍റെ കൊച്ചു സംശയങ്ങള്‍, അല്ലെങ്കില്‍ മണ്ടത്തരങ്ങള്‍.?


ആദ്യഘട്ടത്തിന്റെ വശങ്ങളിലായി എരിഞ്ഞുകൊണ്ടിരുന്ന ആറ് സ്ട്രാപ് ഓണ്‍ റോക്കറ്റുകള്‍ ഇതാ വേര്‍പെട്ട് താഴെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് വീഴുവാന്‍ തുടങ്ങിയിരിക്കുന്നു.ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം അവസാനിക്കാറായി. അതാ, ആദ്യഘട്ടം റോക്കറ്റില്‍ നിന്ന് വേര്‍പെടുന്നു.
രണ്ടാം ഘട്ടം,
ഭൂമിയില്‍നിന്നുള്ള ഉയരം നൂറുകിലോമീറ്ററോളം.
മൂന്നാം ഘട്ടവും പൂര്‍ത്തിയായി. അത് വേര്‍പെട്ട് താഴേക്ക് പതിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞൂ.
ഇപ്പോള്‍ നാലാം ഘട്ടമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
അതിനു ശേഷം ഒന്നും നിലമ്പതിക്കുന്നില്ല അല്ലേ.?
അതോ ചന്ദ്രനിലേയ്ക്കാവുമോ അവശിഷ്ടങ്ങള്‍ വീഴുന്നത്.
അറിവില്ലായ്മയ്ക്ക് കുറച്ചില്‍ വിചാരിക്കുന്നില്ല.
പറയുമല്ലോ.:)
അങ്ങുതാഴേക്ക് നോക്കിയാല്‍ ഭൂമിയുടെ അനന്തമായ നീലിമ കാണാം.
ഭൂമിയില്‍നിന്നുള്ള ഉയരം നൂറുകിലോമീറ്ററോളം.
അനന്തതയില്‍നിന്നും ഭൂമിയുടെ ദൃശ്യം നീല നിറമാണോ.?

അപ്പൂ, വളരെ ഇഷ്ടമായി.
എനിക്കിഷ്ടമുള്ള സബ്ജെക്റ്റായ്തിനാലാവാം. മനോഹരം. അനന്തമായ നീലിമ.:)

അപ്പു November 20, 2008 at 9:26 PM  

വേണുവേട്ടാ.. :)
അറിയാത്തകാര്യങ്ങള്‍ ചോദിക്കുന്നതില്‍ എന്തിനു മടിക്കണം? ഞാനും അങ്ങനെതന്നെ, ചോദിച്ചറിഞ്ഞു പഠിക്കുന്നതല്ലേ ഇതൊക്കെ. ഇനി ചോദ്യങ്ങളുടെ ഉത്തരം.

1. നാലാം ഘട്ടത്തിന്റെ അവശിഷ്ടങ്ങളൊക്കെ ബഹിരാകാശത്ത് കുറേ നാള്‍ കിടന്നു കറങ്ങും. ഇവയെ Space Debris എന്നാണു പറയുക. ഇവറ്റയെപ്പറ്റി ചന്ദ്രയാന്‍ പോസ്റ്റിന്റെ ഒന്നാം ഭാഗത്തെ കമന്റ് സെക്ഷനില്‍ ഒരല്പം ചര്‍ച്ച ചെയ്തിരുന്നു ഒന്നു നോക്കുമല്ലോ. അതുപോലെ ഒരു ചിത്രം ഇവിടെയുണ്ട് ഈ അവശിഷ്ടങ്ങളൊന്നും ചന്ദ്രന്‍ വരെ എത്തുകയില്ല. പക്ഷേ ഇപ്പോള്‍ തന്നെ ഭൂമിയോടടുത്ത സ്പേസില്‍ ആവശ്യത്തില്‍ കൂടുതല്‍ (ഏതണ്ട് 10000 എണ്ണം) ഇവയുണ്ട്.

