Sunday, November 16, 2008

അഞ്ചുമിനിറ്റില്‍ ഒരു ചന്ദ്രയാത്ര

അഞ്ചുമിനിറ്റില്‍ ഒരു ചാന്ദ്രയാത്ര: ആകാശവാണി ദൃക്സാക്ഷിവിവരണം:

ഈ ബ്ലോഗിലെ ചാന്ദ്രയാത്രയ്ക്കു പിന്നിലെ ശാസ്ത്രകഥകള്‍ (ചന്ദ്രയാന്‍ വിക്ഷേപണം - ഭാഗം 2) എന്ന പോസ്റ്റിന്റെ ഒരു ഭാഗമാണീ പോസ്റ്റ്.


ഇതുവരെ നമ്മള്‍ വായിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ വളരെ നീണ്ടുപോയി അല്ലേ. ഇനി ഇതെല്ലാം കൂടി അഞ്ചുമിനിറ്റ് നീളുന്ന ആകാശവാണിയുടെ ഒരു ദൃക്സാക്ഷിവിവരണമായി, ഒരു ഫാസ്റ്റ് ഫോര്‍വേര്‍ഡ് വീഡിയോ കാണുന്നതുപോലെ കാണുകയാണെന്നു സങ്കല്‍പ്പിക്കൂ. അത് ഏകദേശം ഇങ്ങനെയായിരിക്കും.

കാശവാണി, തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട്. ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ ദൃക്സാക്ഷിവിവരണം തുടരുന്നു. സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വീണ്ടും ഞാന്‍ അപ്പുവാണ് നിങ്ങളോട് സംസാരിക്കുന്നത്. വാര്‍ത്തകള്‍ക്കു മുമ്പായി നാം സംസാരിച്ചുകൊണ്ടിരുന്നതുപോലെ, ഇന്ത്യയുടെ പ്രഥമ ചാന്ദ്രപര്യവേക്ഷണ ദൌത്യമായ ചന്ദ്രയാന്‍ ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് പുറപ്പെടുവാന്‍ തയ്യാറായി പി.എസ്.എല്‍.വി സി 11 റോക്കറ്റ് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിനു മുമ്പിലായി തയലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. എല്ലാ തയ്യാറെടുപ്പുകളും ഇവിടെ പൂര്‍ത്തിയായിരിക്കുന്നു. ഒരു പത്തുനിലക്കെട്ടിടത്തിന്റെ ഉയരവും 240 ടണ്‍ ഭാരവുമാണ് ഈ റോക്കറ്റിനുള്ളത്. വിക്ഷേപണഗോപുരത്തിന്റെ പരിസരത്ത് ജീവനക്കരാരും തന്നെ ഇപ്പോഴില്ല. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലാണ് ഈ അവസാന നിമിഷത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കൌണ്ട്ഡൌണിന്റെ അവസാന നിമിഷങ്ങളിലേക്ക് നാം എത്തിയിരിക്കുകയാണ്. ഒന്‍പത്, എട്ട്, ഏഴ്, ആറ്, അഞ്ച്, റോക്കറ്റ് എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞു. വിക്ഷേപണത്തറയുടെ ചുവട്ടില്‍ ഒരു മലപോലെ പുകയും തീയും വന്നുനിറയുന്നുണ്ട്.രണ്ട്, ഒന്ന്, പൂജ്യം........
ഇന്ത്യന്‍ ത്രിവര്‍ണ്ണപതാകയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന പി.എസ്.എല്‍.വി റോക്കറ്റ് വലിയൊരു ഹുങ്കാരത്തോടെ ആകാശത്തേക്ക് കുതിച്ചുയര്‍ന്നുകഴിഞ്ഞു. 240 ടണ്‍ ഭാരമുള്ള ഈ റോക്കറ്റിനെ അപ്പാടെ മുകളിലേക്ക് ഉയര്‍ത്തുന്ന ഈ എഞ്ചിനുകളുടെ ശേഷി ഒന്നുഹിച്ചുനോക്കൂ. ഒരു ആനയുടെ ഭാരം വെറും 5 ടണ്‍ മാത്രമാണെന്നോര്‍ക്കുമ്പോഴാണ് ഈ റോക്കറ്റ് എഞ്ചിനുകളുടെ ശേഷി നമുക്ക് മനസ്സിലാവുക. മേഘപാളികളെയെല്ലാം സെക്കന്റുകള്‍ കൊണ്ട് പിന്നിലാക്കി ചെറുതായി ചെരിഞ്ഞ ഒരു പാതയിലൂടെയാണ് ഇപ്പോള്‍ റോക്കറ്റിന്റെ ഗമനം. ആദ്യഘട്ടത്തിന്റെ വശങ്ങളിലായി എരിഞ്ഞുകൊണ്ടിരുന്ന ആറ് സ്ട്രാപ് ഓണ്‍ റോക്കറ്റുകള്‍ ഇതാ വേര്‍പെട്ട് താഴെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് വീഴുവാന്‍ തുടങ്ങിയിരിക്കുന്നു. മണിക്കൂറില്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ റോക്കറ്റ് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നത്. 105 സെക്കന്റ് പൂര്‍ത്തിയായിരിക്കുന്നു, ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം അവസാനിക്കാറായി. അതാ, ആദ്യഘട്ടം റോക്കറ്റില്‍ നിന്ന് വേര്‍പെടുന്നു.