2. ശൂന്യാകാശത്തുനിന്നു നോക്കുമ്പോള്‍ ഭൂമി, ഇടയ്ക്കിടെ വെളുത്ത നിറത്തോടുകൂടി, കടും നീലനിറത്തില്‍ തിളങ്ങുന്ന ഗോളമാണ്. ഈ പോസ്റ്റിലെ ഫോട്ടോ 36000 കിലോമീറ്റര്‍ അകലെ ജിയോസ്റ്റേഷനറി ഓര്‍ബിറ്റില്‍ നിന്നെടുത്ത യഥാര്‍ത്ഥ ചിത്രം തന്നെ. ഭൂമിയിലെ നീലിമയ്ക്ക് കാരണം സമുദ്രങ്ങള്‍ തന്നെ. കുറേ ചിത്രങ്ങള്‍ ഇവിടെകാണാം

3. നൂറുകിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ഭൂമിയുടെ ഗോളാകൃതി പൂര്‍ണ്ണമായും വ്യക്തമാവുകയില്ല. നമ്മുടെ വിക്ഷണകോണിനേക്കാള്‍ വലിയ ഒരു ഓബ്ജക്റ്റ്. താഴേക്കുനോക്കിയാല്‍ നല്ല നീലനിറം തന്നെ. ഈ ചിത്രവും ഒന്നു നോക്കൂ.

കാന്താരിക്കുട്ടി November 28, 2008 at 7:52 AM  

വളരെ പുതുമയുള്ള ഈ അവതരണ രീതി എനിക്കും നന്നായി ബോധിച്ചൂ.അപ്പുമാഷിന്റെ കുട്ടികളുടെ ഭാഗ്യം.എത്ര ഭംഗിയായാണു കാര്യങ്ങള്‍ മനസ്സിലാക്കിത്തരുന്നത്.

അരുണ്‍ കായംകുളം November 28, 2008 at 10:50 AM  

കിടിലന്‍ വിവരണം.ശരിക്കും അവിടെ ഉണ്ടായിരുന്നോ?

Science Uncle - സയന്‍സ് അങ്കിള്‍ May 2, 2009 at 7:07 PM  

കൊള്ളാം മാഷേ! നല്ല വിവരണം.

Ghadolkachan May 13, 2009 at 11:24 PM  

വളരെ ..വളരെ ..നല്ല..വിവരണം.നന്ദി...നന്ദി...നന്ദി.. എന്തിനാനിങ്ങനെയൊരു പൈസച്ചെലവ് എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ സൈക്കിളില്‍ പോകുന്നുന്നുണ്ട്! ..അതിനെപ്പറ്റി കുറെ പുസ്തകവുമുണ്ട്‌ !.. എന്ന് പറഞ്ഞാലൊന്നും നമുക്ക് സൈക്കിള്‍ ഓടിക്കാന്‍ ആവില്ല. അതിനു നാം തന്നെ ഓടിച്ചു പഠിക്കണം.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar September 30, 2009 at 10:37 PM  

അപ്പൂ,
ദൃക്‌സാക്ഷിവിവരണം കെങ്കേമമായി.ഒരു ആകാശവാണിക്കാരനായ എനിക്ക് സന്തോഷം അടക്കാനാകുന്നില്ല.താങ്കൾക്ക് സമ്മതമാണെങ്കിൽ ഈ ബ്ലോഗിലെ ശാസ്ത്രലേഖനങൾ റേഡിയോ പ്രക്ഷേപണത്തിൽ ഉൾപ്പെടുത്താം.