രണ്ടാം ഘട്ടം, അതിന്റെ ദ്രവഇന്ധനമോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് മുമ്പോട്ട് കുതിക്കുവാന്‍ തുടങ്ങീക്കഴിഞ്ഞു. ഈ എഞ്ചിന് ഒരു പ്രത്യേകതയുണ്ട്, പൂര്‍ണ്ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചെടുത്തതാണിത്. വലിയൊരു തീഗോളത്തില്‍ നിന്ന് നാം പറന്നുയരുന്നതുപോലെയാണ് ഇവിടെനിന്നും ഇപ്പോള്‍ ഈ റോക്കറ്റിന്റെ ദൃശ്യം. അത്യന്തം മനോഹരമായ ഈ ദൃശ്യം, എങ്ങനെ വിവരിക്കണമെന്നെനിക്കറിയില്ല. വിക്ഷേപണം കഴിഞ്ഞ് അഞ്ചുമിനിറ്റോളം പൂര്‍ത്തിയായിരിക്കുന്ന ഈ സമയത്ത് ഇപ്പോള്‍ റോക്കറ്റ് ഏകദേശം അറുപതുകിലോമീറ്റര്‍ മുകളില്‍ എത്തിക്കഴിഞ്ഞൂ. ഭൂമിയുടെ അന്തരീക്ഷത്തിന്റെ രണ്ടാം പാളിയായ സ്ട്രാറ്റോസ് ഫിയർ ഇവിടെ അവസാനിക്കുന്നു. ഭൂനിരപ്പിൽ നിന്നും ഏകദേശം അൻപതു കിലോമീറ്റർ വരെയുള്ള ഭാഗത്തെയാണ്  സ്ട്രാറ്റോസ്‌ഫിയർ എന്നുവിളിക്കുന്നത്. ഇതുകഴിഞ്ഞാൽ മിസോസ്‌ഫിയർ ആരംഭിക്കുകയായി. കൊടും ശൈത്യമാണ് ഈ മൂന്നാം പാളീയിൽ അനുഭവപ്പെടുന്നത്. ഞങ്ങളുടെ വാഹനത്തിലെ ഡിജിറ്റൽ തെർമോമീറ്ററുകൾ കാണിക്കുന്ന കണക്കുകൾ അനുസരിച്ച്  പുറത്തെ താപനില -100 ഡിഗ്രി സെൽഷ്യസ് എന്നാണ്! വെള്ളം ഘനീഭവിക്കുന്ന താപനിലയായ പൂജ്യം ഡിഗ്രിയേക്കാൾ നൂറു ഡിഗ്രി താഴെ!   രണ്ടാംഘട്ടവും എരിഞ്ഞു തീരാറായി. ഇപ്പോള്‍ ഭൂമിയില്‍നിന്നുള്ള ഉയരം നൂറുകിലോമീറ്ററോളം ആയിരിക്കുന്നു.


മൂന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ആദ്യമുണ്ടായിരുന്നതിനേക്കാല്‍ ഭാരം വളരെ കുറഞ്ഞീരിക്കുന്ന റോക്കറ്റ് ഇപ്പോള്‍ പതിന്മടങ്ങ് വേഗതിയില്‍, മണീക്കൂറില്‍ ഇരുപതിനായിരം കിലോമീറ്റര്‍ സ്പീഡിലാണ് സഞ്ചരിക്കുന്നത്. 83 സെക്കന്റ് നീണ്ടുനിന്ന മൂന്നാം ഘട്ടവും പൂര്‍ത്തിയായി. അത് വേര്‍പെട്ട് താഴേക്ക് പതിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞൂ. ഇപ്പോള്‍ നാലാം ഘട്ടമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന ഘട്ടമാണിത്, ഏകദേശം എട്ടുമിനിറ്റ്. ഭൂമിയില്‍ നിന്നും നൂറ്റമ്പതോളം കിലോമീറ്റര്‍ മുകളിലാണ് ഞങ്ങളിപ്പോള്‍ ഉള്ളത്. ഭൗമാന്തരീക്ഷത്തിന്റെ നാലാം പാളിയായ തെർമോസ്‌ഫിയറിലാണ് ഞങ്ങൾ ഇപ്പോഴുള്ളത്. ഇവിടെ വായുവിന്റെ സാന്ദ്രത അത്യന്തം ലഘുവാണ്. തെർമോ‌സ്പിയർ എന്ന പേരു സൂചിപ്പിക്കുന്നതുപോലെതന്നെ, ഈ പാളിയിൽ കടക്കുന്തോറും ചൂട് വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഡിജിറ്റൽ തെർമോമീറ്ററുകളിൽ കാണുന്ന കണക്കുപ്രകാരം പുറമേയുള്ള ചൂട് 200-250 ഡിഗ്രി സെൽഷ്യസ് ആണ്! ഒന്നാലോചിച്ചു നോക്കൂ ശ്രോതാക്കളേ, ഈ അത്യൽഭുതകരമായ അന്തരീക്ഷമെന്ന പുതപ്പിനാൽ നമ്മുടെ ഭൂമിയെയും അതിൽ പാർക്കുന്ന ജീവജാലങ്ങളേയും എത്രത്തോളം കരുതലോടെയാണ്  പ്രകൃതി സംരക്ഷിച്ചിരിക്കുന്നത്. അല്ലെങ്കിൽ സൂര്യനിൽ നിന്നു പുറപ്പെടുന്ന ഈ അത്യുഷ്ണത്താൽ ഭൂമി വെന്തു ചാമ്പലാകുമായിരുന്നില്ലേ? സമുദ്രങ്ങൾ തന്നെയും വറ്റി വരണ്ടുപോകുമായിരുന്നില്ലേ!  അങ്ങുതാഴേക്ക് നോക്കിയാല്‍ ഭൂമിയുടെ അനന്തമായ നീലിമ കാണാം. മഹാസമുദ്രങ്ങള്‍ക്കു മുകളില്‍ തട്ടുതട്ടാ‍യി നില്‍ക്കുന്ന മേഘപാളികളെയും, അവയുടെമേല്‍ പൊന്‍‌കിരണങ്ങള്‍ വര്‍ഷിക്കുന്ന സൂര്യനേയും കാണാം. വന്‍‌കരകളൊക്കെയും വലിയൊരു സിനിമാസ്ക്രീനില്‍ എന്നപോലെ ഒറ്റയടിക്ക് കാണാന്‍ സാധിക്കുന്ന ഈ കാഴ്ച അത്യന്തം ആശ്ചര്യജനകം തന്നെ. വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല്ല എന്നു പറയുന്നതാവും ഏറ്റവും ശരി. 



ഇപ്പോള്‍ ഈ റോക്കറ്റ് മണിക്കൂറില്‍ മുപ്പത്തയ്യായിരം കിലോമീറ്റര്‍ എന്ന വേഗതയില്‍ എത്തിരിക്കുന്നു. നമുക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത അതിവേഗതയാണീത് പ്രിയപ്പെട്ടവരേ. പക്ഷേ അതേവേഗതില്‍ സഞ്ചരിക്കുന്ന ഞങ്ങള്‍ക്ക് അതൊന്നും അനുഭവേദ്യമാവുന്നതേയില്ല. വിക്ഷേപണം കഴിഞ്ഞ് പതിമൂന്നുമിനിറ്റായിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ 250 കിലോമീറ്റര്‍ ഉയരത്തിലാണുള്ളത്. നാലാം ഘട്ടത്തിന്റെ പ്രവര്‍ത്തനവും അവസാനിക്കാറായി. റോക്കറ്റിന്റെ മുന്‍ഭാഗത്തുള്ള മൂടിതുറന്ന് ചന്ദ്രയാന്‍ ഉപഗ്രഹം അതിന്റെ ആദ്യഭ്രമണപഥത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞൂ. ഈ ഭ്രമണപഥം ഒരു ദീര്‍ഘവൃത്തമാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞത്. ഇതിന്റെ അങ്ങേത്തല ഭൂമിയില്‍ നിന്നും മുപ്പതിനായിരത്തോളം കിലോമീറ്റര്‍ അകലെയാണ്.