അപ്പു October 1, 2009 at 7:01 AM  

പ്രദീപ് മാഷേ,

ഞാൻ ബി.എസ്.സി ഫൈനൽ ഈയറിനു പഠിക്കുമ്പോഴാണ് ഞങ്ങളുടെ വീട്ടിൽ (എന്നല്ല, ഞങ്ങളുടെ നാട്ടിൽ എന്നു തന്നെ പറയാം) ഒരു ടി.വി. വരുന്നത്. അതിനു മുമ്പുവരെ ആകാശവാണിയല്ലാതെ മറ്റൊരു വാർത്താമാധ്യമം എന്റെ അറിവിൽ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ആകാശവാണിയെപ്പറ്റിയൂള്ള ഓർമകൾ എന്റെമനസ്സിൽ (എന്റെ സമപ്രായക്കാരുടെയും) ഒരു നൊസ്റ്റാൾജിയ ആണ് ഇന്നും. 90 കളുടെ തുടക്കത്തിൽ ഞാൻ സൌദിയിൽ ആയിരിക്കുമ്പോൾ അന്ന് മലയാളം ടി.വി ചാനലുകളോ റേഡിയോയോ അവിടെ ഇല്ലായിരുന്നു. അന്ന് അവധിക്ക് വരുമ്പൊൾ ഒരു കാസറ്റിൽ ആകാശവാണി പ്രോഗ്രാമുകൾ റിക്കോർഡ് ചെയ്തുകൊണ്ട് പോകുമായിരുന്നു, വയലും വീടും, കണ്ടതും കേട്ടതും, യുവവാണി, ബാലലോകം, നാടകം ഇതൊക്കെ...

ഇപ്പോഴും ആഗ്രഹിച്ചുപോകാറുണ്ട്, ആകാശവാണി മലയാളം ഇന്റർനെറ്റ് റേഡിയോയായി ലഭിച്ചിരുന്നുവെങ്കിൽ എത്രനന്നായിരുന്നു എന്ന്..

ബ്ലോഗ് വായിച്ചതിൽ സന്തോഷം. ആകാശവാണിയുടെ പരിപാടികളിൽ ഇതൊക്കെ ഉൾപ്പെടുത്താനുള്ള വകുപ്പുകളുണ്ടോ ഇപ്പോൾ? ! യാതൊരു സമ്മതക്കുറവും ഇല്ല, പൊതുജനങ്ങൾക്ക് ഇഷ്ടമാകുന്ന / പ്രയോജനപ്പെടുന്ന എന്തും എന്റെ ബ്ലോഗിൽ നിന്ന് എടുത്തുകൊള്ളൂ.

റോക്കിംഗ് സ്റ്റാര്‍ .. July 5, 2010 at 7:27 PM  

അപ്പു മാഷെ.... തടി കുറക്കണം ട്ടോ... പേടിച്ചോ... ഞാന്‍ എന്റെ മനസ്സില്‍ നിങ്ങള്‍ക്കുള്ള വലിപ്പത്തെ കുറിച്ചാണ് പറഞ്ഞത്... ആദ്യക്ഷരി വായിച്ചപ്പോള്‍..ഉണ്ടായ ആ രൂപം ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചു ഒരു വട വൃക്ഷമായി മാറിയിരിക്കുന്നു... എന്നാലും തടി കുറയ്ക്കണ്ട...ഇങ്ങനെ വളര്‍ന്നു വളര്‍ന്നു ഉയരത്തിലേക്ക് തന്നെ പോകട്ടെ....

siraj padipura December 6, 2013 at 8:49 AM  

പ്രിയ അപ്പുമാഷെ,
മാഷ് എന്ന സംബോധനക്ക് താങ്കൽ തികച്ചും അർഹൻതന്നെ താങ്കളുടെ വിവരണം ഞങ്ങളേ പോലെയുള്ളവർക്ക്
വളരെ പ്രയോജനപ്രധമാണ് വളരെ നന്ദി

Blog Archive

Header photo image : www.dualmonitorbackgrounds.com/science-fiction/DreamyWorld2nd.jpg.html

  © Blogger template Blogger Theme by Ourblogtemplates.com 2008

Back to TOP