യാതൊരു തകരാറുകളുമില്ലാതെ, എല്ലാം നിശ്ചയിച്ചുറപ്പിച്ചതില്‍ നിന്നും അണുവിടമാറാതെ എത്രമനോഹരിയായാണ് നമ്മുടെ ചന്ദ്രയാന്‍ പറന്നുകൊണ്ടിരിക്കുന്നത്!  ആദ്യഭ്രമണപഥം ചന്ദ്രയാൻ പൂർത്തിയാക്കുമ്പോഴേക്കും ഒരു ചെറിയ ഇടവേള. 


******


വീണ്ടും സ്വാഗതം. ഇപ്പോള്‍ ഞങ്ങള്‍ ചന്ദ്രനിലേക്കുള്ളയാത്രയുടെ മൂന്നാം ഭ്രമണപഥത്തിലായിരിക്കുന്നു. ഭൂമിയില്‍ നിന്നും ഒന്നരലക്ഷം കിലോമീറ്റര്‍ അകലത്തിലാണ് ഇപ്പോള്‍ ഞങ്ങള്‍ ഉള്ളത്. ഡീപ് സ്പെയ്സ് എന്നാണ് ഇത്രയും അകലെയുള്ള ബഹിരാകാശഭാഗങ്ങള്‍ അറിയപ്പെടുന്നത്.  ഇവിടെനിന്ന് തിരിഞ്ഞുനമ്മുടെ ഭൂമിയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ കാണുന്നതെന്താണെന്നറീയാമോ? വളരെ വലുതായി നാം കണ്ടുകൊണ്ടിരുന്ന അതിന്റെ ചക്രവാളങ്ങളിലെ വളവ് കുറഞ്ഞുകുറഞ്ഞു വന്ന് നമ്മുടെ വീക്ഷണകോണീലേക്കൊതുങ്ങുന്ന ഒരു ഗോളമായതു മാറുന്നു. ഇതാ എത്രവേഗം ഞങ്ങളിങ്ങെത്തിക്കഴിഞ്ഞു! 
ഇത്രയും ദൂരെനിന്ന് നോക്കുമ്പോള്‍ നമ്മുടെ ഭൂമി ഒരു മാര്‍ബിള്‍ പന്തുപോലെ ബഹിരാകാശത്തിന്റെ കറുപ്പുനിറത്തില്‍ തങ്ങിനില്‍ക്കുന്ന ഒരു സുന്ദരനീല ഗോളമാണ്. ആ നീലിമയ്ക്കിടയില്‍ വെണ്മേഘങ്ങള്‍ തീര്‍ക്കുന്ന പല പല ആകൃതികള്‍! ഹാ..വിവരിക്കുവാന്‍ വാക്കുകളില്ലാത്ത എന്തൊരു മനോഹരമായ ദൃശ്യം!


 മനുഷ്യരാശിയുടെ ഇതുവരെയുള്ള ബഹിരാകാശ ചരിത്രത്തില്‍ തന്നെ ഏതാണ്ട് നാല്പതോളം ബഹിരാകാശവാഹനങ്ങള്‍ മാത്രമാണ് ഇത്രയും ദൂരേയ്ക്കുള്ള യാത്ര നടത്തിയിട്ടുള്ളത്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ നമ്മുടെ ചന്ദ്രയാനും. അതില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം പ്രിയപ്പെട്ടവരേ.


ഇവിടെനിന്ന് നോക്കുമ്പോള്‍ നമ്മുടെ ഭൂമി എത്രയോ ചെറുതാണിപ്പോള്‍. ഒരു ഫുഡ്‌ബോള്‍ പോലെ ചെറുത്. ആകാശഗോളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്ര കുഞ്ഞന്‍!.. ഇത്രയും ചെറുതായിട്ടും, ഇത്രയും സുന്ദരമായ ഒരു ഗ്രഹം പാര്‍പ്പിടമായി കിട്ടിയിരിക്കുന്ന നാം മനുഷ്യര്‍ എത്രയോ ഭാഗ്യവാന്മാര്‍. രാത്രിയോ പകലോ ഇല്ലാത്ത, നില്‍ക്കാനൊരു തറയോ മുകളില്‍ ഒരു ആകാശമോ ഇല്ലാത്ത, എങ്ങോട്ടെന്നറിയാതെ അന്തമായി നീളുന്ന ഈ ശൂന്യതയില്‍ നിന്ന് നോക്കുമ്പോഴാണ് നാം മനുഷ്യരും നമ്മുടെ ഭൂമിയും ഈ പ്രപഞ്ചത്തില്‍ എത്രനിസ്സാരമാണെന്ന് നമുക്ക് ബോധ്യം വരുക! ഇത്രയും അശുവായ ആയ ഒരു ഭുമിക്കുവേണ്ടിയാണോ നമ്മള്‍ മനുഷ്യര്‍ തമ്മിലടിക്കുന്നത്, യുദ്ധം ചെയ്യുന്നത്, ബോംബുപൊട്ടിച്ച് നിരപരാധികളെ കൊല്ലുന്നത്, അണ്വായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുന്നത്! കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!


അനന്തമജ്ഞാതമവര്‍ണ്ണനീയം, ഈലോക ഗോളം തിരിയുന്നമാര്‍ഗ്ഗം, അതിലെങ്ങാണ്ടൊരിടത്തിരിക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടു എന്നു കവിപാടിയത് എത്രയോ സത്യം!


ചന്ദ്രയാന്‍ അതിന്റെ അവസാന പഥത്തിലേക്ക് കടന്നിരിക്കുകയാണ്. ചന്ദ്രനെ അങ്ങു ദൂരെയായി കാണുന്നുണ്ട്. നാം ഭൂമിയില്‍ നിന്ന് കാണുന്നതിനേക്കാ‍ള്‍ വലിപ്പമുണ്ടതിനിപ്പോള്‍. അമ്പിളിമാമന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളില്‍ നിന്നും മൂന്നുലക്ഷത്തി നാല്പതിനായിരം കിലോമീറ്റര്‍ അകലെയാണ് ഞങ്ങളിപ്പോള്‍ ഉള്ളത്. ഞങ്ങള്‍ കടന്നുപോകുന്ന ഈ പാത ഈ ചന്ദ്രന്‍ കടന്നുവരുന്ന പാതയ്ക്ക് ഏകദേശം ഏഴായിരം കിലോമീറ്റര്‍ അടുത്തുകൂടിയാണ് പോകുന്നത്. ഒരു ട്രപീസ് കളിക്കാരനെപ്പോലെ മണീക്കൂറീല്‍ അയ്യായിരം കിലോമീറ്റര്‍ സ്പീഡില്‍ അമ്പിളീമാമന്‍ കടന്നുവരുന്നുണ്ട്. ഇനി ചന്ദ്രയാന്റെവേഗത കുറച്ച് അമ്പിളിമാമന്റെ ആകര്‍ഷണവലയത്തിലേക്ക് കടത്തണം. ഈ ദൌത്യത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടമാണിത്.


അമ്പിളിമാമന്‍ ചന്ദ്രയാനെ പിടിക്കുമോ, അതോ ചന്ദ്രയാന്‍ പിടിവിട്ടുപോകുമോ. ഒരാശങ്കയ്ക്കും വകയില്ലെന്ന് ഐ.എസ്.ആര്‍.ഓ യിലെ ശാസ്ത്രജ്ഞന്മാരുടെ മുഖം നോക്കിയാലറിയാം. അവരെല്ലാവരും വളരെ ശുഭപ്രതീക്ഷയിലാണിപ്പോള്‍. റോക്കറ്റ് എഞ്ചിന്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞൂ. ചന്ദ്രയാന്റെ സ്പീഡ് കുറയുന്നുണ്ടോ.. ഉണ്ട്.. ഉണ്ട്.. ഉണ്ട്.....ഇതാ പതുക്കെപതുക്കെ നമ്മുടെ ഭൂമി ചന്ദ്രന്റെ പിന്നിലേക്ക് മാറുന്നത് കാണുന്നു. അതിനര്‍ത്ഥം ചന്ദ്രയാന്‍ ചന്ദ്രനുചുറ്റുമുള്ള പാതയിലേക്ക് എത്തിക്കഴിഞ്ഞൂ എന്നാണ്. അതേ, നമ്മുടെ ശാസ്ത്രജ്ഞര്‍ അതു നേടിക്കഴിഞ്ഞു. ചന്ദ്രന്റെ ചുറ്റും ഞങ്ങള്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കി.


ഇവിടെനിന്ന് താഴോട്ട് നോക്കുമ്പോള്‍ അങ്ങ് നൂറുകിലോമീറ്റര്‍ താഴെ ചന്ദ്രോപരിതലം കാണാം. കാണാന്‍ യാതൊരു ഭംഗിയുമില്ലാത്ത ഒരു തരിശുനിലം. എതോ നിഗൂഢമായൊരു ഏകാന്തതയും ഭയവും തോന്നുന്ന ഒരു മരുഭൂമി. സമുദ്രമോ, മരങ്ങളോ, അന്തരീക്ഷമോ, ജീവന്റെ അംശമോ ഇല്ലാത്ത കുണ്ടുകളും കുഴികളും കലകളും നിറഞ്ഞ ഒരു മുഖം. ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് മൂണ്‍ ഇമ്പാക്റ്റ് പ്രോബ് കൃത്യമായി താഴെ വീഴിക്കുകയാണ് അടുത്തലക്ഷ്യം. എം.ഐ.പി ചന്ദ്രോപരിതലത്തിലേക്ക് നോക്കുന്ന രീതിയില്‍ മാതൃവാഹനം തിരിച്ചു. ഇതാ എം.ഐ.പി താഴേക്കുള്ള പതനം ആരംഭിച്ചു കഴിഞ്ഞു. ഞങ്ങളില്‍ നിന്നും അത് അകന്നകന്ന് താഴേക്ക് പതിക്കുകയാണ്. നീണ്ടുവളഞ്ഞ ഒരു പാതയിലൂടെയാണ് അത് താഴേക്ക് പതിക്കുന്നത്. പോകുന്ന പോക്കില്‍ അനേകം വീഡിയോ ചിത്രങ്ങള്‍ അത് മാതൃപേടകത്തിലേക്ക് അയയ്ക്കുന്നുണ്ട്. ഇന്ത്യന്‍ പതാ‍ക അതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രിയ പ്രേക്ഷകരേ, ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷങ്ങളാണിവ. അമേരിക്കക്കും, റഷ്യയ്ക്കും, ചൈനയ്ക്കും ശേഷം നാലാമതായി ഒരു മനുഷ്യനിര്‍മ്മിത വസ്തു ചന്ദ്രനില്‍ എത്തിച്ചിരിക്കുന്ന രാജ്യം നമ്മൂടേതാണ്.
എം.ഐ.പി അങ്ങുതാഴെ എത്താറായി. ചന്ദ്രന്റെ ദക്ഷിണധൃവം അങ്ങു ദൂരെക്കാണാം. അതേ, അവിടേക്ക് തന്നെയാണ് അത് പതിക്കുന്നത്. മണിക്കൂറില്‍ ആറായിരത്തോളം കിലോമീറ്റര്‍ വേഗതയില്‍ നമ്മുടെ എം.ഐ.പി താഴെപതിച്ചുകഴിഞ്ഞു. അങ്ങനെ വിജയകരമായി പര്യവസാനിച്ച ഈ ദൌത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരാ‍യിരം അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും, കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഇരുന്നുകൊണ്ട് റേഡീയോയിലൂ‍ടെ ഞങ്ങളെ ശ്രവിക്കുന്ന നിങ്ങള്‍ക്കോരോരുത്തര്‍ക്കും അമ്പിളിയില്‍ നിന്നോരോ ആശംസകള്‍ നേര്‍ന്നുകൊണ്ടും ഞങ്ങള്‍ സ്റ്റുഡിയോയിലേക്ക് മടങ്ങുന്നു. നന്ദി. നമസ്കാരം.

Read more...

Blog Archive

ജാലകം
Header photo image : www.dualmonitorbackgrounds.com/science-fiction/DreamyWorld2nd.jpg.html

  © Blogger template Blogger Theme by Ourblogtemplates.com 2008

Back to TOP